വാഹനങ്ങള്‍ തിരികെക്കിട്ടിയാലും കേസ് തുടരും; വീണ്ടും പിടിയിലായാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല, കാത്തിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകള്‍

ലോക്ക്ഡൗണ്‍ ലംഘനത്തിന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഉടമകള്‍ക്ക് തിരികെ ലഭിക്കുമെങ്കിലും കേസ് നടപടികള്‍ തുടരും.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘനത്തിന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഉടമകള്‍ക്ക് തിരികെ ലഭിക്കുമെങ്കിലും കേസ് നടപടികള്‍ തുടരും. ഐ.പി.സി. ആക്ടും കേരള പൊലീസ് ആക്ടും പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സും പ്രകാരമാകും നടപടികള്‍. ഒരു മാസം മുതല്‍ മൂന്നു കൊല്ലം വരെ തടവുശിക്ഷ ലഭിക്കാവുന്ന വിവിധ വകുപ്പുകളാണ് കേസില്‍ ചുമത്തുന്നത്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ഇതുവരെ 23,000ത്തോളം വാഹനങ്ങളാണ് സംസ്ഥാനത്തൊട്ടാകെ പൊലീസ് പിടിച്ചെടുത്തത്. ആദ്യ ഘട്ടത്തില്‍ വാഹനങ്ങളുടെ എണ്ണം കുറഞ്ഞതിനാല്‍ പൊലീസ് സ്‌റ്റേഷനുകളില്‍ത്തന്നെ സൂക്ഷിക്കുകയായിരുന്നു. വാഹനങ്ങള്‍ അധികമായതോടെയാണ് പൊലീസ് മറ്റു സാധ്യതകളിലേക്കു തിരിഞ്ഞത്.

തിങ്കളാഴ്ച മുതല്‍ പൊലീസ് അറിയിക്കുന്ന മുറയ്ക്ക് ഉടമയ്ക്ക് സ്‌റ്റേഷനിലെത്തി വാഹനം തിരികെ കൊണ്ടുപോകാം. ഇതിനായി ഉടമ സ്‌റ്റേഷനില്‍ നിര്‍ദിഷ്ട ഉദ്യോഗസ്ഥന്‍ മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിക്കണം.

പൊലീസ് എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാക്കാമെന്ന കരാറിലായിരിക്കും വാഹനങ്ങള്‍ വിട്ടുനല്‍കുക. ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തിലായിരിക്കും തിരികെ നല്‍കുക.

നിലവില്‍ നിയമലംഘനത്തിന് ചുമത്തുന്ന വകുപ്പുകള്‍ ഇങ്ങനെയാണ്: ഐ.പി.സി. 188  വകുപ്പു പ്രകാരം ഒരു മാസം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. ഈ നിയമപ്രകാരം പൊലീസിന്റെ ഉത്തരവ് ലംഘിച്ചതിലൂടെ മറ്റൊരാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുകയാണെങ്കില്‍ ആറുമാസത്തെ തടവുവരെ ലഭിക്കാം.

ഐ.പി.സി. 269 ഈ വകുപ്പുപ്രകാരം ആറുമാസത്തെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.കേരള പൊലീസ് ആക്ട് 118(ഇ) മൂന്നുവര്‍ഷം വരെ തടവോ 10,000 രൂപവരെ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് 4(2)(എഫ്),5 കളക്ടറുടെ ഉത്തരവു പ്രകാരമുള്ള വിലക്ക് ലംഘിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവോ 10,000 രൂപവരെ പിഴയോ ലഭിക്കാം.

വിട്ടുകൊടുക്കുന്ന വാഹനങ്ങള്‍ വീണ്ടും പിടിയിലായാല്‍ വകുപ്പ് മാറുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇപ്പോള്‍ പിടിയിലായവര്‍ക്കു ചുമത്തിയിരിക്കുന്നതെല്ലാം ജാമ്യം കിട്ടുന്ന വകുപ്പുകളാണ്. വിട്ടുനല്‍കുന്ന വാഹനങ്ങളുമായി വീണ്ടും പിടിയിലായാല്‍ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമായിരിക്കും കേസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com