കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 13 കോടി സംഭാവന ചെയ്ത് മാതാ അമൃതാനന്ദമയി; സൗജന്യ ചികിത്സ

കോവിഡ്19 രോഗികള്‍ക്ക് കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (അമൃത ആശുപത്രി) സൗജന്യ ചികിത്സ
കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 13 കോടി സംഭാവന ചെയ്ത് മാതാ അമൃതാനന്ദമയി; സൗജന്യ ചികിത്സ

കൊല്ലം: കോവിഡ് 19ന് എതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന് കൈത്താങ്ങായി മാതാ അമൃതാനന്ദമയി മഠം. സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായമായി 13 കോടി രൂപ നല്‍കുമെന്ന് അമൃതാനന്ദമയി മഠം പ്രഖ്യാപിച്ചു.  കേന്ദ്രര്‍ക്കാരിന്റെ പിഎം കെയര്‍സ് ഫണ്ടിലേക്ക് 10 കോടി രൂപയും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നുകോടി രൂപയുമാണ് നല്‍കുക. കോവിഡ്19 രോഗികള്‍ക്ക് കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (അമൃത ആശുപത്രി) സൗജന്യ ചികിത്സയും നല്‍കും.

'ലോകം മുഴുവന്‍ കോവിഡ് ദുരിതത്തില്‍ വേദനിക്കുകയും കരയുകയുമാണ്. എന്റെ ഹൃദയവും ഇത് കണ്ട് വേദനിക്കുന്നു'. മഠം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 'ഈ മഹാമാരിയില്‍ മരണത്തിന് കീഴടങ്ങിയവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുന്നതിന് നമുക്ക് ഒരുമിച്ച് നിന്ന് പ്രാര്‍ത്ഥിക്കാം. അവരുടെ കുടുംബത്തിന് ദു: ഖം താങ്ങാനുള്ള കഴിവ് ദൈവം നല്‍കട്ടെ. ലോകസമാധാനത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം'- കുറിപ്പില്‍ പറയുന്നു

കോവിഡ് ദുരന്തവും അതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളും മൂലം മാനസികസമ്മര്‍ദ്ദവും, വിഷാദവും മറ്റു മാനസിക വെല്ലുവിളികളും അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അമൃത സര്‍വകലാശാലയും, അമൃത ആശുപത്രിയും ചേര്‍ന്ന് ഒരു മാനസികാരോഗ്യ ടെലിഫോണ്‍ സഹായകേന്ദ്രം ആരംഭിച്ചിട്ടുണ്ട്.

മഠത്തിന്റെ കീഴിലുള്ള സര്‍വകലാശാലയായ അമൃത വിശ്വവിദ്യാപീഠത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യമേഖലയിലെ ആവശ്യങ്ങള്‍ക്കായി കുറഞ്ഞ ചെലവിലുള്ള മാസ്‌കുകള്‍, ഗൗണുകള്‍, വെന്റിലേറ്ററുകള്‍, അതിവേഗം തയാറാക്കാനാവുന്ന ഐസൊലേഷന്‍ വാര്‍ഡുകള്‍, മെഡിക്കല്‍ മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍, ക്വാറന്റൈനിലുള്ള രോഗികളെ നിരീക്ഷിക്കുന്നതിനായി സാങ്കേതികവിദ്യകള്‍ എന്നിവ ഒരുക്കുന്നതിനായി വിവിധമേഖലകളില്‍ നിന്നുമുള്ള വിദഗ്ധരുടെ ഒരു സംഘം ഗവേഷണം നടത്തി വരുന്നുണ്ട്. വൈദ്യശാസ്ത്രം, നാനോസയന്‍സ്, നിര്‍മിതബുദ്ധി, ബിഗ് ഡാറ്റ, സെന്‍സര്‍ മാനുഫാക്ചറിംഗ്, മറ്റു ശാസ്ത്രമേഖലകള്‍ എന്നിവയില്‍ നിന്നുമുള്ള 60 വിദഗ്ധരാണ് ഈ സംഘത്തിലുള്ളത്.

2005 മുതല്‍ ദുരിതാശ്വാസത്തിനായി ഇതുവരെ 500 കോടിയിലധികം രൂപയാണ് മാതാ അമൃതാനന്ദമയി മഠം ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. സാമ്പത്തിക സഹായം, ഗാര്‍ഹിക വസ്തുക്കളുടെ വിതരണം, വൈദ്യസഹായം, ഭവനപുനര്‍നിര്‍മ്മാണം തുടങ്ങിയവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നതായും മഠം ഇറക്കിയ കുറിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com