ജില്ലാന്തര യാത്രകളില്‍ ഇളവ് വേണ്ടെന്ന് ധാരണ; ലോക്ക്ഡൗണ്‍ അയവ് വരുത്തുന്നതില്‍ തീരുമാനമായില്ല

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവ് വരുത്തുന്നതില്‍ തീരുമാനം നീളുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലും ഇത് സംബന്ധിച്ച് തീരുമാനമായില്ല.
ജില്ലാന്തര യാത്രകളില്‍ ഇളവ് വേണ്ടെന്ന് ധാരണ; ലോക്ക്ഡൗണ്‍ അയവ് വരുത്തുന്നതില്‍ തീരുമാനമായില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവ് വരുത്തുന്നതില്‍ തീരുമാനം നീളുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലും ഇത് സംബന്ധിച്ച് തീരുമാനമായില്ല. ബുധനാഴ്ച വീണ്ടും മന്ത്രിസഭ ചേരും. കേന്ദ്ര നിര്‍ദേശം ലഭിച്ചതിന് ശേഷമാകും ലോക്ക്ഡൗണ്‍ ഇളവില്‍ അന്തിമ തീരുമാനം.

അതേസമയം, ജില്ലാന്തര യാത്രകളില്‍ ഇളവ് വേണ്ടെന്ന് മന്ത്രിസഭായോഗത്തില്‍ ധാരണയായി. രോഗം തിരിച്ചുവരാന്‍ സാധ്യതയുള്ളതാനാല്‍ കര്‍ശന നിയന്ത്രണം തുടരണം എന്നാണ് തീരുമാനം. 

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നേരത്ത പറഞ്ഞിരുന്നു.സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ഇന്നലെ ഒരാള്‍ക്ക് പോലും പുതുതായി രോഗം കണ്ടെത്താതിരുന്നത് ആശ്വാസം നല്‍കുന്നതാണ്. ഇന്ന് കുറെപ്പേര്‍ക്ക് കൂടി രോഗം ഭേദമാകുമെന്നും ആരോഗ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

എങ്കിലും പൂര്‍ണമായി ആശ്വാസമായി എന്ന് പറയാന്‍ കഴിയുകയില്ല. ഇതര
സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്കയുളവാക്കുന്നുണ്ട്. എല്ലായിടത്തും രോഗബാധിതരുടെ എണ്ണം കുറഞ്ഞാല്‍ മാത്രമേ പൂര്‍ണമായി ആശ്വാസം ലഭിക്കുകയുളളൂ. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും ഇതിന് വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സംശയം ഉളളവരെ മുഴുവന്‍ ക്വാറന്റൈന്‍ ചെയ്യാന്‍ സാധിച്ചു. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ മുഴുവന്‍ കണ്ടെത്താന്‍ സാധിച്ചു. നേരിയ രോഗലക്ഷണങ്ങള്‍ ഉളളവരെ പോലും പരിശോധനയ്ക്ക് വിധേയമാക്കി. എങ്കിലും കോണ്‍ടാക്ട് ട്രേസിങ്ങില്‍ ഒരു കണ്ണി വിട്ടുപോകാം. അതില്‍ നിന്ന് കുറച്ച് കേസുകള്‍ ഉണ്ടാകാനുളള സാധ്യത തളളി കളയാന്‍ സാധിക്കുകയില്ല. അത്തരം ഭയം ഉണ്ട്. എങ്കിലും നിലവില്‍ ഫലപ്രദമായി കോണ്‍ടാക്ട് ട്രേസിങ് നടത്താന്‍ സാധിച്ചിട്ടുണ്ട് എന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

10 രോഗബാധിതരെ കണ്ടെത്തുമ്പോള്‍ 1000 കേസുകള്‍ മുന്‍കൂട്ടി കണ്ടുളള തയ്യാറെടുപ്പുകളാണ് നടത്തിയത്. കിറ്റ് കിട്ടുന്ന മുറയ്ക്ക് ആന്റി ബോഡി ടെസ്റ്റ് ആരംഭിക്കും. ഇതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാം തയ്യാറാക്കി കഴിഞ്ഞു. മുന്‍ഗണന അനുസരിച്ച്് ആന്റി ബോഡി ടെസ്റ്റ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com