'ഞാന്‍ ഓടിളക്കി വന്നതല്ല; ആ പരിപ്പ് കുറ്റ്യാടിയില്‍ വേവില്ല'; സിപിഎം നേതാക്കള്‍ക്ക് മറുപടിയുമായി എംഎല്‍എ

കോവിഡ് പ്രോട്ടോക്കോളും സത്യപ്രതിജ്ഞാലംഘനവും നടത്തിയ എംഎല്‍.എക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഎം
'ഞാന്‍ ഓടിളക്കി വന്നതല്ല; ആ പരിപ്പ് കുറ്റ്യാടിയില്‍ വേവില്ല'; സിപിഎം നേതാക്കള്‍ക്ക് മറുപടിയുമായി എംഎല്‍എ

കോഴിക്കോട്: തനിക്കെതിരെ സിപിഎം നുണപ്രചാരണം നടത്തുകയാണെന്ന് മുസ്ലീംലീഗ് എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ള. കോവിഡുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞ ഒരു വാചകം എടുത്ത് തനിക്കെതിരെ ഉപയോഗിക്കുയാണ്. മഹല്ല് എന്നതിന്റെ അര്‍ത്ഥം സബ്ഡിവിഷന്‍ എന്നാണ്. ആ അര്‍ത്ഥത്തിലാണ് ആ വാക്ക് ഉപയോഗിച്ചതെന്ന് എംഎല്‍എ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.

പൊതുസമൂഹം ഒറ്റക്കെട്ടായി നിന്നതിലൂടെ കോവിഡിനെ പ്രതിരോധിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഗള്‍ഫില്‍ നിന്ന് പ്രവാസികള്‍ തിരിച്ചെത്തുമ്പോള്‍ അവര്‍ക്ക് ക്വാറന്റൈനില്‍ പോകാന്‍ ആവശ്യമായ ഇടം കണ്ടെത്തണമെന്നാണ് ചര്‍ച്ചയ്ക്കിടെ പറഞ്ഞത്. അതിന് മുസ്സീം ലീഗ് പ്രവര്‍ത്തകര്‍ നേതൃത്വമേറ്റെടുത്ത് മഹല്ല് വഴിയാവണമെന്നും. ഇതാണ് അടര്‍ത്തിമാറ്റി പ്രചരിപ്പിക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി തന്നെ മതനേതാക്കന്‍മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മഹമാരി തടയുന്നതിന്റെ ഭാഗമായി അങ്ങനെയൊക്കെ ചെയ്യേണ്ടിവരും. ഇവിടെ സിപിഎം പറയുന്നത് രാഷ്ട്രീയമാണ്. അവരോട പറയാനുള്ളത് ഈ പരിപ്പ് കുറ്റ്യാടിയില്‍ വേവില്ല എന്നാണ്. വര്‍ഗീയമായി പ്രചാരണം നടത്തുന്ന സിപിഎം നേതാക്കള്‍ക്കതിരെയാണ് കേസെടുക്കേണ്ടത്.. തോറ്റുപോയി എന്നത് നിങ്ങള്‍ ഉള്‍ക്കൊള്ളണം. എന്നെ ജനം തെരഞ്ഞെടുത്താതാണെന്നും ഞാന്‍ ഓടിളക്കിവന്നതല്ലെന്നും ചില സിപിഎം നേതാക്കള്‍ മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കുറ്റിയാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളയുടെ ഒരു ശബ്ദസന്ദേശം അങ്ങേയറ്റം വിഭാഗീയത പടര്‍ത്തുന്നതും അപലപനീയവുമാണെന്നാണ് സിപിഎം പറയുന്നത്. കോവിഡ് പ്രോട്ടോക്കോളും സത്യപ്രതിജ്ഞാലംഘനവും നടത്തിയ എംഎല്‍.എക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് സിപിഎം ആവശ്യം

മഹല്ലടിസ്ഥാനത്തില്‍ പ്രവാസികളുടെ കണക്കെടുക്കണമെന്നും ഡാറ്റയുണ്ടാക്കണമെന്നുമാണ് എം.എല്‍.എ ആവശ്യപ്പെടുന്നത്. എല്ലാ മതങ്ങളിലും വിഭാഗങ്ങളിലും പെട്ട പ്രവാസികളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനായ ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ് സങ്കുചിതമായരീതിയില്‍ കണക്കെടുക്കണമെന്ന നിര്‍ദ്ദേശം. അങ്ങേയറ്റം കുറ്റകരമായ വിഭാഗീയപ്രവര്‍ത്തനമാണിത്. എം.എല്‍.എ എന്ന നിലയില്‍ എടുത്തിട്ടുള്ള സത്യപ്രതിജ്ഞയുടെ നഗ്‌നമായ ലംഘനവുമാണിത്. മാത്രമല്ല ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശാനുസരണം നമ്മുടെ രാജ്യവും സംസ്ഥാനവും അംഗീകരിച്ചു പാലിക്കുന്ന കോവിഡ് പ്രതിരോധ പ്രോട്ടോക്കോളിന് വിരുദ്ധവുമാണ് സാമുദായികമായ വിഭാഗീയത സൃഷ്ടിക്കുന്ന ഈ ശബ്ദസന്ദേശമെന്നും സിപിഎം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com