ദുരിത യാത്രയ്‌ക്ക്‌ അറുതി, അതിര്‍ത്തിയില്‍ കുടുങ്ങിയ ഗര്‍ഭിണിയോട്‌ കനിഞ്ഞ്‌ അധികൃതര്‍; മുത്തങ്ങ ചെക്ക്‌പോസ്‌റ്റ്‌ വഴി കടത്തി വിടും

ബംഗളൂരുവില്‍ നിന്ന്‌ മുത്തങ്ങ ചെക്ക്‌പോസ്‌റ്റില്‍ എത്തിയ യുവതി ആറ്‌ മണിക്കൂറോളമാണ്‌ ഇവിടെ കുടുങ്ങി കിടന്നത്‌
ദുരിത യാത്രയ്‌ക്ക്‌ അറുതി, അതിര്‍ത്തിയില്‍ കുടുങ്ങിയ ഗര്‍ഭിണിയോട്‌ കനിഞ്ഞ്‌ അധികൃതര്‍; മുത്തങ്ങ ചെക്ക്‌പോസ്‌റ്റ്‌ വഴി കടത്തി വിടും

കല്‍പ്പറ്റ: കര്‍ണാടക അധികൃതരുടെ അനുമതി ഉണ്ടായിട്ടും കേരളത്തിലേക്ക്‌ കടക്കാനായി മുത്തങ്ങ ചെക്ക്‌പോസ്‌റ്റില്‍ മണിക്കൂറുകളോളം കാത്തുകിടന്ന്‌ തിരിച്ചുപോവേണ്ടി വന്ന ഗര്‍ഭിണിയോട്‌ കനിഞ്ഞ്‌ അധികൃതര്‍. മുത്തങ്ങ ചെക്ക്‌പോസ്‌റ്റ്‌ വഴി കടത്തി വിടാമെന്ന്‌ ജില്ലാ ഭരണകൂടം അറിയിച്ചു. യുവതിക്ക്‌ അതേ വാഹനത്തില്‍ തന്നെ നാട്ടിലേക്ക്‌ എത്താം. ഇത്‌ സംബന്ധിച്ച്‌ കണ്ണൂര്‍ കളക്ടറേറ്റില്‍ നിന്ന്‌ ഉടന്‍ ഉത്തരവിറങ്ങും.

9 മാസം  ഗര്‍ഭിണിയായ തലശേരി സ്വദേശി ഷിജിലക്കാണ്‌ മണിക്കൂറുകളോളം അതിര്‍ത്തിയില്‍ കാത്തുകിടന്നതിന്‌ ശേഷം മടങ്ങി പോവേണ്ടി വന്നത്‌. ചെക്ക്‌പോസ്‌റ്റ്‌ കടത്തി വിടാതിരുന്നതോടെ ഇവര്‍ മൈസൂരിലെ ബന്ധുവീട്ടിലേക്ക്‌ തിരിച്ചു. എന്നാല്‍ മടങ്ങുന്നതിന്‌ ഇടയില്‍ വഴിതെറ്റിയതോടെ രാത്രി മുഴുവന്‍ ഇവര്‍ക്ക്‌ കാറില്‍ കഴിയേണ്ടി വന്നു. സംഭവം വാര്‍ത്തയായതോടെ ജില്ലാ ഭരണകൂടം യുവതിക്ക്‌ തുണയായി എത്തി..

ബംഗളൂരുവില്‍ നിന്ന്‌ മുത്തങ്ങ ചെക്ക്‌പോസ്‌റ്റില്‍ എത്തിയ യുവതി ആറ്‌ മണിക്കൂറോളമാണ്‌ ഇവിടെ കുടുങ്ങി കിടന്നത്‌. അതിര്‍ത്തി കടത്തിവിടാന്‍ ചെക്ക്‌പോസ്‌റ്റിലെ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. കണ്ണൂര്‍ കളക്ടറേറ്റില്‍ നിന്ന്‌ ചെക്ക്‌പോസ്‌റ്റ്‌ കടത്തി വിടാനുള്ള അനുമതി കത്ത്‌ അയച്ചു എന്നറിയിച്ചതിനെ തുടര്‍ന്നാണ്‌ മുത്തങ്ങ ചെക്ക്‌പോസ്‌റ്റില്‍ എത്തിയത്‌.

എന്നാല്‍ കണ്ണൂര്‍ കളക്ടറേറ്റില്‍ നിന്ന്‌ അനുമതി കത്ത്‌ ലഭിച്ചിട്ടില്ലെന്ന്‌ ചെക്ക്‌പോസ്‌റ്റിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചെക്ക്‌പോസ്‌റ്റില്‍ വെച്ച്‌ മോശമായാണ്‌ ഉദ്യോഗസ്ഥര്‍ പെരുമാറിയത്‌ എന്ന്‌ ഷിജിലയും ഭര്‍ത്താവും ആരോപിക്കുന്നു. കര്‍ണാടക അധികൃതര്‍ നല്‍കിയ യാത്ര അനുമതി ഇവരുടെ കയ്യിലുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com