മുഖ്യമന്ത്രി ഇടപെട്ടു ; അതിര്‍ത്തിയില്‍ കുടുങ്ങിയ ഗര്‍ഭിണിയ്ക്ക് കണ്ണൂരിലേക്ക് പോകാന്‍ അനുമതി

9 മാസം  ഗര്‍ഭിണിയായ തലശേരി സ്വദേശി ഷിജിലക്കാണ് മണിക്കൂറുകളോളം അതിര്‍ത്തിയില്‍ കാത്തുകിടന്നതിന് ശേഷം മടങ്ങി പോവേണ്ടി വന്നത്
മുഖ്യമന്ത്രി ഇടപെട്ടു ; അതിര്‍ത്തിയില്‍ കുടുങ്ങിയ ഗര്‍ഭിണിയ്ക്ക് കണ്ണൂരിലേക്ക് പോകാന്‍ അനുമതി

കല്‍പ്പറ്റ: കര്‍ണാടക അധികൃതരുടെ അനുമതി ഉണ്ടായിട്ടും കേരളത്തിലേക്ക് കടക്കാന്‍ അനുമതി ലഭിക്കാതെ അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ കുടുങ്ങിയ ഗര്‍ഭിണിയ്ക്ക് സഹായവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗര്‍ഭിണിയെ അവരുടെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രി വയനാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. അതേസമയം ഗര്‍ഭിണിയ്‌ക്കൊ ഒപ്പമുള്ള കുട്ടിയുടെയും ബന്ധുവിന്റെയും കാര്യത്തില്‍ തീരുമാനമായില്ല.

9 മാസം  ഗര്‍ഭിണിയായ തലശേരി സ്വദേശി ഷിജിലക്കാണ് മണിക്കൂറുകളോളം അതിര്‍ത്തിയില്‍ കാത്തുകിടന്നതിന് ശേഷം മടങ്ങി പോവേണ്ടി വന്നത്. ചെക്ക്‌പോസ്റ്റ് കടത്തി വിടാതിരുന്നതോടെ ഇവര്‍ മൈസൂരിലെ ബന്ധുവീട്ടിലേക്ക് തിരിച്ചു. എന്നാല്‍ മടങ്ങുന്നതിന് ഇടയില്‍ വഴിതെറ്റിയതോടെ രാത്രി മുഴുവന്‍ ഇവര്‍ക്ക് കാറില്‍ കഴിയേണ്ടി വന്നു.

സംഭവം വാര്‍ത്തയായതോടെ ജില്ലാ ഭരണകൂടം യുവതിയെ കടത്തിവാടാമെന്ന് സമ്മതിച്ചു. എന്നാല്‍ കൂടെയുള്ളവരെ കടത്തിവിടാന്‍ സമ്മതിക്കാതിരുന്നതോടെ യുവതി ഈ നിര്‍ദേശം തള്ളിയത് പ്രതിസന്ധിയായി. മുഖ്യമന്ത്രിയുടെ ഓഫീസിന്‍രെ ഇടപെടലിനെ തുടര്‍ന്ന് ഗര്‍ഭിണി നാട്ടിലേക്ക് പോകാന്‍ തയ്യാറായതായാണ് സൂചന. നാട്ടില്‍ ഗര്‍ഭിണിയെ ക്വാറന്റീനില്‍ പാര്‍പ്പിക്കും. കുട്ടിയെയും ബന്ധുവിനെയും അവര്‍ ഇപ്പോഴുള്ള സ്ഥലത്തുതന്നെ ക്വാറന്റീനിലാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബംഗളൂരുവില്‍ നിന്ന് മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ എത്തിയ യുവതി ആറ് മണിക്കൂറോളമാണ് ഇവിടെ കുടുങ്ങി കിടന്നത്. അതിര്‍ത്തി കടത്തിവിടാന്‍ ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. കണ്ണൂര്‍ കളക്ടറേറ്റില്‍ നിന്ന് ചെക്ക്‌പോസ്റ്റ് കടത്തി വിടാനുള്ള അനുമതി കത്ത് അയച്ചു എന്നറിയിച്ചതിനെ തുടര്‍ന്നാണ് മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ എത്തിയത്.

എന്നാല്‍ കണ്ണൂര്‍ കളക്ടറേറ്റില്‍ നിന്ന് അനുമതി കത്ത് ലഭിച്ചിട്ടില്ലെന്ന് ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചെക്ക്‌പോസ്റ്റില്‍ വെച്ച് മോശമായാണ് ഉദ്യോഗസ്ഥര്‍ പെരുമാറിയത് എന്ന് ഷിജിലയും ഭര്‍ത്താവും ആരോപിക്കുന്നു. കര്‍ണാടക അധികൃതര്‍ നല്‍കിയ യാത്ര അനുമതി ഇവരുടെ കയ്യിലുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com