'സംസ്ഥാനങ്ങള്‍ക്ക് അഭിനന്ദനം പോരാ, പണം വേണം'; ജനങ്ങള്‍ പട്ടിണിയുടെ വക്കില്‍, ഉപജീവനം ഉറപ്പാക്കണമെന്ന് തോമസ് ഐസക്ക്

 കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയതോടെ, ആവശ്യമായ പണവും ഭക്ഷണവും എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക്
'സംസ്ഥാനങ്ങള്‍ക്ക് അഭിനന്ദനം പോരാ, പണം വേണം'; ജനങ്ങള്‍ പട്ടിണിയുടെ വക്കില്‍, ഉപജീവനം ഉറപ്പാക്കണമെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം:  കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയതോടെ, ആവശ്യമായ പണവും ഭക്ഷണവും എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജനങ്ങളില്‍ പലരും പട്ടിണിയുടെ വക്കിലാണ്. ഉപജീവനം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് ഐസക്ക് മാധ്യമങ്ങളോട് പറഞ്ഞു.

ജനങ്ങളുടെ ഉപജീവനമാര്‍ഗം ഉറപ്പുവരുത്താതെ, ലോക്ക്ഡൗണ്‍ നീട്ടല്‍ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുകയില്ല. നിയന്ത്രണങ്ങള്‍ പാലിക്കണമെന്നത് ഉള്‍പ്പെടെയുളള കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനം പൂര്‍ണ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതേസമയം തന്നെ സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനും നടപടികള്‍ സ്വീകരിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. ലോക്ക്ഡൗണ്‍ നിയന്ത്രണം പാലിക്കുന്നതില്‍ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. സംസ്ഥാനങ്ങള്‍ക്ക് അഭിനന്ദനം പോരാ, പണമാണ് ആവശ്യമെന്ന് തോമസ് ഐസക്ക് ഓര്‍മ്മിപ്പിച്ചു.

ആദ്യ ലോക്ക്ഡൗണില്‍ കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് പോയി. എന്നാല്‍ ഇപ്പോള്‍ ജനങ്ങളില്‍ പലരും പട്ടിണിയുടെ വക്കിലാണ്. ഇവരുടെ ഉപജീവനം ഉറപ്പുവരുത്തണമെന്ന് തോമസ് ഐസക്ക് ആവശ്യപ്പെട്ടു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ ജോലിയുടെ അടിസ്ഥാനത്തില്‍ പകുതി പണം അക്കൗണ്ടില്‍ ഇട്ടു കൊടുക്കണം. മുന്‍കൂറായി നല്‍കിയാല്‍ മതി. ഇത് തൊഴിലാളികള്‍ക്ക് ആശ്വാസമാകുമെന്ന് തോമസ് ഐസക്ക് പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കേരളത്തെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു വരികയാണ്. എന്നാല്‍ തൊട്ടടുത്തെ സംസ്ഥാനങ്ങളിലെ അവസ്ഥ ആശങ്കജനകമാണ്. രോഗ വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണ്‍ നീട്ടിയതിന് സമാന്തരമായി പരിശോധന സംവിധാനവും ശക്തമാക്കണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു. നിലവില്‍ രോഗം കണ്ടെത്തുന്നതിനുളള പരിശോധനയുടെ കാര്യത്തില്‍ ഇന്ത്യ ഏറെ പിന്നിലാണ്. ഇതില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. റിസര്‍വ് ബാങ്കില്‍ നിന്ന് പണം ലഭ്യമാക്കി സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുളള നടപടികള്‍ സ്വീകരിക്കണം. സംസ്ഥാനത്ത് ഇളവുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ നാളെ കേന്ദ്രം പുറത്തിറക്കുന്ന മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com