സ്‌കൂളുകളും കോളജുകളും തുറക്കാന്‍ വൈകും;  ഓണ്‍ലൈന്‍ പരീക്ഷകള്‍ ഒബ്ജക്ടീവ് തരത്തില്‍

മെയ് രണ്ടാം വാരമടക്കം നടക്കേണ്ട പരീക്ഷകള്‍ അതാത് സമയത്ത് തന്നെ നടത്താനാണ് ആലോചിക്കുന്നത്
സ്‌കൂളുകളും കോളജുകളും തുറക്കാന്‍ വൈകും;  ഓണ്‍ലൈന്‍ പരീക്ഷകള്‍ ഒബ്ജക്ടീവ് തരത്തില്‍

തിരുവനന്തപുരം: മെയ് മൂന്നിന് ശേഷം സര്‍വകലാശാല പരീക്ഷകള്‍ നടത്തുന്ന കാര്യം ആലോചിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍. മെയ് രണ്ടാം വാരമടക്കം നടക്കേണ്ട പരീക്ഷകള്‍ അതാത് സമയത്ത് തന്നെ നടത്താനാണ് ആലോചിക്കുന്നത്. അന്തിമതീരുമാനം നാളെ തിരുവനന്തപുരത്ത് നടക്കുന്ന വൈസ്ചാന്‍ലര്‍മാരുടെ യോഗത്തില്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു. മെയ് ഒന്നാം വാരത്തിന് ശേഷവും ലോക്ക് ഡൗണ്‍ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചാല്‍ തീരുമാനത്തില്‍ മാറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും തുറക്കാന്‍ വൈകുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ജൂണ്‍ ഒന്നിന് തുറക്കാനാകുമെന്ന് പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു. വൈകാതെ സര്‍വകലാശാലകള്‍ പുതുക്കിയ അക്കാദമിക് കലണ്ടറുകള്‍ പ്രസിദ്ധീകരിക്കും. അസാപിന്റെ നേതൃത്വത്തില്‍ നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുകയാണ്. ഗവേഷകവിദ്യാര്‍ത്ഥികള്‍ക്ക് ലൈബ്രറികള്‍ തുറന്നുകൊടുക്കാനാകുമോ എന്ന് പരിശോധിക്കും. അതില്‍ വൈസ് ചാന്‍സലര്‍മാരുമായി ചര്‍ച്ച ചെയ്ത് അന്തിമതീരുമാനത്തിലെത്താമെന്നും കെ ടി ജലീല്‍ വ്യക്തമാക്കി.

നിലവില്‍ കണ്ണൂര്‍ സര്‍വകലാശാല യുജി, പിജി പരീക്ഷകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്. അവിടെ മൂല്യനിര്‍ണയമാണ് നടക്കാന്‍ ബാക്കിയുള്ളത്. കോഴിക്കോട് സര്‍വകലാശാലയില്‍ യുജി പരീക്ഷകള്‍ നടന്നു, പിജി പരീക്ഷകള്‍ നടക്കാന്‍ ബാക്കിയുണ്ട്. കേരള സര്‍വകലാശാലയിലാണ് വിവിധ യുജി പരീക്ഷകള്‍ ബാക്കിയുള്ളത്. പ്രത്യേകിച്ച് യുജി അവസാന സെമസ്റ്റര്‍ പരീക്ഷകള്‍.

ഈ പരീക്ഷകള്‍ മെയ് മൂന്നിന് ശേഷം തന്നെ നടത്താനാണ് തീരുമാനം. ഓണ്‍ലൈനായി പരീക്ഷകള്‍ നടത്തുന്നതിന് നിലവില്‍ സാങ്കേതിക പരിമിതികളുണ്ട്. നടത്തുകയാണെങ്കില്‍ ഒബ്ജക്റ്റീവ് രീതിയില്‍ നടത്തേണ്ടി വരും. വിശദമായി ഉത്തരമെഴുതേണ്ട ചോദ്യങ്ങള്‍ വേണ്ട പരീക്ഷകളില്‍ എന്ത് ചെയ്യാനാകുമെന്നാണ് ആലോചിക്കുന്നത്  മന്ത്രി പറഞ്ഞു.

ഓണ്‍ലൈന്‍ മൂല്യനിര്‍ണയം നടത്താനാകുമോ എന്ന കാര്യവും പരിശോധിച്ച് വരികയാണെന്ന് മന്ത്രി വ്യക്തമാക്കി. നിലവില്‍ കേന്ദ്രീകൃതമൂല്യനിര്‍ണയങ്ങളെല്ലാം നിര്‍ത്തി വച്ചിരിക്കുകയാണ്. ഹോം ഇവാല്യുവേഷന്‍ മാത്രമാണ് നടക്കുന്നത്. അതിനാല്‍ വീട്ടിലേക്ക് ഉത്തരക്കടലാസുകള്‍ ഓണ്‍ലൈനായി എത്തിക്കുന്നതിന്റെ സാധ്യത പരിശോധിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com