'16 ദിവസമായി ഒരു കോവിഡ് കേസുപോലുമില്ല; വയനാട് ജില്ല എന്റെ മണ്ഡലമെന്നതില്‍ അഭിമാനിക്കുന്നു'; രാഹുല്‍ ഗാന്ധി

അവരുടെ ആത്മസമര്‍പ്പണത്തിനും കഠിനാദ്ധ്വാനത്തിനും എന്റെ സല്യൂട്ട്
'16 ദിവസമായി ഒരു കോവിഡ് കേസുപോലുമില്ല; വയനാട് ജില്ല എന്റെ മണ്ഡലമെന്നതില്‍ അഭിമാനിക്കുന്നു'; രാഹുല്‍ ഗാന്ധി


കൊച്ചി: കഴിഞ്ഞ 16 ദിവസമായി ഒരു കോവിഡ് 19 കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലയായ് മാറിയ വയനാടിനെ കുറിച്ച് അഭിമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. കോവിഡിനെതിരെയുള്ള പ്രതിരോധത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വയനാടിന്റെ ചെറുത്തുനില്‍പ്പിനെ ഫെയ്‌സ്ബുക്കിലൂടെയാണ് രാഹുല്‍ ഗാന്ധി അഭിനന്ദനം അറിയിച്ചത്. തന്റെ മണ്ഡലത്തെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും പ്രതിരോധ രംഗത്ത് സജീവമായി നിന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കലക്ടര്‍ക്കുമടക്കം സല്യൂട്ട് ചെയ്യുന്നതായും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'വയനാട് ജില്ല എന്റെ മണ്ഡലത്തിലാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വയനാട് മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ വ്യക്തമാക്കിയിരിക്കുന്നു. കഴിഞ്ഞ 16 ദിവസത്തിനിടെ ഒരു കോവിഡ് കേസ് പോലും വയനാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലാ കളക്ടര്‍, എസ്.പി, ഡി.എം.ഒ, ജില്ല ഭരണകൂടം എന്നിവരാണ് ഈ നേട്ടത്തിന് പിന്നില്‍. അവരുടെ ആത്മസമര്‍പ്പണത്തിനും കഠിനാദ്ധ്വാനത്തിനും എന്റെ സല്യൂട്ട് .'  രാഹുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യത്തെ 25 ജില്ലകളില്‍ ഒന്നായി വയനാടും ഇടം പിടിച്ചിരുന്നു. നിലവില്‍ കോവിഡ് സ്ഥിരീകരിച്ച ഒരാള്‍ മാത്രമാണ് ജില്ലയില്‍ ചികിത്സയില്‍ ഉള്ളത്. മാര്‍ച്ച് 30നാണ് വയനാട്ടില്‍ അവസാനമായി ഒരു കോവിഡ് കേസ് സ്ഥിരീകരിക്കുന്നത്. ജില്ലയില്‍ ഏപ്രില്‍ എട്ടിന് കോവിഡ്മുക്തരായി രണ്ടുപേര്‍ ആശുപത്രി വിട്ടിരുന്നു. കോവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളുടെ രോഗമുക്തി നിരക്കില്‍ നിലവില്‍ കേരളമാണ് മുന്നില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com