കേന്ദ്രം സംസ്ഥാനങ്ങള്‍ക്കുള്ള കൂടുതല്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നീട്ടിയിട്ടും സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
കേന്ദ്രം സംസ്ഥാനങ്ങള്‍ക്കുള്ള കൂടുതല്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നീട്ടിയിട്ടും സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധനസഹായം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പിണറായി പറഞ്ഞു. കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഏതൊക്കെ വിധത്തിലാണ് നടപ്പാക്കുകയെന്നത് നാളെ ചേരുന്ന കാബിനറ്റ് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പരിശോധന നല്ല നിലയില്‍ നടക്കുകയാണ്. അതിന്റെ എണ്ണം അടിയന്തരമായി വര്‍ധിപ്പിക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നല്ലരീതിയില്‍ നടത്തിക്കൊണ്ടുപോകാനാണ് ആലോചിക്കുന്നത്. നിയന്ത്രണങ്ങളില്‍ കുറവ് വന്നാല്‍ രോഗവ്യാപന സാധ്യത വര്‍ധിക്കുമെന്നാണ് കാണുന്നത്. അതുവെച്ച നമ്മുടെ ജാഗ്രത ശക്തമായി തുടരണം. വിദേശരാജ്യങ്ങളില്‍ കൂടുതല്‍ ക്വാറന്റൈന്‍ തുടങ്ങും എന്നറിയാന്‍ കഴിഞ്ഞിട്ടുണ്ട്. യുഎഈയിലെ പ്രവാസികള്‍ക്കായി ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇത് പ്രവാസി സമൂഹത്തിന് ആശ്വാസമാകുമെന്ന് പിണറായി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് പുതുതായി ഒരാള്‍ക്ക് കൂടിയാണ് കോവിഡ് സ്ഥിരികരിച്ചത്. കണ്ണൂര്‍ സ്വദേശിയാണ്. സമ്പര്‍ക്കം മൂലമാണ് ഇയാള്‍ക്ക രോഗം വന്നത്. ഇന്ന ഏഴുപേരുടെ ഫലം നെഗറ്റീവായി. കാസര്‍കോട് നാല്, കോഴിക്കോട് രണ്ട്, കൊല്ലം ഒന്ന് എന്നിങ്ങനെയാണ്. ഇതുവരെ 387 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. 167 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 97,464 പേരാണ്. 96, 942 പേര്‍ വീടുകൡലാണ്. 522 പേര്‍ ആശുപത്രിയിലാണ്. ഇന്ന് മാത്രം 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 16,475 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 16,002 എണ്ണം രോഗബാധയില്ല. രോഗബാധയുണ്ടായ 387 പേരില്‍ 264 പേര്‍ വിദേശത്തുനിന്നും വന്നവരാണ്.  8 പേര്‍ വിദേശികളാണ്. സമ്പര്‍ക്കംമൂലം രോഗമുണ്ടായത് 114 പേര്‍ക്കാണ്. ആലപ്പുഴ 5, എറണാകുളം 21 ഇടുക്കി 10, കണ്ണൂര്‍ 9, കാസര്‍കോട് 187, കൊല്ലം 9 കോട്ടയം 3, കഴിക്കോട് 16 , മലപ്പുറം 21, പാലക്കാട് എട്ട്, പത്തനംതിട്ട 17, തിരുവനന്തപുരം 14,തൃശൂര്‍ 13, വയനാട് 3 ഇതാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.  രോഗം ബാധിച്ച് രാജ്യത്ത് തിരികെ പോകുന്നവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ കേരളത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com