കോഴിക്കോട്‌ വിദേശത്ത്‌ നിന്ന്‌ എത്തിയ വ്യക്തിക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌ 27ാം ദിവസം; കേരളത്തിന്റെ നിലപാട്‌ ശരിവെക്കുന്ന കണക്കുകള്‍

കോവിഡ്‌ ബാധിത പ്രദേശങ്ങളില്‍ നിന്ന്‌ എത്തുന്നവര്‍ക്ക്‌ 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ദേശിക്കുന്ന ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോളിന്‌ വെല്ലുവിളിയാവുന്നതാണ്‌ ഇത്‌
കോഴിക്കോട്‌ വിദേശത്ത്‌ നിന്ന്‌ എത്തിയ വ്യക്തിക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌ 27ാം ദിവസം; കേരളത്തിന്റെ നിലപാട്‌ ശരിവെക്കുന്ന കണക്കുകള്‍



തിരുവനന്തപുരം: കോഴിക്കോട്‌ എടച്ചേരി സ്വദേശിക്ക്‌ കോവിഡ്‌ 19 സ്ഥിരീകരിച്ചത്‌ വിദേശത്ത്‌ നിന്നെത്തി 27ാമത്തെ ദിവസം. കോവിഡ്‌ ബാധിത പ്രദേശങ്ങളില്‍ നിന്ന്‌ എത്തുന്നവര്‍ക്ക്‌ 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ദേശിക്കുന്ന ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോളിന്‌ വെല്ലുവിളിയാവുന്നതാണ്‌ ഇത്‌.

കോവിഡ്‌ പ്രതിരോധത്തിന്‌ 28 ദിവസത്തെ നിരീക്ഷണം എന്ന കേരളത്തിന്റെ നിലപാടാണ്‌ ശരിയെന്ന്‌ ഇതോടെ വ്യക്തമായി. മാര്‍ച്ച്‌ 18നാണ്‌ സഹോദരനൊപ്പം എടച്ചേരി സ്വദേശിയായ മുപ്പത്തിയഞ്ചുകാരന്‍ ദുബായില്‍ നിന്ന്‌ നാട്ടിലെത്തിയത്‌. ഇയാളുടെ പിതാവിന്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ ഇയാള്‍ക്കും കോവിഡ്‌ ബാധ കണ്ടെത്തിയത്‌.

ഇയാളുടെ സഹോദരിയുടെ മകള്‍ക്കും കോവിഡ്‌ 19 സ്ഥിരീകരിച്ചിട്ടുണ്ട്‌. പിതാവിനും സഹോദരിയുടെ മകള്‍ക്കും കോവിഡ്‌ ബാധിച്ചത്‌ ഇയാളില്‍ നിന്നാണെന്നാണ്‌ ആരോഗ്യ വകുപ്പിന്റെ നിഗമനം. നേരത്തെ കണ്ണൂര്‍ സ്വദേശിയായ നാല്‍പ്പതുകാരന്‌ 26 ദിവസത്തിന്‌ ശേഷവും, പാലക്കാട്‌ സ്വദേശിക്ക്‌ 23 ദിവസത്തിന്‌ ശേഷവും കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു.

കോവിഡ്‌ ബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവരും, കോവിഡ്‌ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നാണ്‌ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. മറ്റ്‌ സംസ്ഥാനങ്ങള്‍ ഈ നിര്‍ദേശം പിന്തുടരുന്നുണ്ട്‌. കോവിഡ്‌ ബാധയേല്‍ക്കുന്ന 95ന ശതമാനം പേരിലും 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നു എന്നാണ്‌ കണക്ക്‌. നാല്‌ ശതമാനം കേസുകളില്‍ ഇത്‌ 28 ദിവസം വരെ ആവാമെന്നും, ഒരു ശതമാനം കേസുകളില്‍ ഇത്‌ 31 ദിവസം വരെയാകാമെന്നും പറയുന്നു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com