പാനൂര്‍ പീഡനക്കേസ്: അറസ്റ്റ് വൈകിയത് എന്തുകൊണ്ട്‌?; വിശദീകരണവുമായി പൊലീസ്

പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് ഡിവൈഎസ്പി
പാനൂര്‍ പീഡനക്കേസ്: അറസ്റ്റ് വൈകിയത് എന്തുകൊണ്ട്‌?; വിശദീകരണവുമായി പൊലീസ്

കണ്ണൂര്‍:  പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പ്രതിയുടെ അറസ്റ്റ് വൈകിയെന്ന ആക്ഷേപത്തില്‍ വിശദീകരണവുമായി തലശേരി ഡിവൈഎസ്പി. കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ശ്രദ്ധമാറിയതാണ് അറസ്റ്റ് വൈകാന്‍ കാരണമെന്ന്  ഡിവൈഎസ്പി പറഞ്ഞു. പ്രതി ഒളിവില്‍ താമസിക്കുന്നതായുളള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പത്ത് വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് കേസില്‍ പ്രതിയായ ബിജെപി പ്രാദേശിക നേതാവായ സ്‌കൂള്‍ അധ്യാപകന്‍ പിടിയിലായത്. ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനായ പത്മരാജനെ കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു മാസമായിട്ടും പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. പൊലീസിന്റെ അലംഭാവത്തിനെതിരെ സാമൂഹികമാധ്യമങ്ങളിലടക്കം പ്രതിഷേധമുണ്ടായി. മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലും പ്രതിഷേധ കമന്റുകള്‍ നിറഞ്ഞു. ഇതിനുപിന്നാലെയാണ് തലശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടിയത്.

സ്‌കൂള്‍ അധ്യാപകനും ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനുമായ കടവത്തൂര്‍ കുറുങ്ങാട് കുനിയില്‍ പത്മരാജന്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സ്‌പെഷ്യല്‍ ക്ലാസുണ്ടെന്ന് പറഞ്ഞ് വിദ്യാര്‍ഥിനിയെ സ്‌കൂളിലേക്ക് വിളിപ്പിച്ച് പീഡനത്തിനിരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. തലശ്ശേരി ഡിവൈഎസ്പിക്കാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് പാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസെടുത്തതിന് പിന്നാലെ പ്രതിയായ പത്മരാജന്‍ ഒളിവില്‍ പോവുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com