പാവപ്പെട്ടവരോട്‌ മുണ്ടുമുറുക്കി ഉടുത്ത്‌ സഹിച്ച്‌ ജീവിക്കാന്‍ പറയുന്നവര്‍ ധൂര്‍ത്ത്‌ നടത്തുന്നു; തന്നോളു തന്നോളു എന്ന ആവലാതി മാത്രമാണ്‌ ധനമന്ത്രിക്കുള്ളതെന്ന്‌ ശോഭ സുരേന്ദ്രന്‍

'പ്രധാനമന്ത്രിയുടെ സന്ദേശത്തിലെ നന്മയും രാജ്യം പാലിക്കേണ്ട അധിക ജാഗ്രതയെ കുറിച്ചുള്ള ഉപദേശവും കേള്‍ക്കാന്‍ ഐസക്കിന്‌ സഹിഷ്‌ണുതയില്ല'
പാവപ്പെട്ടവരോട്‌ മുണ്ടുമുറുക്കി ഉടുത്ത്‌ സഹിച്ച്‌ ജീവിക്കാന്‍ പറയുന്നവര്‍ ധൂര്‍ത്ത്‌ നടത്തുന്നു; തന്നോളു തന്നോളു എന്ന ആവലാതി മാത്രമാണ്‌ ധനമന്ത്രിക്കുള്ളതെന്ന്‌ ശോഭ സുരേന്ദ്രന്‍


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ സാമ്പത്തിക സഹായം പ്രഖ്യപിക്കാതിരുന്ന പ്രധാനമന്ത്രിയെ വിമര്‍ശിച്ച ധനമന്ത്രി തോമസ്‌ ഐസക്കിനെതിരെ ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ശോഭാ സുരേന്ദ്രന്‍. പ്രധാനമന്ത്രിയുടെ സന്ദേശത്തിലെ നന്മയും രാജ്യം പാലിക്കേണ്ട അധിക ജാഗ്രതയെ കുറിച്ചുള്ള ഉപദേശവും കേള്‍ക്കാന്‍ ഐസക്കിന്‌ സഹിഷ്‌ണുതയില്ലെന്നും, തന്നോളു, തന്നോളു എന്ന ആവലാതി മാത്രമാണുള്ളതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെയാണ്‌ വിമര്‍ശനം.

പ്രധാനമന്ത്രി നന്മ ഉപദേശിച്ചാല്‍ മാത്രം പോര, പണവും തരണം എന്ന ധനമന്ത്രിയുടെ പ്രതികരണത്തിനെതിരെയാണ്‌ ശോഭ സുരേന്ദ്രന്റെ വിമര്‍ശനം. ഐസക്കിന്റെ പ്രതികരണം തരംതാണതായി പോയി. ഇതേ ധനമന്ത്രിയുടെ അകമ്പടിയോടെയല്ലേ ഈ കോവിഡ്‌ കാലത്ത്‌ സ്വകാര്യ ഹെലികോപ്‌റ്റര്‍ വാടക ഇനത്തില്‍ ഒന്നര കോടി രൂപ അനുവദിച്ചത്‌? ഇദ്ദേഹത്തിന്‌ മൂക്കിന്‌ താഴെ അല്ലേ ചീഫ്‌ സെക്രട്ടറിയുടെ സ്വീകരണ മുറി മോടിപിടിപ്പിക്കാന്‍ മൂന്ന്‌ ലക്ഷം രൂപ അനുവദിച്ചത്‌ എന്നും ശോഭ സുരേന്ദ്രന്‍ ചോദിക്കുന്നു.

മുണ്ടുമുറുക്കിയുടുത്ത്‌ സഹിച്ച്‌ ജീവിക്കാനും, നുള്ളിപ്പെറുക്കി സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ്‌ ഫണ്ടിലേക്ക്‌ നല്‍കാനും മലയാളികളോട്‌ ആഹ്വാനം ചെയ്യുന്നവര്‍ തന്നെയാണ്‌ ഈ ധൂര്‍ത്തും പാഴ്‌ചെലവും നടത്തുന്നത്‌. കേന്ദ്രം തന്നെ പ്രളയ ദുരിതാശ്വാസത്തെ കുറിച്ച്‌ വരെ നുണ പറഞ്ഞ ധനകാര്യ മന്ത്രിയാണ്‌ ഇതെന്നും ശോഭ സുരേന്ദ്രന്‍ പറയുന്നു.

ഫേസ്‌ബുക്ക്‌ പോസ്‌റ്റിന്റെ പൂര്‍ണരൂപം ​

പ്രധാനമന്ത്രി നൻമ ഉപദേശിച്ചാൽ മാത്രം പേരാ, പണവും തരണം എന്ന സംസ്ഥാന ധനമന്ത്രി ശ്രീ ടി എം തോമസ് ഐസക്കിൻ്റെ പ്രതികരണം തീരെ തരംതാണതായിപ്പോയി എന്നു പറയാതെ വയ്യ. കേന്ദ്ര സർക്കാർ മുമ്പു പ്രഖ്യാപിച്ചതും ഇനി പ്രഖ്യാപിക്കാനിരിക്കുന്നതുമായ സാമ്പത്തിക പാക്കേജുകളുടെ ഫലം ലഭിക്കാത്ത സംസ്ഥാനമല്ല കേരളം.പക്ഷേ, ഐസക്കിന് പ്രധാനമന്ത്രിയുടെ സന്ദേശത്തിലെ നൻമയും രാജ്യം പാലിക്കേണ്ട അധിക ജാഗ്രതയേക്കുറിച്ചുള്ള ഉപദേശവും കേൾക്കാനുള്ള സഹിഷ്ണുതയില്ല; തന്നോളൂ, തന്നോളൂ എന്ന ആവലാതി മാത്രം.

ഇതേ ധനമന്ത്രിയുടെ അനുമതിയോടെയല്ലേ ഈ കൊവിഡ് കാലത്ത് സ്വകാര്യ ഹെലിക്കോപ്റ്റർ വാടക ഇനത്തിൽ ഒന്നരക്കോടി രൂപയുടെ ബില്ല് പാസാക്കിക്കൊടുത്തത്? ഇദ്ദേഹത്തിൻ്റെ മൂക്കിനു താഴെയല്ലേ രണ്ടു ദിവസം മുമ്പ് ചീഫ് സെക്രട്ടറിയുടെ ഓഫീസിൻ്റെ സ്വീകരണമുറി മോടിപിടിപ്പിക്കാൻ മൂന്നു ലക്ഷത്തോളം രൂപ അനുവദിച്ചത്? ഓരോ പാവപ്പെട്ടവരോടും, നിങ്ങൾ മുണ്ടു മുറുക്കി ഉടുത്ത് സഹിച്ചു ജീവിക്കാനും നുള്ളിപ്പെറുക്കി സംസ്ഥാന സർക്കാരിൻ്റെ കൊവിഡ് ഫണ്ടിലേക്കു തരാനും പയുന്നവർതന്നെയാണല്ലോ ഈ ധൂർത്തും പാഴ് ചെലവും നടത്തുന്നത്.

കേന്ദ്രം തന്ന പ്രളയദുരിതാശ്വാസത്തേക്കുറിച്ചു വരെ നുണ പറഞ്ഞ ധനവകുപ്പും മന്ത്രിയുമാണ് കേരളത്തിൻ്റേത്. നിങ്ങൾ ആദ്യം കേന്ദ്രം തന്ന തുകകൾ വിനിയോഗിച്ചതിൻ്റെ വിനിയോഗ സർട്ടിഫിക്കറ്റു സമർപ്പിക്കു. എന്നിട്ടുമതി ലോകം ഈ കൊവിഡ് കാലത്തു പ്രതീക്ഷയോടെ നോക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ സന്ദേശത്തെ വിമർശിക്കാൻ പുറപ്പെടുന്നത്. ഇങ്ങനെ തരം താഴാൻ ലജ്ജയില്ലേ ധനമന്ത്രീ, താങ്കൾക്ക്?


 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com