വിവാദമായ സ്പ്രിംഗ്‌ളര്‍ കരാര്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടു ; വിവരങ്ങളുടെ അന്തിമ അവകാശം പൗരനെന്ന് വിശദീകരണം

സ്പ്രിംഗ്‌ളര്‍ കമ്പനി ഐ.ടി സെക്രട്ടറി ശിവശങ്കറിന് അയച്ച കത്തും സര്‍ക്കാര്‍ പുറത്തുവിട്ടു
വിവാദമായ സ്പ്രിംഗ്‌ളര്‍ കരാര്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടു ; വിവരങ്ങളുടെ അന്തിമ അവകാശം പൗരനെന്ന് വിശദീകരണം

തിരുവനന്തപുരം: വിവാദമായ സ്പ്രിംഗ്‌ളര്‍ കരാറിന്റെ മുഴുവന്‍ രേഖകളും സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടു.  പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. വിവരശേഖരണത്തിന് ഒപ്പുവച്ച കരാറിലെ വിവരങ്ങളാണ് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.ഏപ്രില്‍ രണ്ടിനാണ് കരാര്‍ ഒപ്പുവച്ചത്. സെപ്റ്റംബര്‍ 24വരെയാണ് കാലാവധി. കോവിഡിന്‍റെ പശ്ചാത്തലത്തിൽ മാർച്ച് 25 മുതൽ സെപ്റ്റംബർ 24വരെ സ്‌പ്രിംഗ്ളർ കമ്പനിക്ക് ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കാമെന്നാണ് സർക്കാർ നിർദേശം.  സ്പ്രിംഗ്‌ളര്‍ കമ്പനി ഐ.ടി സെക്രട്ടറി ശിവശങ്കറിന് അയച്ച കത്തും സര്‍ക്കാര്‍ പുറത്തുവിട്ടു.

ഈ കത്തുകള്‍ നല്‍കിയത് ഏപ്രില്‍ 11നും പന്ത്രണ്ടിനുമാണ്. വിവരങ്ങളുടെ അന്തിമ അവകാശം പൗരനാണെന്നാണ് കമ്പനിയുടെ വിശദീകരണം. വിവരങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്നും, കമ്പനി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതായും സര്‍ക്കാര്‍ വിശദീകരിക്കുന്നു. വിവരങ്ങളുടെ സമ്പൂര്‍ണ്ണ അവകാശം സര്‍ക്കാരിനാണെന്ന് സ്പ്രിംഗ്‌ളര്‍ കമ്പനിയും വിശദീകരിക്കുന്നുണ്ട്.

സര്‍ക്കാരോ വ്യക്തിയോ ആവശ്യപ്പെട്ടാല്‍ വിവരം നീക്കം ചെയ്യുമെന്നും കമ്പനി നല്‍കിയ കത്തില്‍ പറയുന്നുണ്ട്. വിവരങ്ങളുടെ പകര്‍പ്പ് സൂക്ഷിക്കാന്‍ സ്പ്രിംഗ്‌ളറിന് അനുമതിയില്ലെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. സംസ്ഥാനത്ത് കോവിഡുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള പർച്ചേസ് ഓർഡർ നൽകിയത് ഏപ്രിൽ രണ്ടിനാണെന്ന് രേഖകളിൽ പറയുന്നു. എന്നാൽ മാർച്ച് 25 മുതൽ സെപ്തംബർ 24 വരെയോ അല്ലങ്കിൽ കോവിഡ് 19 മഹാമാരി തുടച്ചുനീക്കപ്പെടുന്നത് വരെയോ( ഏതാണ് ആദ്യം വരുന്നത്) യാണ് ഈ കരാറിന്റെ കാലാവധി എന്നാണ് പറഞ്ഞിരിക്കുന്നത്.

പത്താം തീയതി സ്പ്രിംഗ്‌ളര്‍ കരാറിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയതോടെയാണ് കരാര്‍ വിവാദത്തിലായത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌പ്രിംഗ്ളർ കമ്പനിക്ക് രോഗികളുടെ വിവരങ്ങൾ മറിച്ചുനൽകിയെന്ന് പ്രതിപക്ഷത്തിന്റെ  ആരോപണം. കോവിഡുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിനിടെ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും ഐ ടി വകുപ്പ് സെക്രട്ടറിയോട് ചോദിക്കാന്‍ പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. മുഖ്യമന്ത്രിയുടെ ചുമതലയിലാണ് നിലവില്‍ ഐ ടി വകുപ്പ് പ്രവര്‍ത്തിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com