'സര്‍ക്കാര്‍ ന്യായമായ വില തരുന്നില്ല'; വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളും പൊലീസ് തമ്മില്‍ സംഘര്‍ഷം

കോവിഡ്  വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മത്സ്യഫെഡ് വഴി മത്സ്യം സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് മത്സ്യ ബന്ധന തൊഴിലാളികളും പൊലീസും തമ്മില്‍ സംഘര്‍ഷം.
'സര്‍ക്കാര്‍ ന്യായമായ വില തരുന്നില്ല'; വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളും പൊലീസ് തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരം: കോവിഡ്  വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മത്സ്യഫെഡ് വഴി മത്സ്യം സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് മത്സ്യ ബന്ധന തൊഴിലാളികളും പൊലീസും തമ്മില്‍ സംഘര്‍ഷം. മത്സ്യ ഫെഡ് വഴി സര്‍ക്കാര്‍ മത്സ്യം സംഭരിക്കുമ്പോള്‍ ഹാര്‍ബറിലെ ചെറുകിട കച്ചവടക്കാര്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ല എന്ന പരാതിയെ ചൊല്ലിയുളള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 

ഇന്നു വെളുപ്പിന് പന്ത്രണ്ടു മണിയോടെ വിഴിഞ്ഞത്താണ് സംഭവം. മത്സ്യത്തിന് ന്യായമായ വില ലഭിക്കുന്നില്ല എന്ന പരാതിയെ ചൊല്ലി ഹാര്‍ബറിലെ മത്സ്യത്തൊഴിലാളികളും കച്ചവടക്കാരും പൊലീസുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസിന് അവസാനം ബലപ്രയോഗം നടത്തേണ്ടി വന്നു.

മത്സ്യ ഫെഡ് വഴി സര്‍ക്കാര്‍ മത്സ്യം സംഭരിക്കാന്‍ തയ്യാറായെങ്കിലും വളരെ തുച്ഛമായ അടിസ്ഥാന വിലയാണ് ഓരോ ഇനം മല്‍സ്യത്തിനും നല്‍കുന്നതെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. ഇതുകൂടാതെ മത്സ്യത്തിന് പ്രതിഫലമായി കിട്ടുന്ന തുക പിന്നീട് ബാങ്ക് അക്കൗണ്ട് വഴിയേ ലഭിക്കൂ എന്ന വിവരവും മത്സ്യ ബന്ധന തൊഴിലാളികളെ ചൊടിപ്പിച്ചു. 

ഹാര്‍ബറില്‍ നിന്നും ചെറുകിട കച്ചവടക്കാര്‍ക്ക് മത്സ്യം വാങ്ങുവാനോ പിന്നീട് അതു വില്‍ക്കുവാനോ ഉള്ള സാഹചര്യം അധികൃതര്‍ നല്‍കുന്നില്ല. ഇതേ തുടര്‍ന്ന് ചെറുകിട കച്ചവടക്കാരും അവരുടെ കുടുംബങ്ങളും കടുത്ത ദാരിദ്ര്യത്തിലാണെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല എന്നും തൊഴിലാളികള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com