എറണാകുളം ജില്ലയില്‍ സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുമതി മെയ് 3ന് ശേഷം

ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനു ശേഷവും ജില്ലക്ക് പുറത്തേക്ക് യാത്ര പാസോടു കൂടി മാത്രമേ അനുവദിക്കു
എറണാകുളം ജില്ലയില്‍ സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുമതി മെയ് 3ന് ശേഷം


കൊച്ചി: എറണാകുളം ജില്ലയെ സോണ്‍ രണ്ടിലാണ് മന്ത്രിസഭാ യോഗം ഉള്‍പ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ ജില്ലയിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ പ്രത്യേക യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ നിയന്ത്രണങ്ങള്‍  പിന്‍വലിക്കുന്നതിനായി പ്രത്യേക റെസിസ്റ്റന്‍സ് പ്ലാന്‍ തയ്യാറാക്കും. ഏപ്രില്‍ 24 ന് ശേഷം മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാവു. കൊച്ചി കോര്‍പ്പറേഷനു വേണ്ടിയും പ്രത്യേക പ്ലാന്‍ തയ്യാറാക്കാനാണ് ആലോചിക്കുന്നത്.

മഴക്കാലത്തിനു മുമ്പായി പൂര്‍ത്തിയാക്കേണ്ട ജോലികളുടെ പ്രാധാന്യമനുസരിച്ച് പട്ടിക തയ്യാറാക്കുകയും ജോലികള്‍ ആരംഭിക്കുകയും ചെയ്യാനാണ് തീരുമാനം. കൊതുകു നിവാരണവും മഴക്കാല പൂര്‍വ്വ ശുചീകരണവും അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നടപടികള്‍ സ്വീകരിക്കും.
ജില്ലക്കുള്ളില്‍ തന്നെ രോഗ ബാധിത സാധ്യതയുള്ള ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി നിയന്ത്രണം തുടരാനാണ് ആലോചിക്കുന്നത്.

വ്യവസായ സ്ഥാപനങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കുമംങ്കിലും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. ജോലി സ്ഥലത്തേക്ക് എത്താനായി സ്വന്തമായി വാഹനങ്ങള്‍ ക്രമീകരിക്കണം. നിര്‍മാണ മേഖലയിലെ ജോലിക്കാരുടെ വിവരങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വിലയിരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളുടെ സേവനം എല്ലാ പഞ്ചായത്തുകളിലും ഉറപ്പാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഗ്രാമീണ തൊവിലുറപ്പു പദ്ധതിയും അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയും നിബന്ധനങ്ങള്‍ക്കനുസരിച്ച് പുനഃരാരംഭിക്കാന്‍ സാധിക്കും. കടകള്‍ ആഴ്ചയില്‍ ഒരു ദിവസം ശുചീകരണത്തിനായി തുറക്കാം. നോട്ട്ബുക്ക് നിര്‍മാണം, കൃഷി, മില്ലുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നടത്താം.

ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം ഒറ്റ, ഇരട്ട നമ്പര്‍ അനുസരിച്ച് സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കുന്നതിനെ പറ്റി ആലോചനയുണ്ട്. പൊതു ഗതാഗത സംവിധാനം ഉടന്‍ ആരംഭിക്കില്ല. ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനു ശേഷവും ജില്ലക്ക് പുറത്തേക്ക് യാത്ര പാസോടു കൂടി മാത്രമേ അനുവദിക്കു.

വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്‌പോള്‍ വേണ്ട തയ്യാറെടുപ്പുകളെ സംബന്ധിച്ച് ചര്‍ച്ച നടത്തും. എല്ലാ ആശുപത്രികളും തുറന്നു പ്രവര്‍ത്തിക്കണമെന്നും സ്വകാര്യ ആശുപത്രികളില്‍ കോവിഡ് നിരീക്ഷണത്തിനായി പ്രത്യേക സംവിധാനം ക്രമീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com