'കണ്ണീര് തോരാത്ത രണ്ടാത്മാക്കള്‍ എന്റെ വീട്ടിലുമുണ്ട്: ജോബി ആന്‍ഡ്രൂസിനെ എംഎസ്എഫുകാര്‍ കല്ലെറിഞ്ഞ് കൊന്നപ്പോള്‍ ഷാജി കെ വയനാട് അതിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു'

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജി നടത്തിയ പരാമര്‍ശങ്ങളില്‍ വിമര്‍ശനവുമായി എംഎസ്എഫ് ആക്രമണത്തില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ജോബി ആന്‍ഡ്രൂസിന്റെ സഹോദരന്‍
'കണ്ണീര് തോരാത്ത രണ്ടാത്മാക്കള്‍ എന്റെ വീട്ടിലുമുണ്ട്: ജോബി ആന്‍ഡ്രൂസിനെ എംഎസ്എഫുകാര്‍ കല്ലെറിഞ്ഞ് കൊന്നപ്പോള്‍ ഷാജി കെ വയനാട് അതിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു'

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജി നടത്തിയ പരാമര്‍ശങ്ങളില്‍ വിമര്‍ശനവുമായി എംഎസ്എഫ് ആക്രമണത്തില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ജോബി ആന്‍ഡ്രൂസിന്റെ സഹോദരന്‍ ജയ്‌മോന്‍ ആന്‍ഡ്രൂസ്. 

'ഒരുകാര്യം ഉറപ്പുണ്ട് എന്റെ മനസുകൊണ്ട് ഒരമ്മയ്ക്കും കണ്ണുനീര്‍ പൊഴിക്കേണ്ടിവന്നിട്ടില്ല, ഒരു മകനും അച്ഛനില്ലാതായി പോയിട്ടില്ല, ഏതെങ്കിലും ഒരു വീട്ടില്‍ ഒരു നേരത്ത് പട്ടിണി കിടക്കേണ്ടിവന്നില്ല. ഒരു ഭാര്യയ്ക്കും ഭര്‍ത്താവിനെ നഷ്ടപ്പെട്ട് കരയേണ്ടിവന്നിട്ടില്ല. ഇതൊക്കെ സംഭവിച്ചത് ആരുടെ വികൃതമുഖവും വികൃത മനസും മൂലമാണെന്ന് മലയാളിക്ക് നന്നായിട്ടറിയാം ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കെ എം ഷാജി പറഞ്ഞത്. 

ഈ പരാമര്‍ശത്തിന് എതിരെ വന്നൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സുപ്രീംകോടതി അഭിഭാഷകനായ ജയ്‌മോന്‍ ആന്‍ഡ്രൂസ് രംഗത്ത് വന്നത്. ' അങ്ങിനെയങ് ഷാജി ഉറപ്പിക്കാന്‍ വരട്ടെ, 1992ല്‍ ജോബി ആന്‍ഡ്രൂസിനെ താമരശ്ശേരി സ്‌കൂളിന് മുന്‍പില്‍ എംഎസ്എഫുകാര്‍ കല്ലെറിഞ്ഞു കൊല ചെയ്തപ്പോള്‍ ഈ മാന്യ ദേഹം (അന്ന് ഷാജി കെ വയനാട് ) അതിന്റെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു.... ഇത്തിരി കണ്ണീര്‍ ഷാജിയുടെ ധാര്‍ഷ്ട്യത്തില്‍ എന്റെ വകയും ഉണ്ട്. കണ്ണുനീര് തോരാത്ത രണ്ട് ആത്മാക്കള്‍ എന്റെ വീട്ടിലും ഉണ്ട്.' ജയ്‌മോന്‍ പറഞ്ഞു. 

പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രീഡിഗ്രി വിദ്യാര്‍ത്ഥിയും കോഴിക്കോട് താമരശേരി എസ്എഫ്‌ഐ ഏരിയ ജോയിന്റ് സെക്രട്ടറിയുമായിരുന്നു ജോബി ആന്‍ഡ്രൂസ്. 1992ല്‍ എസ്എഫ്‌ഐ കോഴിക്കോട് ജില്ലാ പ്രചരണജാഥയ്ക്ക് താമരശേരി ഹൈസ്‌കൂളില്‍ നല്‍കിയ സ്വീകരണത്തിനുനേരെ എംഎസ്എഫ്-കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. ജോബിയെ കല്ലെറിഞ്ഞാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ദേഹമാസകലം പരിക്കേറ്റ് താഴെവീണ ജോബി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com