'പിണറായി മഴു എറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം, പഴയ മുഖം ആരും മറന്നിട്ടില്ല';  മറുപടിയുമായി കെ എം ഷാജി

'പിണറായി മഴു എറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം, പഴയ മുഖം ആരും മറന്നിട്ടില്ല';  മറുപടിയുമായി കെ എം ഷാജി

ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം ചെലവഴിച്ചതിന്റെ കണക്ക് ചോദിക്കുന്നതില്‍ എന്താണ് തെറ്റെന്ന് മുസ്ലീംലീഗ് എംഎല്‍എ കെ എം ഷാജി

കോഴിക്കോട്:  ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം ചെലവഴിച്ചതിന്റെ കണക്ക് ചോദിക്കുന്നതില്‍ എന്താണ് തെറ്റെന്ന് മുസ്ലീംലീഗ് എംഎല്‍എ കെ എം ഷാജി. ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത പണത്തിന്റെ കണക്ക് ചോദിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഇത് ഒരു കമ്മ്യൂണിസ്റ്റ് രാജ്യമല്ല. ജനാധിപത്യ രാജ്യമാണെന്നും കെ എം ഷാജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദുരിതാശ്വാസ നിധിയില്‍ നിന്ന് പണമെടുത്താണ് വിവിധ കേസുകളില്‍ വക്കീലന്മാര്‍ക്ക് പണം കൊടുത്തതെന്ന കെ എം ഷാജിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നിരുന്നു. പാവങ്ങളെ  തെറ്റിദ്ധരിപ്പിക്കരുതെന്നും ശുദ്ധ അസംബന്ധമാണ് ഷാജി പറയുന്നതെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെ എം ഷാജി മറുപടിയുമായി രംഗത്തുവന്നത്.

ദുരിതാശ്വാസ നിധിയില്‍ നിന്ന്  സിപിഎമ്മിന്റെ ഒരു എംഎല്‍എയ്ക്കും ഒരു ഇടതുനേതാവിനും പണം നല്‍കി. ബാങ്കിലെ കടം തീര്‍ക്കാനാണ് പണം നല്‍കിയത്. ലക്ഷങ്ങളാണ്‌ നല്‍കിയത്. ഗ്രാമീണ റോഡുകള്‍ നന്നാക്കാന്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന്  ആയിരം കോടി രൂപ ചെലവഴിച്ചു. പ്രളയവുമായി ബന്ധമില്ലാത്ത പ്രദേശങ്ങളിലാണ് ഇത് ചെലവഴിച്ചത്. ഷുഹൈബിന്റെയും ഷുക്കൂറിന്റെയും ഉള്‍പ്പെടെയുളള കേസുകള്‍ വാദിക്കാന്‍ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് പണം ചെലവഴിച്ചത്. 2 കോടി രൂപയാണ് വക്കീല്‍ ഫീസായി നല്‍കിയത്. ഇനി ദുരിതാശ്വാസ നിധിയില്‍ നിന്നല്ല പണം ചെലവഴിച്ചതെങ്കില്‍ ഇതിന്റെ കണക്ക് വെളിപ്പെടുത്താന്‍ എന്താണ് തയ്യാറാവാത്തതെന്നും ഷാജി ചോദിച്ചു.

പ്രളയമല്ല, കോവിഡ് അല്ല, അതിന്റെ അപ്പുറത്തുളള പ്രളയം വന്നാലും ഷുക്കൂറിന്റെയും ശരത്‌ലാലിന്റെയും  ഉമ്മമാരുടെ കണ്ണുനീരിന്റേയത്രയും വരില്ല ഒരു പ്രളയവുമെന്നും ഷാജി പറഞ്ഞു. കോവിഡ് കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടോ?. മൂക്കിന്റെ തുമ്പ് വരെ പ്രളയജലം എത്തിയാലും രാഷ്ട്രീയം പറയുമെന്നും ഷാജി പറഞ്ഞു. മുഖ്യമന്ത്രിയുടെ പി ആര്‍ വര്‍ക്കിന് കോടികളാണ് ചെലവഴിച്ചതെന്നും ഷാജി ആരോപിച്ചു

പ്രളയഫണ്ടായി 8000 കോടിയാണ് ലഭിച്ചത്. ഇതില്‍ രണ്ടായിരം കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. ബാക്കി 5000 കോടി ഫണ്ടില്‍ കിടക്കുകയാണ്. ദുരിതാശ്വാസ നിധിയിലെ ഫണ്ട് ചെലവഴിക്കേണ്ടതിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചു. അടിയന്തര ആശ്വാസം എന്നാണ് മാനദണ്ഡത്തില്‍ പറയുന്നത്. ദുരിതാശ്വാസ നിധിയിലെ 46 കോടി വകമാറ്റി ചെലവഴിച്ചതുമായി ബന്ധപ്പെട്ട് കേസ് ലോകായുക്തയുടെ പരിഗണനയിലാണ്. അതേസമയം രണ്ട് പ്രളയം നേരിട്ട ഒരാള്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം ലഭിക്കാതെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥ ഉണ്ടായെന്നും ഷാജി പറഞ്ഞു.

മറ്റുളളവരെ പേടിപ്പിച്ച് നിശബ്ദമാക്കാമെന്ന് കരുതേണ്ട.  പാര്‍ട്ടി ഓഫീസുകളിലെ സഹപ്രവര്‍ത്തകരല്ല പ്രതിപക്ഷത്ത്് ഇരിക്കുന്നവര്‍.അദ്ദേഹം പറയുന്നത് കേട്ട് മുട്ടു വിറയ്ക്കുന്നവരല്ല പൊതുസമൂഹം. തനിക്ക് വികൃത മനസ്സാണ് എന്നാണ് പിണറായി വിജയന്‍ പറയുന്നത്. അത് ജനങ്ങള്‍ തീരുമാനിക്കട്ടെ.  പിണറായി മഴു എറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം. പിണറായിയുടെ പഴയ മുഖം ആരും മറന്നിട്ടില്ലെന്നും ഷാജി ഓര്‍മ്മിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com