വെറും 10 മിനിറ്റ് മാത്രം; കോവിഡ് ഫലമറിയാം; നൂതന കിറ്റുമായി ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്

നിലവില്‍ നടത്തുന്ന പിഎസിആര്‍ സ്രവപരിശോധനയെക്കാള്‍ അതിവേഗത്തില്‍ ഫലം കിട്ടുന്നതും കൃത്യതയുമാണ് പ്രത്യേകത
വെറും 10 മിനിറ്റ് മാത്രം; കോവിഡ് ഫലമറിയാം; നൂതന കിറ്റുമായി ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്


തിരുവനന്തപുരം: കൊറോണ വൈറസ് ബാധ കണ്ടെത്താന്‍ നൂറുശതമാനം കൃത്യതയുള്ള ആധുനിക കിറ്റ് വികസിപ്പിച്ച് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്. 10 മിനുട്ട് കൊണ്ട് ഫലം ലഭിക്കുന്ന പരിശോധന ലോകത്ത് തന്നെ ആദ്യമാണെന്ന് ശ്രീചിത്ര അവകാശപ്പെടുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ കിറ്റ് ഉടന്‍ പുറത്തിറങ്ങും.

കൊവിഡ് വ്യാപനം തടയാന്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ പരിശോധനക്കായി രാജ്യമാകെ തീവ്രശ്രമം നടത്തുമ്പോഴാണ് വലിയ നേട്ടമായി ശ്രീചിത്രയുടെ കണ്ടെത്തല്‍. നിലവില്‍ നടത്തുന്ന പിഎസിആര്‍ സ്രവപരിശോധനയെക്കാള്‍ അതിവേഗത്തില്‍ ഫലം കിട്ടുന്നതും കൃത്യതയുമാണ് പ്രത്യേകത.

വൈറസിലെ എന്‍  ജീന്‍ കണ്ടെത്തി പരിശോധിക്കുന്ന പരിശോധനയിലൂടെ വൈറസിന്റെ 2 മേഖലകള്‍ കണ്ടെത്താനാകും. ഇതിനാല്‍  വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിലും ഫലം കൃത്യമായിരിക്കും. 10 മിനുട്ട് കൊണ്ട് ഫലം ലഭിക്കും. സാംപിള്‍ എടുക്കുന്നത് മുതല്‍ ഫലം വരുന്നത് വരെ വേണ്ടത് 2 മണിക്കൂറില്‍ താഴെ.  

ഒരു മെഷീനില്‍ ഒരു ബാച്ചില്‍ 30 സാംപിളുകള്‍ വരെ പരിശോധിക്കാനാകും. മൊത്തം കണക്കാക്കിയാല്‍ ഒരു പരിശോധനക്ക് ആയിരം രൂപയില്‍ താഴെ മാത്രമേ ചെലവ് വരൂ.  ഐസിഎംആര്‍ നിര്‍ദേശ പ്രകാരം ആലപ്പുഴ വൈറാളജി ലാബില്‍ നടത്തിയ പരിശോധനയില്‍ നൂറുശതമാനം കൃത്യതയാണ് രേഖപ്പെടുത്തിയത്. ഇതോടെ തുടര്‍നടപടികള്‍ വേഗത്തിലാകും.

നേരത്തെ ക്ഷയരോഗംകണ്ടെത്തുന്നതിനുള്ള കിറ്റ് വികസിപ്പിച്ചതിന് തുടര്‍ച്ചയായാണ് കൊറോണ കണ്ടത്താനുള്ള കിറ്റും വികസിപ്പിക്കാനായത്.  3 ആഴ്ച്ച കൊണ്ടാണ് ശ്രമം വിജയത്തിലെത്തിയത്. കിറ്റും ആര്‍.ടി ലാമ്പ് മെഷീനും നിര്‍മ്മാണത്തിനായി അഗാപ്പെ എന്ന സ്വകാര്യ കമ്പനിക്ക് കൈമാറിക്കഴിഞ്ഞു. കിറ്റിന്റെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ നീതി ആയോഗ്  നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ ഈ കിറ്റ് വഴിയുള്ള പരിശോധന തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com