സംസ്ഥാനത്തെ നാലുമേഖലകളാക്കി തിരിക്കും; നാല് ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഈ ജില്ലകളില്‍ മെയ് മൂന്നുവരെ കര്‍ശന നിയന്ത്രണങ്ങളാകും നടപ്പിലാക്കുക.
സംസ്ഥാനത്തെ നാലുമേഖലകളാക്കി തിരിക്കും; നാല് ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ച് നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനുള്ള പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളത്. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വിശദീകരിച്ചത്. സംസ്ഥാനം ഈ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ച് കേന്ദ്രത്തിന്റെ അനുമതിയോടെ അവ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കാസര്‍കോട് (61), കണ്ണൂര്‍ (45), മലപ്പുറം (9), കോഴിക്കോട് (9) എന്നീ ജില്ലകളാണ് ആദ്യത്തെ മേഖലയിലുള്ളത്. ഈ ജില്ലകളില്‍ മെയ് മൂന്നുവരെ കര്‍ശന നിയന്ത്രണങ്ങളാകും നടപ്പിലാക്കുക. ഈ നാല് ജില്ലകളിലും തീവ്ര രോഗബാധയുള്ള ഹോട്ട് സ്‌പോട്ടുകള്‍ പ്രത്യേകമായി കണ്ടെത്തും. അത്തരം വില്ലേജുകളുടെ അതിര്‍ത്തി അടയ്ക്കും. ഈ വില്ലേജുകള്‍ക്ക് എന്‍ട്രി പോയിന്റ്, എക്‌സിറ്റ് പോയിന്റ് ഇവ ഉണ്ടായരിക്കും. ഇവ ഒഴികെ വില്ലേജുകളിലേക്കുള്ള മറ്റ് വഴികള്‍ എല്ലാം അടയ്ക്കും. ഭക്ഷ്യ വസ്തുക്കളും മറ്റും സര്‍ക്കാര്‍ അനുവദിക്കുന്ന ഈ പോയിന്റുകളിലൂടെയാണ് എത്തിക്കുക.

രണ്ടാമത്തെ മേഖലയായി സംസ്ഥാന സര്‍ക്കാര്‍ കാണുന്നത് ആറ് പോസിറ്റീവ് കേസുകളുള്ള പത്തനംതിട്ട, മൂന്ന് കേസുകളുള്ള എറണാകുളം, അഞ്ച് കേസുകളുള്ള കൊല്ലം എന്നിവയുള്‍പ്പെടുന്നതാണ്. ഈ ജില്ലകളില്‍ ആദ്യം പറഞ്ഞ നാല് ജില്ലകളേക്കാള്‍ കൊറോണ കോസുകള്‍ കുറവായതിനാലാണ് വ്യത്യസ്തമായി കണക്കാക്കുന്നത്. ഈ ജില്ലകളില്‍ ഏപ്രില്‍ 24 വരെ കടുത്ത രീതിയില്‍ ലോക്ക് ഡൗണ്‍ തുടരും. ഹോട്ട് സ്‌പോട്ടായ പ്രദേശങ്ങള്‍ കണ്ടെത്തി അവ അടച്ചിടും. ഏപ്രില്‍ 24 ന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി സാഹചര്യം അനുകൂലമാണെങ്കില്‍ ചില ഇളവുകള്‍ അനുവദിക്കും.

മൂന്നാമത്തെ മേഖലയായി നിര്‍ദ്ദേശിക്കുന്നത് മൂന്ന് കേസുകളുള്ള ആലപ്പുഴ, രണ്ട് പോസിറ്റീവ് കേസുള്ള തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളും ഒരു കേസുമാത്രമുള്ള തൃശ്ശൂര്‍ വയനാട് എന്നീ ജില്ലകളുമാണ്. മൂന്നാമത്തെ മേഖലയായ ഇവിടെ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. എന്നാല്‍ മറ്റെല്ലാ നിയന്ത്രണങ്ങളും ഇവിടെ ബാധകമായിരിക്കും. ഈ ജില്ലകളിലെ ഭക്ഷണ ശാലകള്‍ ഉള്‍പ്പെടെയുള്ളവ വൈകിട്ട് ഏഴുമണിവരെ അനുവദിക്കും. എന്നാല്‍ ഹോട്ട് സ്‌പോട്ടായ വില്ലേജുകള്‍ കണ്ടെത്തി അവ അടച്ചിടും.

സംസ്ഥാനത്ത് പോസിറ്റീവായ കേസുകള്‍ ഇല്ലാത്ത രണ്ട് ജില്ലകളാണ് ഉള്ളത്. കോട്ടയം ഇടുക്കി എന്നിവ. ഇവ രണ്ടും ഒരുമേഖലയായി തരംതിരിക്കും. ഇതില്‍ ഇടുക്കി തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതായുണ്ട്. ഈ രണ്ടുജില്ലകള്‍ തമ്മില്‍ ജില്ല വിട്ടുള്ള യാത്രകള്‍ അനുവദിക്കില്ല. ഈ ജില്ലകളില്‍ സാധരണ ജീവിതം അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. രാജ്യം മുഴുവന്‍ ബാധകമായ മറ്റ് നിയന്ത്രണങ്ങള്‍ ഇവിടെയും ബാധകമായിരിക്കും.

എവിടെ ആയാലും പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കണം. എല്ലായിടങ്ങളിലും സാനിറ്റൈസറുകളും കൈകഴുകാനും സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര ലിസ്റ്റ് അനുസരിച്ച് കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, മലപ്പുറം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളെയാണ് ഹോട്ട് സ്‌പോട്ടുകളായി കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ സംസ്ഥാനത്തിന്റ നിര്‍ദ്ദേശത്തില്‍ ഇവ പല മേഖലകള്‍ക്കുള്ളിലായാണ് വരുന്നത്. അതിനാല്‍ കേന്ദ്രത്തിന്റെ അനുമതിയോടെ ഈ രീത് നടപ്പിലാക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.

മേല്‍ പറഞ്ഞ എല്ലാ മേഖലകളിലും കൂട്ടം ചേരല്‍, ജില്ലകള്‍ വിട്ടുള്ള യാത്രകള്‍, സിനിമാ ശാലകള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ സാധാരണ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് നിലവില്‍ തുടരുന്ന വിലക്കുകള്‍ ബാധകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com