ആ സമയം നിർണായകമായിരുന്നു; അതിർത്തി കുരുക്കിൽപ്പെട്ട് 11 ദിവസം പ്രായമായ കുഞ്ഞിന്റെ ജീവൻ പൊലിഞ്ഞു; ഹൃദയഭേദകം

ആ സമയം നിർണായകമായിരുന്നു; അതിർത്തി കുരുക്കിൽപ്പെട്ട് 11 ദിവസം പ്രായമായ കുഞ്ഞിന്റെ ജീവൻ പൊലിഞ്ഞു; ഹൃദയഭേദകം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വാളയാർ: 11 ദിവസം പ്രായമുള്ള കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടു വന്ന ദമ്പതികളെ അതിർത്തിയിൽ തടഞ്ഞതിനെ തുടർന്ന് ചികിത്സ വൈകി കുഞ്ഞ് മരിച്ചു. തമിഴ്നാട്ടിൽ നിന്നു തൃശൂരിലെ ആശുപത്രിയിലേക്ക് ആംബുലൻസിലെത്തിയ ദമ്പതികളെ അതിർത്തിയിൽ തമിഴ്നാട് ഉദ്യോഗസ്ഥ സംഘമാണ് തടഞ്ഞത്.

തർക്കത്തിനൊടുവിൽ, മുക്കാൽ മണിക്കൂർ വൈകി യാത്രാനുമതി നൽകി. കേരള പൊലീസിന്റെ സഹായത്തോടെ തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു.

സേലം സ്വദേശികളായ നിസാമുദ്ദീൻ – റിസ്വാന ദമ്പതികൾ കുഞ്ഞിന്റെ മൃതദേഹവുമായി തിരികെ പോയപ്പോഴും ഇതേ ഉദ്യോഗസ്ഥ സംഘം തടഞ്ഞു. മരണ സർട്ടിഫിക്കറ്റില്ലാതെ കടത്തിവിടാനാകില്ലെന്നു പറഞ്ഞ് തിരിച്ചയക്കാനായിരുന്നു ശ്രമം. വിവരമറി‍ഞ്ഞു കേരള പൊലീസ് ഇടപ്പെട്ടു. പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നു സർട്ടിഫിക്കറ്റ് ലഭിക്കാൻ കേരള പൊലീസ് ശ്രമം നടത്തുന്നതിനിടെ കോയമ്പത്തൂർ കലക്ടറുടെ നിർദേശപ്രകാരം തമിഴ്നാട് സംഘം ഇവരെ അതിർത്തി കടക്കാൻ അനുവദിച്ചു.

എട്ടാം മാസത്തിലായിരുന്നു ആൺകുഞ്ഞിന്റെ ജനനം. ഹൃദയമിടിപ്പു കുറവായതിനാൽ വിദഗ്ധ ചികിത്സയ്ക്കായിരുന്നു തൃശൂരിലേക്കുള്ള യാത്ര. ജൂബിലി മിഷൻ ആശുപത്രിയിൽ അടിയന്തര ചികിത്സാ സൗകര്യമൊരുക്കി അധികൃതർ കാത്തിരിക്കുകയായിരുന്നു. എന്നാൽ, അതിർത്തിയിൽ നഷ്ടപ്പെട്ട സമയം നിർണായകമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com