ആരുടെയെങ്കിലും ഒ പി ടിക്കറ്റുമായി കറങ്ങാന്‍ ഇറങ്ങേണ്ട; പിടിവീഴും

ആരുടെയൈങ്കിലും ഒ പി ടിക്കറ്റുമായി കറങ്ങാന്‍ ഇറങ്ങേണ്ട; പിടിവീഴും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ബന്ധുക്കളുടെ ഒ പി ടിക്കറ്റ് ഉപയോഗിച്ച് കറങ്ങി നടന്നാല്‍ പൊലീസിന്റെ പിടിവീഴും. ഒ പി ടിക്കറ്റില്‍ ആശുപത്രിയില്‍ എത്തിയ സമയവും മരുന്ന് വാങ്ങിയ സമയവും രേഖപ്പെടുത്തുന്നതിന് നിര്‍ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.

പഴയ ഒ പി ടിക്കറ്റും ബന്ധുക്കളുടെ ഒ പി ടിക്കറ്റും ഉപയോഗിച്ച് റോഡ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത്തരത്തില്‍ വ്യാജരേഖകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമം ഉപയോഗിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. രണ്ടു വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

ജില്ലാ ആരോഗ്യ വകുപ്പ്  കെ ജി എം ഒ എയുടെ സഹകരണത്തോടെ ആരംഭിച്ച ടെലി മെഡിസിന്‍ പ്ലാറ്റ്‌ഫോമായ  c19care.net ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. ഈ സംരംഭം എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും സാമൂഹിക അകലം പാലിക്കുന്നതിലൂടെ കോവിഡ് 19 നിയന്ത്രണം സാധ്യമാകുമെന്നും  അദ്ദേഹം പറഞ്ഞു. വെബ്‌സൈറ്റ് സേവനം പൂര്‍ണമായും സൗജന്യമാണ്.

എല്ലാ ദിവസങ്ങളിലും വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടു വരെ പൊതുജനങ്ങള്‍ക്ക്  ടെലി മെഡിസിന്‍ സേവനം  ലഭ്യമാണെന്ന് കെ ജി എം ഒ എ ജില്ലാ പ്രസിഡന്റ് ഡോ എസ് അജയകുമാര്‍ അറിയിച്ചു. ജില്ലയിലെ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരായിരിക്കും സേവനം നല്‍കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com