മഞ്ചേരിയിലേത് കോവിഡ് മരണമല്ല; പരിശോധനാഫലം മൂന്നു തവണയും നെഗറ്റീവ്, മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും: ആരോഗ്യമന്ത്രി

കീഴാറ്റൂര്‍ വീരാന്‍കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖങ്ങളും പ്രായാധിക്യം മൂലമുളള അവശതകളും ഉണ്ടായിരുന്നു
മഞ്ചേരിയിലേത് കോവിഡ് മരണമല്ല; പരിശോധനാഫലം മൂന്നു തവണയും നെഗറ്റീവ്, മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും: ആരോഗ്യമന്ത്രി

മലപ്പുറം: മഞ്ചേരിയിലേത് കോവിഡ് മരണമല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കീഴാറ്റൂര്‍ വീരാന്‍കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖങ്ങളും പ്രായാധിക്യം മൂലമുളള അവശതകളും ഉണ്ടായിരുന്നു. അതാണ് മരണകാരണമെന്ന് കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. ലോക്ക്ഡൗണ്‍ പ്രോട്ടോകോള്‍ അനുസരിച്ച് ശവസംസ്‌കാരചടങ്ങുകള്‍ നടത്താന്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മലപ്പുറം കീഴാറ്റൂര്‍ സ്വദേശിയായ വീരാന്‍കുട്ടി ( 85) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ രണ്ടുദിവസമായി വഷളായിരുന്നു. കോവിഡ് രോഗമുക്തി നേടിയശേഷവും പ്രായാധിക്യം മൂലവും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കാരണവും ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ഉംറ കഴിഞ്ഞെത്തിയ മകനില്‍ നിന്നാണ്‌ ഇദ്ദേഹത്തിന്‌ കോവിഡ്‌ ബാധിച്ചത്‌. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കേ,
ഇദ്ദേഹത്തിന്റെ അവസാനത്തെ മൂന്ന് പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു. എന്നാല്‍ ഹൃദയസംബന്ധമായ അസുഖങ്ങളും പ്രായാധിക്യംമൂലമുളള അവശതകളും കാരണം ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് കോവിഡ് ഇല്ലെന്ന് കേട്ടപ്പോള്‍ സന്തോഷിച്ചിരുന്നു. പ്രായാധിക്യമുളള ആള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ആരോഗ്യനില വഷളാക്കുകയായിരുന്നു. കോവിഡ് മരണമല്ലാത്തതുകൊണ്ട് അതിന്റെ പ്രോട്ടോകോള്‍ പാലിക്കേണ്ടതില്ല. എങ്കിലും ലോക്ക്ഡൗണ്‍ പ്രോട്ടോകോള്‍ അനുസരിച്ച് പരിമിതമായ ആളുകളെ മാത്രം പങ്കെടുപ്പിച്ച് ശവസംസ്‌കാര ചടങ്ങ് നടത്താന്‍ അനുവദിച്ചിട്ടുണ്ടെന്ന് ശൈലജ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com