സ്വപ്‌ന പദ്ധതി അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുക ലക്ഷ്യം; സില്‍വര്‍ ലൈന്‍ റെയില്‍ പാത റിപ്പോര്‍ട്ടിന് അംഗീകാരം

ഡിപിആര്‍ പ്രകാരം പുതുക്കിയ പദ്ധതി ചെലവ് 63,941 കോടി രൂപയാണ്. സാധ്യതാ പഠന റിപ്പോര്‍ട്ടിലുണ്ടായിരുന്നതിനെക്കാള്‍ രണ്ടായിരത്തിലേറെ കോടി രൂപ കുറവാണിത്
സ്വപ്‌ന പദ്ധതി അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുക ലക്ഷ്യം; സില്‍വര്‍ ലൈന്‍ റെയില്‍ പാത റിപ്പോര്‍ട്ടിന് അംഗീകാരം


തിരുവനന്തപുരം: തിരുവനന്തപുരം -കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാതയുടെ (സില്‍വര്‍ ലൈന്‍) വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കെറെയില്‍) ബോര്‍ഡ് യോഗം അംഗീകരിച്ചു. 

സാധ്യതാ പഠനറിപ്പോര്‍ട്ടിലെ അതേ അലൈന്‍മെന്റ് ഏറെക്കുറെ അംഗീകരിച്ചുകൊണ്ട് തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ ഇപ്പോഴത്തെ റെയില്‍പാതയില്‍നിന്ന് മാറിയും തുടര്‍ന്ന് കാസര്‍കോട് വരെ ഇപ്പോഴത്തെ പാതയ്ക്ക് സമാന്തരവുമായിട്ടായിരിക്കും സില്‍വര്‍ ലൈന്‍ നിര്‍മിക്കുന്നത്. 

ഡിപിആര്‍ പ്രകാരം പുതുക്കിയ പദ്ധതി ചെലവ് 63,941 കോടി രൂപയാണ്. സാധ്യതാ പഠന റിപ്പോര്‍ട്ടിലുണ്ടായിരുന്നതിനെക്കാള്‍ രണ്ടായിരത്തിലേറെ കോടി രൂപ കുറവാണിത്. ഈ വര്‍ഷം പണി തുടങ്ങി അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഡിപിആര്‍ ഇനി സംസ്ഥാന സര്‍ക്കാരിനും റെയില്‍വെ മന്ത്രാലയത്തിനും സമര്‍പ്പിക്കും. പദ്ധതിക്ക് തുടര്‍ന്ന് നീതി ആയോഗ്, കേന്ദ്ര മന്ത്രിസഭ എന്നിവയുടെ അനുമതി വാങ്ങണം. 

രണ്ട് പുതിയ റെയില്‍വേ ലൈനുകള്‍ ചേര്‍ത്ത് ഹരിത ഇടനാഴിയായി നിര്‍മിക്കുന്ന ഈ പാതയിലൂടെ  മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും. പൈതൃക സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും ഒഴിവാക്കാന്‍ വേണ്ടി സാധ്യതാ പഠന റിപ്പോര്‍ട്ടിലെ അലൈന്‍മെന്റില്‍ അങ്ങിങ്ങായി പരമാവധി പത്തു മുതല്‍ 50 മീറ്റര്‍ വരെ മാറ്റം വരുത്തിയിട്ടുണ്ട്. 

തിരുവനന്തപുരത്തുനിന്ന് 11 ജില്ലകളിലൂടെ 530.6 കിലോമീറ്റര്‍ നാലു മണിക്കൂര്‍ കൊണ്ട് പിന്നിട്ട്  കാസര്‍കോടെത്തുന്ന സില്‍വര്‍ ലൈനില്‍ 11 സ്‌റ്റേഷനുകളുണ്ടാകും. സാധ്യതാപഠന റിപ്പോര്‍ട്ടിലുണ്ടായിരുന്ന കാക്കനാട് സ്‌റ്റേഷനു പുറമെ  കൊച്ചി വിമാനത്താവളത്തില്‍ പുതിയ സ്‌റ്റേഷനുണ്ടാകും. ഏറെ തിരക്കുള്ള തിരുവനന്തപുരം എറണാകുളം ഭാഗത്ത് യാത്രാസമയം ഒന്നര മണിക്കൂറാണ്.

പാരീസിലെ സിസ്ട്ര ജിസിയാണ് കെ റെയിലിനുവേണ്ടി ഡിപിആര്‍ തയാറാക്കിയത്. കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും ചേര്‍ന്ന് രൂപം നല്‍കിയതാണ്  കെ റെയില്‍. എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചുള്ള ലൈഡാര്‍ സര്‍വേ, പല തരത്തിലുള്ള മലിനീകരണത്തിന്റെ  തോത് അടിസ്ഥാനപ്പെടുത്തിയുള്ള പരിസ്ഥിതി ആഘാത പഠനം, ശാസ്ത്രീയമായ മണ്ണു പഠനം,  രാത്രിയാത്ര, വിനോദ സഞ്ചാരം തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള ഗതാഗത സര്‍വേ എന്നിവയ്ക്കുശേഷം കഴിഞ്ഞ മാസമാണ് ഡിപിആര്‍ തയാറാക്കിയത്. െേകാവിഡ് വ്യാപനം മൂലം കെ റെയില്‍ ബോര്‍ഡ് കൂടാന്‍ കഴിയാതിരുന്നതുകൊണ്ട് റിപ്പോര്‍ട്ട് പുറത്തിറക്കാന്‍ വൈകുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com