പിണറായിയുടെയും കോടിയേരിയുടെയും കുടംബ പശ്ചാത്തലമല്ല ഷാജിയുടേത്; ബീഡിത്തൊഴിലെടുത്തവന്റെ കുടുംബം സ്റ്റാര്‍ ഹോട്ടലിന്റെ ഉടമസ്ഥരായത് എങ്ങനെ?; കെ സുധാകരന്‍

പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും കുടുംബ പശ്ചാത്തലമല്ല കെ.എം.ഷാജിക്കെന്നും 25 ലക്ഷം രൂപ കോഴ വാങ്ങേണ്ട ആവശ്യം ഷാജിക്കില്ലെന്നും കെ.സുധാകരന്‍
പിണറായിയുടെയും കോടിയേരിയുടെയും കുടംബ പശ്ചാത്തലമല്ല ഷാജിയുടേത്; ബീഡിത്തൊഴിലെടുത്തവന്റെ കുടുംബം സ്റ്റാര്‍ ഹോട്ടലിന്റെ ഉടമസ്ഥരായത് എങ്ങനെ?; കെ സുധാകരന്‍

കണ്ണൂര്‍: പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും കുടുംബ പശ്ചാത്തലമല്ല കെ.എം.ഷാജിക്കെന്നും 25 ലക്ഷം രൂപ കോഴ വാങ്ങേണ്ട ആവശ്യം ഷാജിക്കില്ലെന്നും കെ.സുധാകരന്‍ എംപി. ഷാജി സമ്പന്നതയില്‍ ജനിച്ചു വളര്‍ന്നയാളാണ്. പിണറായിയുടെയും കോടിയേരിയുടെയും മക്കള്‍ ഐടി കമ്പനിയുടെയും സ്റ്റാര്‍ ഹോട്ടലിന്റെയും പലിശക്കമ്പനിയുടെയും ഉടമകളാണ്.

എങ്ങനെയുണ്ടായി ഈ പണം? ബീഡിത്തൊഴിലെടുത്തവന്റെ കുടുംബം സ്റ്റാര്‍ ഹോട്ടലിന്റെ ഉടമസ്ഥരായത് എങ്ങനെയെന്ന് മാധ്യമങ്ങള്‍ അന്വേഷിച്ചോ? പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയ ഒരുത്തന്റെ വാക്ക് കേട്ട് ഒരു എംഎല്‍എക്കെതിരെ കേസെടുത്തതു രാഷ്ട്രീയ പാപ്പരത്തമാണ്. പണം കൊടുത്തിട്ടില്ലെന്നു മാനേജ്‌മെന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കെ.എം.ഷാജി ചെയ്ത കുറ്റമെന്താണ്? പ്രതിപക്ഷത്തിന്റെ ധര്‍മവും ഉത്തരവാദിത്തവുമാണ് അദ്ദേഹം ചെയ്തത്. ഫിനാന്‍ഷ്യല്‍ ക്രെഡിബിലിറ്റി ഉള്ള സര്‍ക്കാരല്ല ഇത്. ധൂര്‍ത്താണ് എവിടെയും.-സുധാകരന്‍ പറഞ്ഞു.

എല്ലാം തന്റെ കീഴിലാണെന്ന അധികാരഭ്രമത്തിന്റെ പ്രതീകമാണു പിണറായി. സ്വന്തം പാര്‍ട്ടിയിലെ എത്ര എംഎല്‍എമാര്‍ക്ക് അദ്ദേഹത്തോടു യോജിപ്പുണ്ട്? അവരില്‍ ആരോടെങ്കിലും ഉള്ളില്‍തട്ടി സൗഹൃദം പുലര്‍ത്തുന്നുണ്ടോ? കോവിഡിനെതിരെ മുന്‍പില്‍നിന്നു പ്രവര്‍ത്തിച്ച ശൈലജ ടീച്ചറുടെ ദുരനുഭവം കേരളം കണ്ടതല്ലേ? ഷാജിയുടെ ബുള്ളറ്റ് പ്രയോഗം വരെ എന്തായിരുന്നു സ്ഥിതി. എല്ലാ ദിവസവും വൈകിട്ട് നക്ഷത്രഫലം പറയുന്ന ജ്യോത്സനെപ്പോലെയാണു മാധ്യമങ്ങള്‍ക്കു മുന്‍പില്‍ വന്നിരുന്നത്.

ഒരു ദിവസം ആറ് മണിക്ക് ഒരു കോവിഡ് രോഗി മരിച്ചു. പിന്നെ അടുത്ത ദിവസം ആറിനേ പത്രസമ്മേളനമുള്ളൂ. മരിച്ച രോഗിയുമായി ഇടപഴകിയവര്‍ മരണവിവരം അറിയാന്‍ വൈകി. അദ്ദേഹത്തിലൂടെ മാത്രമേ ഇതൊക്കെ കേരളം അറിയാവൂ എന്ന പിടിവാശി എന്തിനായിരുന്നു? മുഖ്യമന്ത്രിയുടെ അഭിനയമാണ് എല്ലാദിവസവും വൈകിട്ട് കണ്ടിരുന്നത്. ചിരിക്കാത്ത മുഖ്യമന്ത്രി ചിരിക്കുന്നു, ആരുടെയും മുഖത്തുനോക്കാതെ നടക്കുന്ന മുഖ്യമന്ത്രി തല ഉയര്‍ത്തി ആളുകളെ നോക്കുന്നു.

കോവിഡ് നിയന്ത്രിച്ചതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്കല്ല. ഈ നിയന്ത്രണങ്ങളും നടപടികളുമെല്ലാം ഉള്ളില്‍ തട്ടി സ്വീകരിച്ച ജനങ്ങള്‍ക്കും അതു നടപ്പാക്കിയ പൊലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണു ക്രെഡിറ്റ്. സ്പ്രിന്‍ക്ലര്‍ അഴിമതി ആരോപണം സിബിഐ അന്വേഷിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com