പ്രതിപക്ഷത്തെ വന്‍ പ്രക്ഷോഭത്തിലേക്ക് വലിച്ചിഴയ്ക്കരുത് ; സ്പ്രിംഗ്‌ളര്‍  വിഷയത്തില്‍ സര്‍ക്കാരിന് കുഞ്ഞാലിക്കുട്ടിയുടെ മുന്നറിയിപ്പ്

കെ എം ഷാജിയുടെ വിഷയം ഫാക്ച്വല്‍ ആയ മറുപടി കിട്ടിയാല്‍ തീരുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
പ്രതിപക്ഷത്തെ വന്‍ പ്രക്ഷോഭത്തിലേക്ക് വലിച്ചിഴയ്ക്കരുത് ; സ്പ്രിംഗ്‌ളര്‍  വിഷയത്തില്‍ സര്‍ക്കാരിന് കുഞ്ഞാലിക്കുട്ടിയുടെ മുന്നറിയിപ്പ്

കോഴിക്കോട് : സ്പ്രിംഗ്‌ളര്‍  വിഷയത്തില്‍ പ്രതിപക്ഷത്തിനെ വന്‍ പ്രക്ഷോഭത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ മുന്നറിയിപ്പ്. ഇക്കാര്യം യുഡിഎഫ് ഗൗരവമായി ചര്‍ച്ച ചെയ്യും. സ്പ്രിംഗ്‌ളര്‍ വിഷയത്തില്‍  എന്തു നടപടി വേണമെന്ന് കൂടിയാലോചിച്ച് തീരുമാനിക്കും. കോവിഡ് ബാധിച്ച് ലോക്ക്ഡൗണിലായ ഇപ്പോള്‍ വലിയ സമരത്തിന് പറ്റിയ കാലമല്ല. എന്നാല്‍ സര്‍ക്കാര്‍ സമരം ക്ഷണിച്ചു വരുത്തരുതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സ്പ്രിംഗ്‌ളര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ധാര്‍ഷ്ട്യം കാണിക്കരുത്. ഇപ്പോള്‍ സമരം ഉണ്ടാവില്ല, അതിനാല്‍ തോന്നിയ പോലെ പോകാമെന്ന് തീരുമാനിച്ചാല്‍ പിന്നെ നിര്‍വാഹമുണ്ടാകില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്പ്രിംഗ്‌ളര്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ചില സംശയങ്ങളാണ് ചോദിച്ചത്. ആ ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടേണ്ടതുണ്ട്. ഈ ഇടപാടിന് നിയമപരമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ, സ്‌ക്രൂട്ട്‌നി നടത്തിയിട്ടുണ്ടോ, പര്‍ച്ചേയ്‌സ് ഓര്‍ഡര്‍ കൊടുക്കുമ്പോള്‍ സുതാര്യമായിട്ടാണോ ചെയ്തത് തുടങ്ങിയ സംശയങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്.

അതിന് മറുപടി ഇല്ലാത്തതുകൊണ്ടാണ് പ്രതിപക്ഷം ഇക്കാര്യം ആവര്‍ത്തിക്കുന്നത്. മറുപടി കിട്ടുന്നതു വരെ ഇക്കാര്യം ഉന്നയിക്കുക എന്നത് പ്രതിപക്ഷത്തിന്റെ ദൗത്യമാണ്. ഇതും പ്രതിപക്ഷത്തിന്റെ സഹകരണവും തമ്മില്‍ ബന്ധമില്ല. പ്രവാസികളെ മടക്കിക്കൊണ്ടുവരുന്ന വിഷയം വളരെ ഗുരുതരമായ പ്രശ്‌നമാണ്. ഇതില്‍ പ്രതിപക്ഷം സര്‍ക്കാരുമായി സഹകരിക്കും. എന്നുവെച്ച് സര്‍ക്കാര്‍ നടപടികളെപ്പറ്റി ചോദ്യങ്ങള്‍ ഒന്നും ചോദിക്കരുത് എന്നു പറഞ്ഞാല്‍ നടപ്പാകില്ല. ചോദ്യം ചോദിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ പറ്റുമോയെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു.

ലീഗ് എംഎല്‍എ കെ എം ഷാജിയുടെ വിഷയം ഒരു മറുപടിയില്‍ തീരുന്ന പ്രശ്‌നമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ എം ഷാജി ചോദിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റി ചിലവഴിച്ചിട്ടുണ്ടോ എന്നാണ്. നിങ്ങള്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും വേറെ എന്തിനെങ്കിലും ഫണ്ട് കൊടുത്തുവോ, സെന്‍സിറ്റീവ് ആയ ക്രിമിനല്‍ കേസ്, പാര്‍ട്ടിക്കാര്‍ക്കുള്ള നഷ്ടപരിഹാരം അങ്ങനെ എന്തിനെങ്കിലും ഫണ്ട് വകമാറ്റിയിട്ടുണ്ടോ എന്നാണ് പ്രതിപക്ഷത്തെ എംഎല്‍എയായ കെ എം ഷാജി ചോദിച്ചത്. ഇത്തരം ഒരു ചോദ്യം പ്രതിപക്ഷ എംഎല്‍എ ചോദിച്ചാല്‍ അതിനുള്ള മറുപടിയാണ് കിട്ടേണ്ടത്. അതിന് ഫാക്ച്വല്‍ ആയ മറുപടി കിട്ടിയാല്‍ തീരുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂവെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com