മുഖ്യമന്ത്രിയെ അപമാനിക്കാന്‍ ശ്രമം, ടെലിവിഷന്‍ റേറ്റിംഗ് തകര്‍ക്കുക പ്രതിപക്ഷ ലക്ഷ്യം; നിയമവകുപ്പ് എല്ലാകാര്യങ്ങളും അറിയേണ്ടതില്ല: എ കെ ബാലന്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡാറ്റ ശേഖരണവുമായി ബന്ധപ്പെട്ട് സ്പ്രിംഗ്‌ളര്‍ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ തെറ്റില്ലെന്ന് നിയമമന്ത്രി എ കെ ബാലന്‍.
മുഖ്യമന്ത്രിയെ അപമാനിക്കാന്‍ ശ്രമം, ടെലിവിഷന്‍ റേറ്റിംഗ് തകര്‍ക്കുക പ്രതിപക്ഷ ലക്ഷ്യം; നിയമവകുപ്പ് എല്ലാകാര്യങ്ങളും അറിയേണ്ടതില്ല: എ കെ ബാലന്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡാറ്റ ശേഖരണവുമായി ബന്ധപ്പെട്ട് സ്പ്രിംഗ്‌ളര്‍ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ തെറ്റില്ലെന്ന് നിയമമന്ത്രി എ കെ ബാലന്‍. മറ്റുവകുപ്പുകളില്‍ നടക്കുന്ന എല്ലാം കാര്യങ്ങളും നിയമവകുപ്പ് അറിയേണ്ടതില്ല. ഐടി വകുപ്പിന് കരാര്‍ ശരിയാണെന്ന് പൂര്‍ണ ബോധ്യം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോയത്. അതിന് അവര്‍ക്ക് അവകാശമുണ്ട്. സ്പ്രിംഗ്‌ളര്‍ കരാറില്‍ ഐടി വകുപ്പിനാണ് പൂര്‍ണ ഉത്തരവാദിത്തമെന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സാങ്കേതികവിദ്യ വെറുതെ തരാന്‍ ഒരു കമ്പനി തയ്യാറാവുന്നു. അത് സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റ്. ഐടി വകുപ്പാണ് ഇതെല്ലാം പരിശോധിച്ചത്. ഇതില്‍ ഉപദേശം തേടണമെന്ന് തോന്നിയാല്‍ ഐടി വകുപ്പിന് നിയമവകുപ്പിനെ സമീപിക്കാം. അപ്പോള്‍ മാത്രമാണ് നിയമവകുപ്പിന് ഇതില്‍ ഉത്തരവാദിത്തമുളളത്. കരാര്‍ ശരിയാണെന്ന് കണ്ട് നടപടികളുമായി മുന്നോട്ടുപോയത് ഐടി വകുപ്പാണ്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തവും ഐടി വകുപ്പിനാണ്. അത് അവരുടെ റിസ്‌കാണെന്നും എ കെ ബാലന്‍ പറഞ്ഞു.

സ്പ്രിംഗ്‌ളര്‍ കരാറുമായി ബന്ധപ്പെട്ട് ഒരു ഡാറ്റയും ദുരുപയോഗം ചെയ്യില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഉറപ്പുനല്‍കുന്നു. പിന്നെ എന്താണ് കുഴപ്പം. കരാറില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തോന്നുകയാണെങ്കില്‍ പ്രതിപക്ഷം കോടതിയെയാണ് സമീപിക്കേണ്ടത്. അല്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കണ്ടിട്ടാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നേടിയ നേട്ടങ്ങളെ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനത്തിന്റെ ടെലിവിഷന്‍ റേറ്റിംഗ് തകര്‍ക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അപമാനിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. തങ്ങള്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കൈവരിച്ച നേട്ടങ്ങള്‍ ഒന്നും തന്നെ തെരഞ്ഞെടുപ്പില്‍ മുതലാക്കാന്‍ ഉപയോഗിക്കുകയില്ല. അതാണ് കാലങ്ങളായി പിന്തുടരുന്ന രീതിയെന്നും എ കെ ബാലന്‍ പറഞ്ഞു.

എല്ലാ കാര്യങ്ങളും കുറ്റമറ്റ രീതിയില്‍ ചെയ്യാന്‍ സാധിക്കില്ല. തുടര്‍ പ്രവര്‍ത്തനങ്ങളില്‍ അപാകതകള്‍ ചൂണ്ടിക്കാട്ടിയാല്‍ അപ്പോള്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതാണ് പതിവ്. 2001 -2006 കാലഘട്ടത്തില്‍ യുഡിഎഫ് ഭരിക്കുമ്പോള്‍ ഭരണനവീകരണത്തിന് എഡിബിയില്‍ നിന്ന് വായ്പ എടുക്കുമ്പോള്‍ ഒരു കരാര്‍ പോലും ഉണ്ടായിരുന്നില്ലെന്നും എ കെ ബാലന്‍ ഓര്‍മ്മിപ്പിച്ചു.

കരാറില്‍ സാങ്കേതികമായും ഭരണപരമായും പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഭരണവകുപ്പിന് തോന്നണം. എങ്കില്‍ മാത്രമേ പരിശോധിക്കേണ്ടതുളളൂ. നിലവില്‍ ഐടി വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് വിയോജിപ്പില്ല. ഇവിടെ കരാറിന്റെ പൂര്‍ണ ഉത്തരവാദിത്തം ഐടി വകുപ്പിനാണെന്നും എ കെ ബാലന്‍ ആവര്‍ത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com