യാത്രയ്ക്ക് പാസ് വേണ്ട,  എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും; ഈ ജില്ലകൾ മറ്റന്നാൾ മുതൽ സാധാരണ നിലയിലേക്ക്

ഇളവുകൾ പരീക്ഷണാടിസ്ഥാനത്തിലാണെന്നും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങിയാൽ ഇവ വെട്ടിച്ചുരുക്കുന്നതും ആലോചിക്കുമെന്ന് കളക്ടർ പറഞ്ഞു
യാത്രയ്ക്ക് പാസ് വേണ്ട,  എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും; ഈ ജില്ലകൾ മറ്റന്നാൾ മുതൽ സാധാരണ നിലയിലേക്ക്

കോട്ടയം :  ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നതോടെ, ഗ്രീൻ സോണിലായ കോട്ടയം, ഇടുക്കി ജില്ലകൾ ചൊവ്വാഴ്ച മുതൽ
സാധാരണ നിലയിലേക്ക്. കോട്ടയം ജില്ലയിൽ ചൊവ്വാഴ്ച മുതൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും. സർക്കാർ ഓഫിസുകളും പൂർണ തോതിൽ പ്രവർത്തിക്കും. ജില്ലയ്ക്കുള്ളിൽ യാത്രയ്ക്ക് പാസ് വേണ്ട. സത്യവാങ്മൂലവും വേണ്ട. സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണങ്ങളോടെ ജില്ലയിൽ യാത്ര ചെയ്യാം.

ജില്ലയ്ക്കകത്തെ പൊലീസ് പരിശോധന കുറയ്ക്കും.  അയൽ ജില്ലകളിൽ നിന്ന് കോട്ടയത്ത് എത്തുന്നവർ താമസിച്ചു ജോലി ചെയ്യേണ്ടി വരും. ഹോട്സ്പോട്ടായി പ്രഖ്യാപിച്ച ജില്ലകളിൽ നിന്ന് എത്തുന്നവർ 14 ദിവസം ക്വാറന്റീനിൽ കഴിയണം.

അതേ സമയം ജില്ലാ അതിർത്തികളിൽ പരിശോധന കർശനമാക്കും. പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണം. ഇളവുകൾ പരീക്ഷണാടിസ്ഥാനത്തിലാണെന്നും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങിയാൽ ഇവ വെട്ടിച്ചുരുക്കുന്നതും ആലോചിക്കുമെന്ന് കളക്ടർ പി.കെ. സുധീർ ബാബു പറഞ്ഞു.

ഇടുക്കി ജില്ലയിലും എല്ലാ വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കും. ഓട്ടോ,  ടാക്‌സി ഓടാം. വാഹനങ്ങളിൽ മാസ്‌കും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും ഉണ്ടായിരിക്കണം. സംസ്ഥാന അതിർത്തിയിലെ 28 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ കർശന നിയന്ത്രണങ്ങൾ തുടരും.

കോട്ടയത്ത് മന്ത്രി പി തിലോത്തമന്റെയും ഇടുക്കിയിൽ മന്ത്രി എം എം മണിയുടെയും സാന്നിധ്യത്തിൽ അവലോകന യോഗങ്ങൾ ചേർന്ന് സ്ഥിതി​ഗതികൾ വിലയിരുത്തി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com