ഇന്ന് സംസ്ഥാനത്ത് 19 പേര്‍ക്ക് കോവിഡ്; 16 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് പുതുതായി 19 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു.
ഇന്ന് സംസ്ഥാനത്ത് 19 പേര്‍ക്ക് കോവിഡ്; 16 പേര്‍ രോഗമുക്തരായി

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് നെഗറ്റീവ് കേസുകളെക്കാള്‍ പോസറ്റീവ് കേസുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് പുതുതായി 19 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ 10, പാലക്കാട് 4, കാസര്‍കോട് 3, കൊല്ലം 1, മലപ്പുറം 1 എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചവര്‍.  കണ്ണൂരില്‍ 9 പേര്‍ വിദേശത്തുനിന്നെത്തിയവരാണെന്നും ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാലക്കാട്, മലപ്പുറം, കൊല്ലം എന്നിവിടങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഓരോരുത്തര്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ്. അതുകൊണ്ട് തന്നെ ്അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കും. കാസര്‍കോട് രോഗം സ്ഥിരീകരിച്ചവര്‍ വിദേശത്തുനിന്നെത്തിയവരാണ്. ഇന്ന് 16 പേരാണ് കോവിഡ് രോഗമുക്തി നേടിയത്. ഇതില്‍ ഏഴ് പേര്‍ കണ്ണൂര്‍ സ്വദേശികളാണ്. കാസര്‍കോട് 4, കോഴിക്കോട് 4, തിരുവനന്തപുരം 3 എന്നിങ്ങനെയാണ് രോഗമുക്തി നേടി ആശുപത്രി വിട്ട മറ്റുള്ളവരുടെ കണക്കുകള്‍

സംസ്ഥാനത്ത് ഇതുവരെ 426 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 117 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 36,667 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 36,335 പേര്‍ വീടുകളിലാണ്. രോഗലക്ഷണങ്ങളുള്ള 332 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് മാത്രം 112 പേരെയാണ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. 20,252 സാമ്പിളുകള്‍ പരിശോധനയ്ക്ക അയച്ചു. 19,442 പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള ജില്ല കണ്ണൂരാണ്. 104 പേര്‍ക്കാണ് കോവിഡ് സ്ഥിരികരിച്ചത്. ഒരു വീട്ടില്‍ മാത്രം പത്തുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ രോഗബാധിതരായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രോഗലക്ഷണമില്ലെങ്കിലും മാർച്ച് 12നും ഏപ്രിൽ 22നും ഇടയിൽ നാട്ടിലെത്തിയ പ്രവാസികളെയും അവരുടെ ഹൈറിസ്ക് കോൺടാക്ടുകളിലുള്ള മുഴുവൻ പേരുടെയും സാംപിൾ പരിശോധിക്കും. 53 പേരാണ് ഇപ്പോൾ കണ്ണൂർ ജില്ലയില്‍ മാത്രം ചികിത്സയിലുള്ളത്. പോസിറ്റീവ് കേസുകൾ കൂടിയതിനാൽ ലോക്ഡൗൺ കർശനമായി നടപ്പിലാക്കുന്നു എന്നുറപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങളിൽ പരിശോധനയും ഏർപ്പെടുത്തി. ജില്ലയിൽ റോഡിലിറങ്ങുന്ന എല്ലാ വാഹനവും ഒരു പൊലീസ് പരിശോധനയ്ക്ക് എങ്കിലും വിധേയമാകും എന്ന് ഉറപ്പിക്കുന്നുണ്ട്.

ഹോട്സ്പോട്ടായി പ്രഖ്യാപിച്ച പ്രദേശങ്ങൾ പൂർണമായി സീൽ ചെയ്തു. പൊലീസ് അനുവദിക്കുന്ന ചുരുക്കം ചില മെഡിക്കൽ ഷോപ്പുകൾ മാത്രമാണു പ്രവർത്തിക്കേണ്ടത്. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും കോൾ സെന്ററുകളുണ്ട്. മറ്റു ജില്ലകളിലെ ഇളവുകൾ കണ്ണൂരിനും ബാധകമെന്നു ധരിച്ച് കുറേപേർ ഇന്ന് റോഡിലിറങ്ങി. കണ്ണൂർ അടക്കം നാലു ജില്ലകൾ റെഡ്സോണിലാണ്, ഇതു മനസ്സിലാക്കി സഹകരിക്കണമെന്നാണ് കണ്ണൂരിലെ ജനങ്ങളോടു പറയാനുള്ളത് മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com