കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ട്  ഡോക്ടര്‍മാര്‍ക്ക് കോവിഡ് ; രോഗ ബാധ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പം സഞ്ചരിച്ചവര്‍ക്ക്

ഡല്‍ഹിയില്‍ വിനോദയാത്രയ്ക്ക് പോയി മടങ്ങി വന്നവരിലാണ് കൊറോണ സ്ഥിരീകരിച്ചത്
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ട്  ഡോക്ടര്‍മാര്‍ക്ക് കോവിഡ് ; രോഗ ബാധ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പം സഞ്ചരിച്ചവര്‍ക്ക്

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ വിനോദയാത്രയ്ക്ക് പോയി മടങ്ങി വന്നവരിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിലാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവര്‍ സഞ്ചരിച്ച ട്രെയിനിലാണ് ഇവര്‍ തിരികെ നാട്ടിലെത്തിയത്. വാര്‍ഷിക പരീക്ഷ അവസാനിച്ചതിന് പിന്നാലെ പത്തോളം പേരടങ്ങുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സംഘമാണ് ഡല്‍ഹിയില്‍ വിനോദയാത്രയ്ക്ക് പോയത്.

ഇവര്‍ തിരിച്ചെത്തി കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. നിരീക്ഷണ കാലാവധി പൂര്‍ത്തിയാകാനിരിക്കെയാണ് ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്. ഇവരില്‍ രണ്ടുപേര്‍ക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത്.

ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ വാര്‍ഡിലേക്ക് മാറ്റി. ഇവര്‍ക്കൊപ്പം കോഴിക്കോട്ടെ വീട്ടില്‍ മറ്റ് ഏഴുപേര്‍ കൂടി താമസിച്ചിരുന്നു. ഇവരെ വീണ്ടും നിരീക്ഷണത്തിലാക്കി. പരീക്ഷ പൂര്‍ത്തിയാക്കിയ ഇവര്‍ക്ക് 15 -ാം തീയതിയാണ് ഹൗസ് സര്‍ജന്‍സി പരീശീലനം ആരംഭിച്ചത്.

ഹൗസ് സര്‍ജന്‍സി തുടങ്ങുന്നതിന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്രീനിങ് ടെസ്റ്റ് നടത്തിയിരുന്നു. ഇതില്‍ വിദ്യാര്‍ത്ഥികളെ പരിശോധിച്ച ആറ് മെഡിക്കല്‍ കോളജ് അധ്യാപകരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ മറ്റ് ആരെങ്കിലുമായി ഇടപഴകിയിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com