ന്യൂക്ലിക് ആസിഡ് ഷെഡിങ് പ്രതിഭാസം ? ; 28 ദിവസം കഴിഞ്ഞും കോവിഡ് പോസിറ്റീവ് കണ്ടെത്തുന്നതിൽ കൂടുതൽ പരിശോധന വേണമെന്ന് വിദ​ഗ്ധർ

വൈറസിലെ ന്യൂക്ലിക് ആസിഡ് പുറന്തളളപ്പെടുന്ന അവസ്ഥയാണിത്.  39 ദിവസം വരെ ഇത് തുടരാം
ന്യൂക്ലിക് ആസിഡ് ഷെഡിങ് പ്രതിഭാസം ? ; 28 ദിവസം കഴിഞ്ഞും കോവിഡ് പോസിറ്റീവ് കണ്ടെത്തുന്നതിൽ കൂടുതൽ പരിശോധന വേണമെന്ന് വിദ​ഗ്ധർ

തിരുവനന്തപുരം: കോവിഡ് നിരീക്ഷണ കാലാവധിയായ 28 ദിവസം കഴിഞ്ഞും വിദേശത്തു നിന്ന് വന്നവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് വൈറസിന്‍റെ ന്യൂക്ലിക് ആസിഡ് ഷെഡിങ് പ്രതിഭാസം മൂലമെന്ന് ആരോ​ഗ്യ വിദഗ്ധര്‍. ഈ സാഹചര്യത്തിൽ പിസിആര്‍ പരിശോധന അല്ലാതെ സ്രവത്തിന്‍റെ കള്‍ച്ചര്‍ പരിശോധന നടത്തി ഇത് കൂടുതല്‍ പഠന വിധേയമാക്കണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെടുന്നു.  

വൈറസിലെ ന്യൂക്ലിക് ആസിഡ് പുറന്തളളപ്പെടുന്ന അവസ്ഥയാണിത്.  39 ദിവസം വരെ ഇത് തുടരാം. ഈ കാലയളവില്‍ പിസി ആര്‍ പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തും. ഈ കാലയളവില്‍ രോഗം പകരാനുള്ള സാധ്യത കുറവാണെന്നും ആശങ്ക വേണ്ടെന്നും ഡോക്ടർമാർ സൂചിപ്പിച്ചു.

ഇക്കാലയളവില്‍ വൈറസ് ജീവനുള്ളതാണോ അല്ലയോ എന്നറിയാല്‍ കള്‍ച്ചര്‍ പരിശോധനയാണ് നടത്തേണ്ടത്. അത് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണുള്ളത്. ഈ പരിശോധനയിലും പോസിറ്റീവായാല്‍ മാത്രമേ രോഗ വ്യാപന സാധ്യത ഉണ്ടാകൂ എന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടി.

കേരളത്തിലേക്ക് അവസാന വിമാനമെത്തിയത് മാര്‍ച്ച് 22-നാണ്. ഹൈ റിസ്ക് വിഭാഗത്തില്‍പെട്ടവര്‍ അന്നുമുതല്‍ 28 ദിവസം നിരീക്ഷണത്തിലായിരുന്നു. പലര്‍ക്കും രോഗ ലക്ഷണങ്ങളും ഇല്ലായിരുന്നു. എന്നാൽ വിദേശത്തു നിന്നെത്തിയവരെ മുഴുവൻ പരിശോധിച്ചു തുടങ്ങിയതോടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയവരിലും രോഗം കണ്ടെത്തി. ഇതാണ് ആശങ്ക ഉയര്‍ത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com