മരിച്ച ഭർത്താവിനെ കാണാൻ അമേരിക്കയിൽ നിന്നെത്തി, ഉള്ളുനീറി കാത്തിരുന്നത് 39 ദിവസം; അവസാനം അന്ത്യചുംബനം നൽകി യാത്രയാക്കി

അമേരിക്കൻ മലയാളിയായ കല്ലിശ്ശേരി കല്ലുപാലത്തിങ്കൽ സാജന്റെ (61) ശവസംസ്‌കാരമാണ് കൊറോണയെ തുടർന്നുള്ള തടസ്സങ്ങൾ കാരണം വൈകിയത്
മരിച്ച ഭർത്താവിനെ കാണാൻ അമേരിക്കയിൽ നിന്നെത്തി, ഉള്ളുനീറി കാത്തിരുന്നത് 39 ദിവസം; അവസാനം അന്ത്യചുംബനം നൽകി യാത്രയാക്കി

ചെങ്ങന്നൂർ; 39 ദിവസമാണ് അവർ കാത്തിരുന്നത്, അന്ത്യചുംബനം നൽകി പ്രിയപ്പെട്ടവനെ യാത്രയാക്കാൻ. അമേരിക്കയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയും പിന്നീട് 28 ദിവസത്തെ ക്വാറന്റീൻ കാലാവധിയും കടന്ന് എത്തുമ്പോഴും അവർക്കായി അദ്ദേഹത്തിന്റെ ശരീരം കാത്തിരിക്കുകയായിരുന്നു. നാട്ടിൽ മരിച്ച അമേരിക്കൻ മലയാളിയായ കല്ലിശ്ശേരി കല്ലുപാലത്തിങ്കൽ സാജന്റെ (61) ശവസംസ്‌കാരമാണ് കൊറോണയെ തുടർന്നുള്ള തടസ്സങ്ങൾ കാരണം വൈകിയത്.

ഹോട്ടൽ ബിസിനസ്സുകാരനായ സാജനും ഭാര്യ സുബ മക്കളായ ജിതിൻ, നേഹ, നവീന എന്നിവർ 25 വർഷത്തിലേറെയായി ഫ്‌ളോറിഡയിൽ സ്ഥിരതാമസമാണ്. ആസ്തമ രോഗത്തിന്റെ ചികിത്സയ്ക്ക് കഴിഞ്ഞ സെപ്റ്റംബറിലാണ് സാജൻ നാട്ടിലെത്തിയത്. മാർച്ച് 14-ന് ചിങ്ങവനത്ത് മരിച്ചു. അപ്പോഴേക്കും അമേരിക്കയിൽ കൊറോണ പിടിമുറുക്കിയിരുന്നു. യാത്ര വിലക്ക് ഏർപ്പെടുത്തിയതോടെ നാട്ടിലേക്ക് വരാനാകുമോ എന്നറിയാത്ത അവസ്ഥയിലായി. സാജന്റെ മരണസർട്ടിഫിക്കറ്റ് നാട്ടിൽനിന്ന് ഇന്ത്യൻ എംബസി വഴി ഹാജരാക്കിയതിന് ശേഷമാണ് യാത്ര അനുമതി ലഭിച്ചത്. 

ഒടുവിൽ അഞ്ചുദിവസം കഴിഞ്ഞ് 19-ന് ഇവർക്ക് വിസയും യാത്രാനുമതിയും ലഭിച്ചു. പക്ഷേ, അമേരിക്കൻ സൈന്യത്തിൽ ക്യാപ്റ്റനായ മൂത്ത മകൻ ജിതിന് അവധിപോലും ലഭിച്ചിട്ടില്ല. സുബയ്ക്കും രണ്ട് പെൺമക്കൾക്കും കടമ്പകൾ ഏറെ കടന്നതിനുശേഷമാണ് 23-ന് വെളുപ്പിനെ പോലീസ് അകമ്പടിയോടെ കല്ലിശ്ശേരി കല്ലുപാലത്തിങ്കൽ വീട്ടിലെത്തിയത്. തുടർന്ന് 28 ദിവസത്തെ ക്വാറന്റീൻ കാലമായിരുന്നു. അവസാനം കഴിഞ്ഞ ചൊ വ്വാഴ്ചയാണ് ഇവർ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന സാജന്റെ ചേതനയറ്റ ശരീരം ഒരുനോക്കു കണ്ടത്. പൊലീസിന്റേയും ആരോ​ഗ്യവകുപ്പിന്റേയും മേൽനോട്ടത്തിൽ സംസ്കാരം നടത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com