ഉന്നത ബന്ധം മുതലാക്കി; അധ്യാപികയെ സർക്കാർ വാഹനത്തിൽ അതിർത്തി കടത്തി പൊലീസ്; നടപടിയെടുക്കാൻ കളക്ടർ

തിരുവനന്തപുരത്തുനിന്നാണ് ഇവരെ പ്രത്യേക സൗകര്യത്തിൽ കർണാടകയിൽ എത്തിച്ചത്
ഉന്നത ബന്ധം മുതലാക്കി; അധ്യാപികയെ സർക്കാർ വാഹനത്തിൽ അതിർത്തി കടത്തി പൊലീസ്; നടപടിയെടുക്കാൻ കളക്ടർ

വയനാട്; ലോക്ക്ഡൗണിനെ തുടർന്ന് ജില്ലാ യാത്രകൾക്ക് പോലും കടുത്ത നിയന്ത്രണം നിലനിൽക്കെ പൊലീസ് ഉദ്യോ​ഗസ്ഥരുടെ സഹായത്തിൽ സംസ്ഥാന അതിർത്തി കടന്ന് അധ്യാപിക. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെയാണ് സർക്കാർ വാഹനത്തിൽ കർണാടയിലെത്തിച്ചത്. വയനാട്ടിലെ ചെക്‌പോസ്റ്റുകൾവഴി ഉന്നത എക്സൈസ് ഉദ്യോഗസ്ഥന്റെ വാഹനത്തിലാണ് ഇവർ യാത്രചെയ്തത്. എന്നാൽ ഇതിനെതിരെ രൂക്ഷ വിമർശനവുമായി വയനാട് കളക്ടർ അദീല അബ്ദുള്ള രം​ഗത്തെത്തി. 

തിരുവനന്തപുരത്തുനിന്നാണ് ഇവരെ പ്രത്യേക സൗകര്യത്തിൽ കർണാടകയിൽ എത്തിച്ചത്. തലസ്ഥാനത്തെ ഉന്നത സർക്കാർ ഉദ്യോ​ഗസ്ഥരുമായുള്ള ബന്ധം മുതലാക്കിയാണ് ഇവർ സർക്കാർ വാഹനത്തിൽ സുഖ സഞ്ചാരം നടത്തിയത്. ഡൽഹിയിലേക്കാണ് അധ്യാപിക യാത്രചെയ്യുന്നതെന്നാണു വിവരം. തിരുവനന്തപുരത്തുനിന്ന് കർണാടകയിലേക്കു യാത്രചെയ്യാൻ പോലീസിന്റെ യാത്രാപാസ് അധ്യാപികയ്ക്കുണ്ടായിരുന്നു. ഇത്തരമൊരു പാസ് നൽകാൻ പോലീസിന് അധികാരമില്ലെന്ന് വയനാട് കളക്ടർ അദീല അബ്ദുള്ള പറഞ്ഞു.

താമരശ്ശേരിയിൽനിന്നാണ് വയനാട്ടിലെ ഉന്നത എക്സൈസ് ഉദ്യോഗസ്ഥൻ അധ്യാപികയെ ഔദ്യോഗിക വാഹനത്തിൽ കയറ്റിയത്. അതിർത്തികളിലെ കർശന പരിശോധനകളെ ഈ അധ്യാപിക മറികടന്നത് ഈ ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ്. തിരുവനന്തപുരത്ത് നിന്ന് ഇവർ എത്തിയതും സർക്കാർ വാഹനത്തിലാണെന്നും സൂചനയുണ്ട്. 

തിരുവനന്തപുരം കേന്ദ്രീയവിദ്യാലയത്തിൽ പഠിപ്പിക്കുന്ന അധ്യാപികയുടെ ശിഷ്യരിൽ ഉന്നത ഉദ്യോഗസ്ഥരുടെ മക്കളുണ്ട്. ഈ സ്വാധീനം ഉപയോഗിച്ചാണ് ഇവർ യാത്രചെയ്തതെന്നാണു നിഗമനം.ജില്ലാഭരണകൂടവും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരും ഗൗരവത്തോടെയാണ് ഈ വീഴ്ച അന്വേഷിക്കുന്നത്. അന്തസ്സംസ്ഥാന യാത്രാനുമതി നൽകാൻ പോലീസിന് അധികാരമില്ലെന്നിരിക്കെ എങ്ങനെ പാസ് നൽകിയെന്നത് അന്വേഷിക്കുന്നുണ്ട്. ഇതിൽ പങ്കാളികളായ എല്ലാ ഉദ്യോഗസ്ഥർക്കെതിരേയും വകുപ്പുതല അന്വേഷണമുണ്ടാകും. അധ്യാപിക മടങ്ങിയെത്തുമ്പോൾ അവരും അന്വേഷണം നേരിടേണ്ടിവരുമെന്നും കളക്ടർ പറഞ്ഞു. പോലീസും സംഭവം അന്വേഷിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com