ജീവനുള്ള കരിമീന്‍ തൊണ്ടയില്‍ കുടുങ്ങി ; അറുപതുകാരന് പുതുജന്മം

ജീവനുള്ള കരിമീന്‍ തൊണ്ടയില്‍ കുടുങ്ങി ; അറുപതുകാരന് പുതുജന്മം

സാധാരണ ശ്വാസനാളം അടഞ്ഞാല്‍ ആറ് മിനിറ്റിനുള്ളില്‍ മസ്തിഷ്‌കമരണം സംഭവിക്കും

തൃശ്ശൂര്‍ : തൊണ്ടയില്‍ ജീവനുള്ള കരിമീന്‍ കുടുങ്ങിയ അറുപതുകാരന് പുതുജന്മം. തൃശൂര്‍ അമല കോളജിലെ ഡോക്ടര്‍മാരാണ് അറുപതുകാരന്റെ തൊണ്ടയില്‍ കുടുങ്ങിയ കരിമീനിനെ പുറത്തെടുത്തത്. കൃഷ്ണനെന്ന മധ്യവയസ്‌കനാണ് കൂട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

സംസാരശേഷിയില്ലാത്ത ചാവക്കാട് എടക്കഴിയൂര്‍ കടലാപറമ്പില്‍ കൃഷ്ണന്‍ പുഴയില്‍ക്കിടന്ന് മരണവെപ്രാളം കാണിക്കുന്നത് എന്തിനാണെന്ന് കൂടെയുണ്ടായിരുന്നവര്‍ക്ക് മനസ്സിലായില്ല. കരയിലെത്തി വാപിളര്‍ന്ന് കാണിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. തൊണ്ടയില്‍ കുടുങ്ങിയ കരിമീനിന്റെ വാലറ്റം മാത്രമായിരുന്നു പുറത്തുകാണാനുണ്ടായിരുന്നത്.

കൃഷ്ണനെ കൂട്ടുകാര്‍ ബൈക്കില്‍ കയറ്റി ഉടന്‍ തന്നെ ചാവക്കാട്ടെ ആശുപത്രിയിലെത്തിച്ചു. അപകടം മനസ്സിലാക്കിയ അവര്‍ അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇ.എന്‍.ടി. വിഭാഗം ഡോക്ടര്‍മാരായ അര്‍ജുന്‍ ജി. മേനോന്‍, ലിന്റ ജേക്കബ്, അനൂപ് കുരുവിള, നഴ്‌സ് റീമ റാഫി എന്നിവരുടെ സംഘം മീനിനെ പുറത്തെടുക്കുകയായിരുന്നു.

ആദ്യം കിട്ടിയ കരിമീനിനെ വായില്‍ കടിച്ചുപിടിച്ച് മീന്‍പിടിത്തം തുടര്‍ന്നതാണ് കൃഷ്ണന് വിനയായത്. അടുത്ത മീനിനായി പുഴയില്‍ തപ്പുന്നതിനിടെയാണ് കരിമീന്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. പ്രാണവെപ്രാളത്തില്‍ കരിമീന്‍ പിടഞ്ഞതാണ് തൊണ്ടയില്‍ കുടുങ്ങാന്‍ ഇടയാക്കിയത്.

സാധാരണ ശ്വാസനാളം അടഞ്ഞാല്‍ ആറ് മിനിറ്റിനുള്ളില്‍ മസ്തിഷ്‌കമരണം സംഭവിക്കും. മീന്‍ ശ്വാസനാളത്തില്‍ അനങ്ങിക്കൊണ്ടിരുന്നതിനാല്‍ ഇടയ്ക്ക് അല്പം വായു ലഭിച്ചതിനാലാണ് കൃഷ്ണന് ജീവന്‍ തിരികെ കിട്ടിയത്. നിറയെ മുള്ളുള്ള കരിമീനായതിനാല്‍ പുറത്തെടുക്കാന്‍ ബുദ്ധിമുട്ടിയെന്ന് ഡോ അര്‍ജുന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com