വയനാട്ടില്‍ വയോജനങ്ങളെ പുറത്തിറക്കിയാല്‍ കുടുങ്ങും; സംരക്ഷണ ചുമതലയുള്ളവര്‍ക്കെതിരെ കേസെടുക്കുമെന്ന് കലക്ടര്‍

വയനാട്ടില്‍ വയോജനങ്ങളെ വീട്ടില്‍ നിന്ന് പുറത്തേക്ക് പറഞ്ഞുവിടുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം.
വയനാട്ടില്‍ വയോജനങ്ങളെ പുറത്തിറക്കിയാല്‍ കുടുങ്ങും; സംരക്ഷണ ചുമതലയുള്ളവര്‍ക്കെതിരെ കേസെടുക്കുമെന്ന് കലക്ടര്‍

കല്‍പ്പറ്റ: വയനാട്ടില്‍ വയോജനങ്ങളെ വീട്ടില്‍ നിന്ന് പുറത്തേക്ക് പറഞ്ഞുവിടുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം.  പ്രായമുള്ള ആളുകളെ മാസ്‌ക്കുകളില്ലാതെ വീട്ടില്‍ നിന്നും പുറത്തേക്ക് സാധനങ്ങള്‍ വാങ്ങാനും മറ്റും പറഞ്ഞയക്കുന്ന സംരക്ഷണ ചുമതലയുള്ളവര്‍ക്കെതിരെ വയോജന സംരക്ഷണ പ്രകാരം കേസെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള വ്യക്തമാക്കി.

സാധനങ്ങള്‍ വാങ്ങാനും ബാങ്കുകളിലേക്ക് പോകാനും മാസ്‌കുകളും മറ്റ് മുന്‍ കരുതലുകളില്ലാതെയും മുതിര്‍ന്ന പൗരന്മാര്‍ സമീപ ദിവസങ്ങളില്‍ വ്യാപകമായി പുറത്തിറങ്ങിയിരുന്നു. കോവിഡ് കരുതല്‍ കൂടുതല്‍ ആവശ്യമുള്ള 65 വയസിനു മുകളിലുള്ളവര്‍ മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിട്ടാണ് പുറത്തേക്ക് ഇറങ്ങുന്നതെന്ന് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിപ്പെട്ടിട്ടുണ്ട്. 

വയോജന സംരക്ഷണ നിയമപ്രകാരം  മുതിര്‍ന്നവര്‍ക്ക് ആവശ്യവസ്തുക്കളും മറ്റ് സേവനങ്ങളും എത്തിച്ചു നല്‍കേണ്ടത് മക്കളുടെയും കുടുംബക്കാരുടെയും  ഉത്തരവാദിത്വമാണ്. ഇന്ന് മുതല്‍ ഈ നിയമപ്രകാരം നടപടി ഉണ്ടാകും. സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്കെതിരെയായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുകയെന്ന് കലക്ടര്‍ വ്യക്തമാക്കി. 

ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്ക് സഹായം വേണമെങ്കില്‍ പൊലീസിനെയും ഫയര്‍ ഫോഴ്‌സിനെയും ഫോണിലൂടെ ബന്ധപ്പെടാം. 100,  101 നമ്പറുകളിലും കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം നമ്പറിലും ബന്ധപ്പെട്ടാല്‍ സഹായം എത്തിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com