സ്വകാര്യതയേക്കാള്‍ പ്രധാനം മനുഷ്യജീവന്‍ ; കരാര്‍ സമൂഹവ്യാപന സാധ്യത മുന്നില്‍ കണ്ട് ; ഇന്ത്യയിലും ക്രിമിനല്‍ കേസെടുക്കാമെന്ന് സ്പ്രിംഗ്‌ളര്‍ കേസില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം

നിയമലംഘനമുണ്ടായാല്‍ കമ്പനിക്കെതിരേ ന്യൂയോര്‍ക്കില്‍ മാത്രമല്ല, ഇന്ത്യയിലും നിയമനടപടി സാധ്യമാണ്
സ്വകാര്യതയേക്കാള്‍ പ്രധാനം മനുഷ്യജീവന്‍ ; കരാര്‍ സമൂഹവ്യാപന സാധ്യത മുന്നില്‍ കണ്ട് ; ഇന്ത്യയിലും ക്രിമിനല്‍ കേസെടുക്കാമെന്ന് സ്പ്രിംഗ്‌ളര്‍ കേസില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം

തിരുവനന്തപുരം: കോവിഡ് ബാധിതരില്‍നിന്നും നിരീക്ഷണത്തില്‍ കഴിയുന്നവരില്‍നിന്നും ശേഖരിച്ച വിവരങ്ങള്‍ ഒരുതരത്തിലും ചോരില്ലെന്ന് സര്‍ക്കാര്‍.  സ്പ്രിംഗ്‌ളര്‍ കരാറില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സപ്രിംഗ്‌ളര്‍  കമ്പനിക്കു കൈമാറുന്ന വിവരങ്ങള്‍ ചോരാതിരിക്കാനുള്ള ശക്തമായ വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യതയേക്കാള്‍ പ്രധാനം മനുഷ്യജീവനാണെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

നിയമലംഘനമുണ്ടായാല്‍ കമ്പനിക്കെതിരേ ന്യൂയോര്‍ക്കില്‍ മാത്രമല്ല, ഇന്ത്യയിലും നിയമനടപടി സാധ്യമാണ്. സ്പ്രിംഗ്‌ളറുമായി കരാറുണ്ടാക്കിയത് ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണ്. കോവിഡുമായി ബന്ധപ്പെട്ട് 80 ലക്ഷം പേരുടെ സ്‌ക്രീനിങ് വേണ്ടിവരുമെന്നാണു കണക്കുകൂട്ടുന്നത്. വിവരശേഖരണത്തിന് ഒട്ടേറെ ഐ.ടി. കമ്പനികള്‍ സംസ്ഥാനത്തും രാജ്യത്തുമുണ്ടെങ്കിലും വലിയതോതില്‍ വിവരങ്ങള്‍ വിലയിരുത്താന്‍ ശേഷിയുള്ള സ്ഥാപനങ്ങള്‍ ഇന്ത്യയിലില്ല.

കോവിഡ് രോഗികളില്‍നിന്നുള്ള വിവരങ്ങള്‍ കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ഇത് ആവശ്യമാണ്. വിവരങ്ങള്‍ വിലയിരുത്താന്‍ സാധ്യമായ സോഫറ്റ്‌വേര്‍ വികസിപ്പിച്ചെടുക്കാന്‍ സമയം വേണ്ടിവരും. ഈ സാഹചര്യത്തിലാണ് സ്പ്രിംഗ്‌ളറിന്റെ സേവനം ഉപയോഗിച്ചത്. വിവരങ്ങളുടെ വിലയിരുത്തലിനു വേണ്ടിയാണ് കമ്പനിയുടെ സോഫ്റ്റ്‌വേറില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തത്.

വിവരങ്ങള്‍ കൈമാറുന്നതില്‍നിന്ന് കമ്പനിയെ കര്‍ശനമായി വിലക്കിയിട്ടുണ്ട്. കരാര്‍ കാലാവധി തീരുമ്പോള്‍ സ്പ്രിംഗഌറിന് ഡാറ്റ കൈവശം സൂക്ഷിക്കാനാവില്ല. സമൂഹവ്യാപനം ഉണ്ടായാല്‍ 1.80 കോടി പേരുടെ വിവരങ്ങള്‍ ശേഖരിക്കണം. ഇതിന് സര്‍ക്കാരിന് ശേഷിയില്ല. സമൂഹവ്യാപന സാദ്യത മുന്നില്‍ കണ്ടാണ് കരാര്‍ നല്‍കിയത്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍നിന്ന് 41 ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ശേഖരിക്കുന്നത്. ഇതില്‍ രണ്ടു ചോദ്യങ്ങള്‍ നിര്‍ണായകമാണെങ്കിലും ഇവകൂടി ശേഖരിക്കാതെ വിവരവിലയിരുത്തല്‍ സാധ്യമല്ല.

കമ്പനിയുടെ ആസ്ഥാനവുമായി ബന്ധപ്പെട്ടാണ് ന്യൂയോര്‍ക്ക് കോടതിയുടെ നിയമപരിധി ബാധകമാകുന്നത്. സ്പ്രിംഗ്‌ളറുമായി ബന്ധപ്പെട്ട നിയമനടപടികളുടെ അധികാരപരിധിയായി നിശ്ചയിച്ചിട്ടുള്ളത് ന്യൂയോര്‍ക്കാണ്. അതിനാല്‍ കരാറുണ്ടാക്കുമ്പോള്‍ ഇക്കാര്യംകൂടി അംഗീകരിക്കേണ്ടി വരും. തര്‍ക്കങ്ങളുണ്ടായാല്‍ ഐ.ടി. ആക്ട് പ്രകാരം ഇന്ത്യയിലും ഇതുമായി ബന്ധപ്പെട്ട് കേസുകള്‍ നടത്താന്‍ സാധിക്കും. ന്യൂയോര്‍ക്ക് കോടതി പരിധിയില്‍ വരുന്നത് സിവില്‍ കേസുകള്‍ മാത്രമാണ്. വിവര കൈമാറ്റത്തിനെതിരേ കൂടുതല്‍ ഗുണകരമായ രണ്ട് ഡേറ്റാ പ്രൊട്ടക്ഷന്‍ ആക്ടുകള്‍ ന്യൂയോര്‍ക്കിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കരാറുമായി ബന്ധപ്പെട്ട് നിയമപ്രശ്‌നങ്ങളുണ്ടോ എന്നതടക്കം പരിശോധിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അമേരിക്കന്‍ കമ്പനിയായ സ്പ്രിം?ഗ്‌ളറുമായിസംസ്ഥാന സര്‍ക്കാരുണ്ടാക്കിയ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള പൊതു താല്‍പര്യ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് വിശദീകരണം തേടിയത്. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com