കോവിഡില്‍ നിന്ന് കരകയറി കാസര്‍കോട്; ഇന്ന് അഞ്ച് പേര്‍ ആശുപത്രി വിട്ടു; ചികിത്സയിലുള്ളത് 14 പേര്‍ മാത്രം

കേരളത്തിലെ ഏറ്റവും കുടുതല്‍ രോഗികളെ പ്രവേശിപ്പിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഇനി ചികിത്സയില്‍ ഉള്ളത് ഒരാള്‍ മാത്രമാണ്
കോവിഡില്‍ നിന്ന് കരകയറി കാസര്‍കോട്; ഇന്ന് അഞ്ച് പേര്‍ ആശുപത്രി വിട്ടു; ചികിത്സയിലുള്ളത് 14 പേര്‍ മാത്രം

കാസര്‍കോട്: ജില്ലയ്ക്ക് ആശ്വാസവാര്‍ത്ത. കോവിഡ് മുക്തരായി ഇന്ന് അഞ്ച് പേര്‍ ആശുപത്രി വിട്ടു. 14 പേരാണ് ഇനി ജില്ലയിലെ വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കേരളത്തിലെ ഏറ്റവും കുടുതല്‍ രോഗികളെ പ്രവേശിപ്പിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഇനി ചികിത്സയില്‍ ഉള്ളത് ഒരാള്‍ മാത്രമാണ്.

ഹോട്ട്‌സ്‌പോട്ടുകളല്ലാത്ത പഞ്ചായത്തുകളിലും നഗരസഭയിലും നേരിയ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചു.ഇനി ജില്ലയില്‍ 14 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ജില്ലയില്‍ 15 പഞ്ചായത്തുകളിലും 2 നഗരസഭകളിലുമായി 172 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ പത്ത് പഞ്ചായത്തുകള്‍ കോവിഡ് മുക്തമായി. ഇനി അഞ്ച് പഞ്ചായത്തുകളിലും കാസര്‍കോട്, കാഞ്ഞങ്ങാട് നഗരസഭകളിലുമാണ് രോഗികളുള്ളത്.

ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകളായ ആറ് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ലോക്ക്ഡൗണ്‍ കര്‍ശനമായി തുടരും. കാസര്‍കോട്, കാഞ്ഞങ്ങാട് നഗരസഭകളിലും, ചെമ്മനാട്, മുളിയാര്‍, ചെങ്കള, മൊഗ്രാല്‍പ്പൂത്തൂര്‍, ഉദുമ, മധൂര്‍ എന്നീ പഞ്ചായത്തുകളുമാണ് ഹോട്ട്‌സ്‌പോട്ടുകള്‍. ഈ പ്രദേശങ്ങളില്‍ ഒരുത്തരത്തിലുള്ള ഇളവുകളും അനുവദിക്കില്ല.

ജില്ലയില്‍ ഒരിടത്തും പൊതുഗതാഗതവും അനുവദിക്കില്ല. എന്നാല്‍ ഹോട്ട്‌സ്‌പോട്ട് അല്ലാത്ത പഞ്ചായത്തുകളില്‍ കൃഷി, നിര്‍മ്മാണ പ്രവൃത്തികള്‍, ശുചീകരണം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തികള്‍ എന്നിവ അനുവദിക്കും. നേരത്തെ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയ കടകള്‍ക്ക് പുറമെ നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുവരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം.

സ്വകാര്യ വാഹനങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഓടാം. തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ ഒറ്റ നമ്പറിലുള്ള വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ ഇരട്ട നമ്പറിലുള്ള വാഹനങ്ങളും ഞായറാഴ്ച ഗുഡ്‌സ് വാഹനങ്ങളെയും നിരത്തിലിറങ്ങാന്‍ അനുവദിക്കും. ബൈക്കില്‍ ഒരാള്‍ക്കും കാറില്‍ രണ്ട് പേര്‍ക്കും മാത്രമാണ് സഞ്ചരിക്കാന്‍ അനുമതിയുള്ളു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com