ഡാറ്റ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല; സ്പ്രിന്‍ക്ലര്‍ കരാറുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി

സ്പ്രിന്‍ക്ലര്‍ ഇടപാടില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളും ആക്ഷേപങ്ങളും നിരാകരിക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് മുഖ്യമന്ത്രി
ഡാറ്റ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല; സ്പ്രിന്‍ക്ലര്‍ കരാറുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:  സ്പ്രിന്‍ക്ലര്‍ ഇടപാടില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളും ആക്ഷേപങ്ങളും നിരാകരിക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ വിധിയുടെ പകര്‍പ്പ് കിട്ടിയിട്ടില്ല. വന്നിടത്തോളം വാര്‍ത്തകള്‍ നോക്കുമ്പോള്‍ ഹര്‍ജിയില്‍ പ്രതിപക്ഷത്തിന്റെ ആവശ്യം കരാര്‍ റദ്ദാക്കണമെന്നായിരുന്നു. അതല്ലെങ്കില്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു. ഇത് രണ്ടും കോടതി സ്വീകരിച്ചിട്ടില്ല. മാത്രമല്ല ഇപ്പോഴുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് കോടതി സര്‍ക്കാരിനോട് പറഞ്ഞത്. സര്‍ക്കാര്‍ ആ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഡാറ്റ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതില്‍ ഒരാശയക്കുഴപ്പവുമില്ല. ആ കാര്യം സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിട്ടുണ്ട്. ഡാറ്റാ സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഏറ്റവും മുന്തിയ പരിഗണന നല്‍കും. അതില്‍ വിട്ടുവീഴ്ചയുണ്ടാവില്ല. മറ്റ് കാര്യങ്ങള്‍ കോടതിയുടെ അന്തിമതീര്‍പ്പ്് വരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതെന്ന് തെളിഞ്ഞുവെന്ന് ഇടക്കാല ഉത്തരവിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡാറ്റ സുരക്ഷ, വ്യക്തിയുടെ അനുമതി എന്നീ ആശങ്കകള്‍ കോടതി അംഗീകരിച്ചു. ഇടക്കാല ഉത്തരവിലൂടെ പ്രതിപക്ഷം ഉന്നയിച്ച 99 ശതമാനം കാര്യങ്ങള്‍ക്കും പരിഹാരമായി. സര്‍ക്കാരിന് അന്തസ്സുണ്ടെങ്കില്‍ കരാര്‍ റദ്ദാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വ്യക്തികളുടെ സ്വകാര്യത സുരക്ഷിതമാക്കിയതിനു ശേഷമേ വിശകലനത്തിനായി സ്പ്രിന്‍ക്ലറിനു ഡാറ്റ കൈമാറാവൂ എന്ന് ഹൈക്കോടതി പറഞ്ഞത്. പേരും മറ്റു വ്യക്തിവിവരങ്ങളും മറയ്ക്കുന്നതിനുള്ള അനോണിമൈസേഷന്‍ നടത്തിയ ഡാറ്റ മാത്രമേ സ്പ്രിന്‍ക്ലര്‍ സ്വീകരിക്കാവൂ എന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

ലഭിക്കുന്ന വിവരങ്ങള്‍ പുറത്തുപോവില്ലെന്ന് സ്പ്രിന്‍ക്ലര്‍ ഉറപ്പാക്കണം. വാണിജ്യാവശ്യത്തിനായി ലോകത്തെവിടെയും ഈ ഡാറ്റ ഉപയോഗിക്കുന്നതില്‍നിന്ന് ഇന്‍ഷക്ഷന്‍ ഉത്തരവിലൂടെ സ്പ്രിന്‍ക്ലറിനെ കോടതി തടഞ്ഞു. സ്പ്രിന്‍ക്ലറിന്റെ പരസ്യങ്ങളില്‍ കേരള സര്‍ക്കാരിന്റെ പേരോ ലോഗോയോ ഉപയോഗിക്കരുതെന്നും ഉത്തരവുണ്ട്.

ശേഖരിക്കുന്ന ഡാറ്റ സ്പ്രിന്‍ക്ലറിനു കൈമാറുമെന്ന് സര്‍ക്കാര്‍ ജനങ്ങളെ അറിയിക്കണം. ഡാറ്റ ശേഖരിക്കും മുമ്പ് ജനങ്ങളുടെ സമ്മതം വാങ്ങണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഡാറ്റ അനാലിസിസിനായി സംസ്ഥാന സര്‍ക്കാര്‍ എങ്ങനെയാണ് സ്പ്രിന്‍ക്ലറിനെ കണ്ടെത്തിയത് എന്ന കാര്യത്തില്‍ വ്യക്തതക്കുറവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്പ്രിന്‍ക്ലറിന്റെ വിശ്വാസ്യത എന്തെന്ന് സംസ്ഥാന സര്‍ക്കാര്‍ പോലും വിശദീകരിക്കുന്നില്ല. സ്വാഭാവികമായും കോടതി ഇക്കാര്യത്തില്‍ ഇടപെടേണ്ടതാണ്. എന്നാല്‍ കോവിഡിനെതിരായ പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ കോടതി ഇതില്‍ ഇടപെടുന്നില്ല. സ്പ്രിന്‍ക്ലറെക്കൂടാതെ കോവിഡ് പ്രതിരോധം മുന്നോട്ടുപോവില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. കോവിഡ് പോരാട്ടത്തില്‍ കോടതി ഇടപെടുന്നു എന്ന വ്യാഖ്യാനത്തിന് ഇടകൊടുക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കേസ് മൂന്നാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com