'യുഡിഎഫ് -ബിജെപി നിലപാടുകള്‍ കേരള താല്‍പ്പര്യം സംരക്ഷിക്കുന്നതല്ല' ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കാനം രാജേന്ദ്രന്‍ 

ലേഖനത്തില്‍ പ്രതിപക്ഷത്തിനെയും ബിജെപിയെയും ശക്തമായി വിമര്‍ശിക്കുന്നു. എന്നാല്‍ സ്പ്രിം​ഗ്ളർ കരാര്‍ ലേഖനത്തില്‍ പ്രതിപാദിച്ചിട്ടില്ല
'യുഡിഎഫ് -ബിജെപി നിലപാടുകള്‍ കേരള താല്‍പ്പര്യം സംരക്ഷിക്കുന്നതല്ല' ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കാനം രാജേന്ദ്രന്‍ 

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് സിപിഐ. പാര്‍ട്ടി മുഖപത്രം ജനയുഗത്തിലെ ലേഖനത്തിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സര്‍ക്കാരിനെ ന്യായീകരിച്ച് രംഗത്തുവന്നത്. ലേഖനത്തില്‍ പ്രതിപക്ഷത്തിനെയും ബിജെപിയെയും ശക്തമായി വിമര്‍ശിക്കുന്നു. എന്നാല്‍ സ്പ്രിം​ഗ്ളർ കരാര്‍ ലേഖനത്തില്‍ പ്രതിപാദിച്ചിട്ടില്ല.

ഇന്ത്യയില്‍ ആദ്യം കൊറോണ സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. തൃശൂരിലും ആലപ്പുഴയിലും ആദ്യ കോവിഡ് ബാധിതരുണ്ടായപ്പോള്‍ തന്നെ ഫലപ്രദമായി ഇടപെടാന്‍ കേരളത്തിലെ ഇടതുസര്‍ക്കാരിനായത് ശ്രദ്ധേയമായിരുന്നു. ഈ മഹാമാരിയെ ലാഘവത്തോടെയാണ് അമേരിക്കയടക്കമുള്ള വമ്പന്‍ സാമ്പത്തികശക്തിരാഷ്ട്രങ്ങള്‍ കണ്ടത്. അതേ പാതയിലായിരുന്നു ആദ്യം ഇന്ത്യാഗവണ്‍മെന്റും. എന്നാല്‍ കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരും സര്‍ക്കാര്‍ സംവിധാനമൊന്നാകെയും ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങി.

ഇന്ത്യയില്‍ മരണനിരക്ക് 2.8 ശതമാനമാകുമ്പോള്‍ കേരളത്തില്‍ മരണ നിരക്ക് 0. 58 ശതമാനം മാത്രമാണ്. വമ്പന്‍ രാജ്യങ്ങള്‍ക്കു സാധിക്കാന്‍ കഴിയാത്തത് നമുക്കായതിന്റെ പിന്നില്‍ കേരളം പതിറ്റാണ്ടുകളായി ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടിന്റെ കരുത്തും സംസ്ഥാനം ഭരിക്കുന്ന ഇടതുസര്‍ക്കാരിന്റെ ഇച്ഛാശക്തിയുമുണ്ട്.

20,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ മുന്നിലുണ്ടെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളജനത ഇരുകൈകളും നീട്ടിയാണത് സ്വീകരിച്ചത്. സാമൂഹ്യക്ഷേമപെന്‍ഷനുകള്‍, സൗജന്യ റേഷന്‍, സമൂഹ അടുക്കള തുടങ്ങി എണ്ണിയെണ്ണിപ്പറയാന്‍ കഴിയുന്ന നൂറുകണക്കിന് നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ പാടില്ലെന്ന വാദഗതിയുമായി ഒരു പ്രതിപക്ഷ എംഎല്‍എ രംഗത്തെത്തിയപ്പോള്‍ അതിനെ തിരുത്താന്‍ തയ്യാറാവാതെ അയാള്‍ക്ക് പിന്തുണയും പിന്‍ബലവും നല്‍കുകയായിരുന്നു പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ ചെയ്തത്.

ദുരിതവും ദുരന്തവും ചുറ്റിലും നിറയുമ്പോള്‍ വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും സാന്ത്വനവും ശക്തിയും പകര്‍ന്നു നല്‍കുന്ന ഭരണകൂടത്തെയാണ് ജനങ്ങള്‍ക്കു വേണ്ടത്. അത്തരമൊരു പ്രവര്‍ത്തനം കേരളസര്‍ക്കാര്‍ കാഴ്ചവെക്കുമ്പോള്‍ യുഡിഎഫിനും ബിജെപിക്കും ഉറക്കം നഷ്ടപ്പെടുക സ്വാഭാവികം മാത്രമാണ്. ആരു മരിച്ചാലും സര്‍ക്കാരിന്റെ കണ്ണീരുകണ്ടാല്‍ മതിയെന്ന ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിനും ബിജെപിക്കുമുള്ളത്. ഈ മഹാമാരിക്കാലത്തെങ്കിലും ഇത്തരം അസംബന്ധ നാടകങ്ങള്‍ നടത്തി അപഹാസ്യരാകാതിരിക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കാനേ നമുക്ക് കഴിയൂ. ഒരിക്കലും നന്മ ലഭിക്കാത്ത നസ്രേത്താണ് തങ്ങളെന്ന് യുഡിഎഫും ബിജെപിയും വീണ്ടും തെളിയിക്കുകയാണ്. അവരുടെ നിലപാടുകള്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉതകുന്നതേയല്ല. കാനം ലേഖനത്തില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com