വ്യക്തിവിവരങ്ങള്‍ കൈമാറുന്നത് മുന്‍കരുതല്‍ എടുത്ത ശേഷം; സുരക്ഷാ പ്രശ്‌നമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അനോണിമൈസേഷന്‍, മാസ്‌കിങ് തുടങ്ങിയ ഡീ ഐഡന്റിഫിക്കേഷന്‍ രീതികള്‍ അവലംബിച്ചു മാത്രമേ മൂന്നാം കക്ഷിക്കു ഡാറ്റ കൈമാറാനാവൂ എന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍
വ്യക്തിവിവരങ്ങള്‍ കൈമാറുന്നത് മുന്‍കരുതല്‍ എടുത്ത ശേഷം; സുരക്ഷാ പ്രശ്‌നമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ആവശ്യമായി സുരക്ഷാ മുന്‍കരുതല്‍ എടുത്താണ് ഡാറ്റാ അനാലിസിനായി സ്പ്രിന്‍ക്ലറിന് വിവരങ്ങള്‍ കൈമാറുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഡി ഐഡന്റിഫിക്കേഷന്‍, മാസ്‌കിങ് തുടങ്ങിയ സുരക്ഷാ രീതികള്‍ പിന്‍തുടര്‍ന്നുകൊണ്ടാണ് വിവരങ്ങള്‍ കൈമാറുന്നതെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ എന്‍എസ് നപ്പിനൈ കോടതിയെ അറിയിച്ചു.

അനോണിമൈസേഷന്‍, മാസ്‌കിങ് തുടങ്ങിയ ഡീ ഐഡന്റിഫിക്കേഷന്‍ രീതികള്‍ അവലംബിച്ചു മാത്രമേ മൂന്നാം കക്ഷിക്കു ഡാറ്റ കൈമാറാനാവൂ എന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് സംസ്ഥാനം ഇക്കാര്യം വിശദീകരിച്ചത്. സ്പ്രിന്‍ക്ലറിന് വ്യക്തികളുടെ പേരുകളോ വിലാസമോ ഇതുവരെ നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

സ്പ്രിന്‍ക്ലര്‍ നല്‍കുന്ന ഏതു സേവനവും നല്‍കാന്‍ എന്‍ഐസി സജ്ജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യം പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

നേരത്തെ കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു മുന്നില്‍ കോടതി ഏതാനും ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. നിയമവകുപ്പ് കാണാതെ ഐ.ടി സെക്രട്ടറി എന്തിന് സ്വന്തം നിലയില്‍ തീരുമാനമെടുത്തു, ന്യൂയോര്‍ക്ക് കോടതിയെ എന്തിന് വ്യവഹാരത്തിന് വെച്ചു, സ്വകാര്യതയും വിവര സുരക്ഷയും പ്രധാനമല്ലേ, സ്പ്രിംക്ലറിന്റെ വിശ്വാസ്യതയെക്കുറിച്ച് സര്‍ക്കാര്‍ എന്തുകൊണ്ട് പറയുന്നില്ല തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ഉയര്‍ത്തിയത്.

ഡാറ്റ അനാലിസിന് സര്‍ക്കാര്‍ എങ്ങനെയാണ് സ്പ്രിന്‍ക്ലറിലേക്ക് എത്തിയതെന്ന് കോടതി ആരാഞ്ഞു. സ്പ്രിന്‍ക്ലര്‍ മാത്രം എന്ന നിലയിലേക്ക്് സര്‍ക്കാര്‍ എന്തു നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് എത്തിയതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

വിവര സംരക്ഷണം മൗലികാവകാശമാണെന്നും അത് ലംഘിക്കുന്ന കരാര്‍ റദ്ദാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. ഡേറ്റാ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല അതിനാല്‍ അരക്ഷിതാവസ്ഥ തുടരുകയാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com