സര്‍ക്കാരിന് മാന്യതയുണ്ടെങ്കില്‍ സ്പ്രിന്‍ക്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് രമേശ് ചെന്നിത്തല

പ്രതിപക്ഷം ഉന്നയിച്ച എല്ലാ കാര്യങ്ങളും അതീവഗൗരവ സ്വഭാവത്തിലുള്ളതാണെന്നാണ് കോടതി ഉത്തരവിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്
സര്‍ക്കാരിന് മാന്യതയുണ്ടെങ്കില്‍ സ്പ്രിന്‍ക്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ ഡാറ്റ ഇടപാടില്‍ ഹൈക്കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഉന്നയിച്ച എല്ലാ കാര്യങ്ങളും അതീവഗൗരവ സ്വഭാവത്തിലുള്ളതാണെന്നാണ് കോടതി ഉത്തരവിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്. പ്രതിപക്ഷം ഉന്നയിച്ച അഞ്ച് കാര്യങ്ങള്‍ക്ക് കോടതിയില്‍ നിന്ന് തീര്‍പ്പുണ്ടായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡാറ്റയുടെ സുരക്ഷിതത്വം, ഇന്‍ഫോമ്ഡ് കണ്‍സ്‌പെറ്റ്, കേരളസര്‍ക്കാരിന്റെ എംബ്ലവും ചിഹ്നവും ഉപയോഗിച്ച സ്പ്രിന്‍ക്ലര്‍ കമ്പനിയുടെ പ്രചാരണം, വ്യക്തിഗത വിവരങ്ങളുടെ രഹസ്യാത്മകത പൂര്‍ണമായി പാലിക്കണം, അമേരിക്കന്‍ കമ്പനി കളക്റ്റ് ചെയ്ത ഡാറ്റ മറ്റാര്‍ക്കും കൈമാറരുത് എന്നിവയായിരുന്നു അതെന്നും ചെന്നിത്തല പറഞ്ഞു.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലൂടെ ഞങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് പരിഹാരമുണ്ടായിരിക്കുകയാണ്. സര്‍ക്കാരിന് മാന്യതയുണ്ടെങ്കില്‍ സ്പ്രിന്ററുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കണം. കോടതിയുടെ പരാമര്‍ശങ്ങളും വാക്കാല്‍ പറഞ്ഞ കാര്യങ്ങളും കണക്കിലെടുത്താല്‍ സ്പ്രിന്‍ക്ലര്‍ കരാറുമായി മുന്നോട്ടുപോകാനുള്ള അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു. കോവിഡ് 19 എന്ന ദുരന്തത്തെ നേരിടാന്‍ സാധ്യമല്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. കേന്ദ്രം എല്ലാ സഹായം ചെയ്യാമെന്ന് പറഞ്ഞിട്ടും അത് സംസ്ഥാനം കേട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

വ്യക്തികളുടെ സ്വകാര്യത സുരക്ഷിതമാക്കിയതിനു ശേഷമേ വിശകലനത്തിനായി സ്പ്രിന്‍ക്ലറിനു ഡാറ്റ കൈമാറാവൂ എന്ന് ഹൈക്കോടതി പറഞ്ഞത്. പേരും മറ്റു വ്യക്തിവിവരങ്ങളും മറയ്ക്കുന്നതിനുള്ള അനോണിമൈസേഷന്‍ നടത്തിയ ഡാറ്റ മാത്രമേ സ്പ്രിന്‍ക്ലര്‍ സ്വീകരിക്കാവൂ എന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

ലഭിക്കുന്ന വിവരങ്ങള്‍ പുറത്തുപോവില്ലെന്ന് സ്പ്രിന്‍ക്ലര്‍ ഉറപ്പാക്കണം. വാണിജ്യാവശ്യത്തിനായി ലോകത്തെവിടെയും ഈ ഡാറ്റ ഉപയോഗിക്കുന്നതില്‍നിന്ന് ഇന്‍ഷക്ഷന്‍ ഉത്തരവിലൂടെ സ്പ്രിന്‍ക്ലറിനെ കോടതി തടഞ്ഞു. സ്പ്രിന്‍ക്ലറിന്റെ പരസ്യങ്ങളില്‍ കേരള സര്‍ക്കാരിന്റെ പേരോ ലോഗോയോ ഉപയോഗിക്കരുതെന്നും ഉത്തരവുണ്ട്.

ശേഖരിക്കുന്ന ഡാറ്റ സ്പ്രിന്‍ക്ലറിനു കൈമാറുമെന്ന് സര്‍ക്കാര്‍ ജനങ്ങളെ അറിയിക്കണം. ഡാറ്റ ശേഖരിക്കും മുമ്പ് ജനങ്ങളുടെ സമ്മതം വാങ്ങണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഡാറ്റ അനാലിസിസിനായി സംസ്ഥാന സര്‍ക്കാര്‍ എങ്ങനെയാണ് സ്പ്രിന്‍ക്ലറിനെ കണ്ടെത്തിയത് എന്ന കാര്യത്തില്‍ വ്യക്തതക്കുറവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്പ്രിന്‍ക്ലറിന്റെ വിശ്വാസ്യത എന്തെന്ന് സംസ്ഥാന സര്‍ക്കാര്‍ പോലും വിശദീകരിക്കുന്നില്ല. സ്വാഭാവികമായും കോടതി ഇക്കാര്യത്തില്‍ ഇടപെടേണ്ടതാണ്. എന്നാല്‍ കോവിഡിനെതിരായ പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ കോടതി ഇതില്‍ ഇടപെടുന്നില്ല. സ്പ്രിന്‍ക്ലറെക്കൂടാതെ കോവിഡ് പ്രതിരോധം മുന്നോട്ടുപോവില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. കോവിഡ് പോരാട്ടത്തില്‍ കോടതി ഇടപെടുന്നു എന്ന വ്യാഖ്യാനത്തിന് ഇടകൊടുക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കേസ് മൂന്നാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com