എല്ലാ ട്രക്കുകളിലും കര്‍ശന പരിശോധന, ഡ്രൈവര്‍മാര്‍ മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശം 

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ എത്തുന്ന എല്ലാ ട്രക്കുകളിലും പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം
എല്ലാ ട്രക്കുകളിലും കര്‍ശന പരിശോധന, ഡ്രൈവര്‍മാര്‍ മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശം 

കൊച്ചി:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ എത്തുന്ന എല്ലാ ട്രക്കുകളിലും പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം. മന്ത്രി വി എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ്  ട്രക്കുകളുടെ നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

ജില്ലയില്‍ ട്രക്കുകള്‍ കൂടുതലായി എത്തുന്ന വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടൈനര്‍ ടെര്‍മിനല്‍, ഐഒസി എല്‍എച്ച്പിസിഎല്‍, ബിപിസിഎല്‍, മരട്, ആലുവ, എറണാകുളം, മൂവാറ്റുപുഴ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ട്രക്ക് ഡ്രൈവര്‍മാരുടെ താമസം, മറ്റ് അവശ്യ സൗകര്യങ്ങളുടെ ക്രമീകരണം, താമസം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാന്‍ റീജീയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. വിവരങ്ങള്‍ ശേഖരിച്ച ശേഷം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഈ സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തും. 

ഇവരുടെ വിവരങ്ങള്‍ ജില്ലാ അതിര്‍ത്തികളില്‍ ശേഖരിക്കാനാവശ്യമായ നടപടി പൊലീസ് സ്വീകരിച്ചുവരികയാണ്. താമസ സ്ഥലങ്ങളിലും മറ്റും പ്രദേശവാസികളുമായോ ഈ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ആളുകളുമായോ ഇടപെടാതിരിക്കാനുളള നടപടികള്‍ സ്വീകരിക്കും. എല്ലാ ട്രക്ക് ഡ്രൈവര്‍മാരും മാസ്‌ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. തിങ്കളാഴ്ചയോടു കൂടി ക്രമീകരണങ്ങള്‍ നടപ്പാക്കാനാണ് തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com