ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം ; ശുപാര്‍ശയുമായി ഗതാഗത വകുപ്പ്

റോഡ് നികുതിയിലോ ഇന്ധന നികുതിയിലോ ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്
ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം ; ശുപാര്‍ശയുമായി ഗതാഗത വകുപ്പ്

തിരുവനന്തപുരം :  കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് താല്‍ക്കാലികമായി വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ. ഗതാഗതവകുപ്പിന്റേതാണ് ശുപാര്‍ശ. സാമൂഹിക അകലം അടക്കം പാലിച്ച് നിയന്ത്രണങ്ങളോടെ സര്‍വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്താനാണ് ഈ നിര്‍ദേശം. റോഡ് നികുതിയിലോ ഇന്ധന നികുതിയിലോ ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുഗതാഗതം അനുവദിക്കാന്‍ അനുമതി നല്‍കിയിട്ടില്ലാത്തതിനാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്നാണ് ഗതാഗതമന്ത്രി സൂചിപ്പിച്ചത്.

കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ബസിലെ രണ്ടുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ഒരു യാത്രക്കാരന്‍ മാത്രം, മൂന്നുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ രണ്ടുപേര്‍, യാത്രക്കാരെ നിര്‍ത്തി കൊണ്ടുപോകരുത് തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങളോടെ ബസ് ഓടിക്കുന്ന കാര്യമാണ് സര്‍ക്കാര്‍ പരിഗണിച്ചിരുന്നത്. കോവിഡ് തീവ്രമല്ലാത്ത, ഗ്രീന്‍ സോണില്‍ കര്‍ശന നിയന്ത്രണത്തോടെ സ്വകാര്യ ബസ് ഓടിക്കാനായിരുന്നു ആലോചിച്ചത്. എന്നാല്‍ പൊതുഗതാഗതം ആരംഭിക്കരുത് എന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഈ ആലോചനയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയായിരുന്നു.

അതിനിടെ ശക്തമായ നിയന്ത്രണങ്ങള്‍ പാലിച്ച് ബസുകള്‍ ഓടിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി സ്വകാര്യ ബസ് ഉടമകള്‍ രംഗത്തെത്തി. ഒരു വര്‍ഷത്തേയ്ക്ക് ബസുകള്‍ ഓടിക്കാന്‍ സാധിക്കില്ലെന്ന് കാട്ടി ബസ് ഉടമകള്‍ കൂട്ടത്തോടെ സര്‍ക്കാരിന് അപേക്ഷ നല്‍കി. സംസ്ഥാനത്ത് ഓടുന്ന 12,600 ബസുകളില്‍ 12000 എണ്ണവും സ്‌റ്റോപ്പേജിന് അപേക്ഷ നല്‍കി. ഒരു സീറ്റില്‍ ഒരാള്‍ എന്ന നിര്‍ദേശം കനത്ത നഷ്ടം വരുത്തി വെയ്ക്കുമെന്ന് ബസ് ഉടമകള്‍ പറയുന്നു. ബസ് ഉടമകളുടെ ആവശ്യം ഗൗരവമുളളതാണെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com