മരിച്ചെന്ന് ഉറപ്പായിട്ടും അഖിലിന്റെ കഴുത്തറക്കാന്‍ ശ്രമിച്ചു, സഹപാഠിയെ പ്രതികള്‍ കൊന്നുകുഴിച്ചുമൂടിയത് മൃഗീയമായിട്ടെന്ന് പൊലീസ്

കൊടും കുറ്റവാളികളുടെ മാനസികാവസ്ഥയാണ് പ്രതികളുടെതെന്ന് വ്യക്തമാക്കുന്നതാണ് കൊലപാതക രീതിയെന്ന് എസ് പി പറഞ്ഞു
മരിച്ചെന്ന് ഉറപ്പായിട്ടും അഖിലിന്റെ കഴുത്തറക്കാന്‍ ശ്രമിച്ചു, സഹപാഠിയെ പ്രതികള്‍ കൊന്നുകുഴിച്ചുമൂടിയത് മൃഗീയമായിട്ടെന്ന് പൊലീസ്

പത്തനംതിട്ട : പത്തനംതിട്ടയിലെ കൊടുമണില്‍ സഹപാഠിയെ പ്രതികള്‍  കൊന്നുകുഴിച്ചുമൂടിയത് മൃഗീയമായിട്ടാണെന്ന് പൊലീസ്. മരിച്ചെന്ന് ഉറപ്പായിട്ടും അഖിലിന്റെ കഴുത്തറക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.  പ്രായപൂര്‍ത്തി ആകാത്തവരെങ്കിലും ക്രൂരമായാണ് പ്രതികള്‍ അഖിലിനെ കൊന്നത്. കൊലനടത്താന്‍ ഇവര്‍ ഉപയോഗിച്ച രീതി ഭീകരമാണെന്നും പത്തനംതിട്ട എസ് പി കെ ജി സൈമണ്‍ പറഞ്ഞു.

കൊടും കുറ്റവാളികളുടെ മാനസികാവസ്ഥയാണ് പ്രതികളുടെതെന്ന് വ്യക്തമാക്കുന്നതാണ് കൊലപാതക രീതിയെന്ന് എസ് പി പറഞ്ഞു. പതികളിലൊരാളുടെ റോളര്‍ സ്‌കേറ്റിങ് ഷൂ കൊല്ലപ്പെട്ട കുട്ടി കൊണ്ടുപോയി കേടുവരുത്തി എന്നതാണ് കൊലപാതകത്തിനുള്ള പ്രകോപനമെന്നാണ് പൊലീസിന്റെ നിഗമനം. ഏപ്രില്‍ 21നാണ് സഹപാഠികളായ രണ്ടുപേര്‍ചേര്‍ന്ന് കൊടുമണ്‍ അങ്ങാടിക്കല്‍ സ്വദേശിയായ അഖിലിനെ വെട്ടിക്കൊലപ്പെടുത്തിയത്.

മുന്‍പ് പ്രതികള്‍ക്കെതിരെ പരാതികളും പൊലീസ് കേസുകളും ഉണ്ടായപ്പോള്‍ ചില പ്രമുഖര്‍ ഇടപെട്ടാണ് ഒതുക്കി തീര്‍ത്തത്.  ഒന്നിലേറെ തവണ ഇവര്‍ക്കെതിരെ കേസ് ഉണ്ടായിട്ടുണ്ട്. പ്രതികള്‍ക്ക് കഞ്ചാവ് ലോബിയുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇടത്തിട്ട പ്രദേശത്ത് കുട്ടികള്‍ നടത്തിയ മോഷണം ഉള്‍പ്പെടെ അന്വേഷണ വിധേയമാക്കുന്നുണ്ട്.

സ്‌കൂട്ടര്‍, സൈക്കിള്‍, ടെലിവിഷന്‍ എന്നിവയാണു മോഷണം പോയിരുന്നത്. അന്വേഷണം നടത്തിയപ്പോള്‍ കുട്ടികളാണ് മോഷണം നടത്തിയതെന്ന് മനസ്സിലായി. കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അന്നത് കാര്യമായി എടുത്തിരുന്നില്ല, സാധാരണ കേസായി ഒതുങ്ങി. പിന്നീട് അങ്ങാടിക്കല്‍ പ്രദേശത്തു നടന്ന മോഷണകേസിലും ഇവര്‍ക്കു ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഡിഎജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പരിസരവാസികളില്‍ നിന്നും മൊഴിയെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com