യുഎസിലാണ് താമസമെന്ന് പറഞ്ഞ് അടുത്തുകൂടി, കനേഡിയൻ സ്വദേശിയെ മുംബൈയിലേക്ക് വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; മലയാളി അറസ്റ്റിൽ

കാനഡയില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റായ യുവതിയെ ഒരു ഡേറ്റിങ്  വെബ്‌സൈറ്റിലൂടെയാണ് മലയാളി യുവാവ് പരിചയപ്പെടുന്നത്
യുഎസിലാണ് താമസമെന്ന് പറഞ്ഞ് അടുത്തുകൂടി, കനേഡിയൻ സ്വദേശിയെ മുംബൈയിലേക്ക് വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; മലയാളി അറസ്റ്റിൽ

മുംബൈ; മുംബൈയിൽ മലയാളി യുവാവ് കാനഡ സ്വദേശിനിയെ ഹോട്ടലിൽ പൂട്ടിയിട്ടു. പ്രണയം നടിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവന്ന് ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് ഇവരിൽ നിന്ന് പണം തട്ടിയെടുക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. വിവരം പുറത്തറിഞ്ഞതിനെ തുടർന്ന് മുംബൈ പൊവായിയിലെ ഒരു ഹോട്ടലില്‍നിന്നാണ് 28 വയസ്സുകാരിയെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ എസ്. വര്‍ഗീസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. 

കാനഡയില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റായ യുവതിയെ ഒരു ഡേറ്റിങ് വെബ്‌സൈറ്റിലൂടെയാണ് മലയാളി യുവാവ് പരിചയപ്പെടുന്നത്. യുഎസിലെ കാലിഫോര്‍ണിയയിലാണ് താമസമെന്നാണ് അന്ന്  ഇയാൾ യുവതിയോട് പറഞ്ഞിരുന്നത്. 2019 ല്‍ ഇരുവരും ഹോങ്കോങ്ങില്‍വെച്ച് നേരിട്ട് കാണുകയും ചെയ്തു. യുഎസിലെ വീട്ടില്‍ തീപ്പിടിത്തമുണ്ടായെന്നും പണവും മറ്റ് ബാങ്ക് കാര്‍ഡുകളും നശിച്ചുപോയെന്നും പറഞ്ഞ് മലയാളി യുവാവ് കനേഡിയന്‍ യുവതിയില്‍നിന്ന് വന്‍ തുക കൈക്കലാക്കി. തുടർന്ന് ഇവർ വിവിധ സ്ഥലങ്ങളിൽ കറങ്ങിനടന്ന ശേഷമാണ് ഇന്ത്യയിലേക്ക് എത്തുന്നത്. വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റിലായിരുന്നു താമസം. യുവതി നാട്ടിലേക്ക് തിരികെ പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും വര്‍ഗീസ് അനുവദിച്ചില്ല. മാത്രമല്ല മര്‍ദിക്കുകയും ചെയ്തു. പിന്നീട് ഇയാളുടെ കണ്ണുവെട്ടിച്ച് യുവതി കാനഡയിലേക്ക് പോയി. 

അതിനിടെ മറ്റുചില സ്ത്രീകളുമായും വര്‍ഗീസിന് അടുപ്പമുണ്ടെന്ന് യുവതി മനസിലാക്കി. തുടര്‍ന്ന് വര്‍ഗീസുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിക്കാനും പണം തിരികെവാങ്ങാനുമായിരുന്നു യുവതിയുടെ തീരുമാനം. എന്നാല്‍ സംഭവിച്ചതിനെല്ലാം മാപ്പ് പറഞ്ഞ യുവാവ് ഇനിയൊരിക്കലും വേദനിപ്പിക്കില്ലെന്നും ഇന്ത്യയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ചാണ് ജനുവരി 27 ന് അവർ വീണ്ടും മുംബൈയിലെത്തി. 

എന്നാൽ യുവതിയെ നിരന്തരം മര്‍ദിക്കുകയും കൈവശമുള്ള പണം ബലമായി പിടിച്ചുവാങ്ങുകയും ചെയ്തു. യുവതിയെക്കൊണ്ട് കൂട്ടുകാരില്‍നിന്നും പണം വാങ്ങിപ്പിച്ചു. ആഭരണങ്ങളും മൊബൈല്‍ ഫോണും കൈക്കലാക്കി. മുംബൈയിലെ ഹോട്ടലില്‍ കഴിയുന്നതിനിടെയാണ് യുവതിക്ക് മൊബൈല്‍ ഫോണ്‍ കൈയില്‍കിട്ടിയത്. തുടര്‍ന്ന് കാനഡയിലുള്ള ഒരു സുഹൃത്തിനെ വിളിച്ചുപറയുകയും ഇവര്‍ യുവതിയുടെ മാതാവിനെ അറിയിക്കുകയും ചെയ്തു. ഇവരാണ് മുംബൈ പോലീസിന് പരാതി നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com