സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി
സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

കോട്ടയം: സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ഏറ്റുമാനൂരിലെ തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം.  പേരൂര്‍ തച്ചനാട്ടേല്‍ അഡ്വ. ടിഎന്‍ രാജേഷിന്റെ ഭാര്യ അരീപ്പറമ്പ് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ അധ്യാപിക ജിഎസ് ലക്ഷ്മി (41) യാണ് മരിച്ചത്. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെയായിരുന്നു മരണം. ചികിത്സാ പിഴവ് കാരണമാണ് മരണം സംഭവിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 

വ്യാഴാഴ്ചയാണ് ലക്ഷ്മിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച നാലര മണിയോടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. സാധാരണ പ്രസവം ആയിരുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചു. 

എന്നാല്‍ അഞ്ചരയോടെ ലക്ഷ്മിയ്ക്ക് രക്തസ്രാവം ഉണ്ടായി. രക്തം ആവശ്യമുണ്ടെന്നും ആശുപത്രിയില്‍ നിന്ന് തന്നെ രക്തം തത്കാലം നല്‍കാമെന്നും അധികൃതര്‍ പറഞ്ഞതായി ലക്ഷ്മിയുടെ ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. ഏഴ് മണിയോടെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും ഇതിനിടെ രണ്ട് തവണ ഹൃദയസ്തംഭനം ഉണ്ടായെന്നും അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. രക്തസ്രാവം നിലയ്ക്കാത്തതിനാല്‍ ഗര്‍ഭപാത്രം നീക്കിയെന്ന് ഏഴരയോടെ ഡോക്ടര്‍ അറിയിച്ചുവെന്നും ബന്ധുക്കള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

പിന്നീട് ലക്ഷ്മി മരിച്ചതായി ആശുപത്രി അധികൃതര്‍ ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എസ്എംവി ഗ്ലോബല്‍ സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി മകളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com