'ദ മോഡല്‍ സ്‌റ്റേറ്റ്' ; കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് റഷ്യന്‍ ചാനല്‍

വുഹാനില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുതല്‍ സര്‍ക്കാര്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് തുടങ്ങി
'ദ മോഡല്‍ സ്‌റ്റേറ്റ്' ; കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് റഷ്യന്‍ ചാനല്‍

കൊച്ചി : കോവിഡിനെതിരെ കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് റഷ്യന്‍ ടെലിവിഷന്‍ ചാനല്‍. റഷ്യന്‍ ചാനലായ  ' റഷ്യ ടുഡേ' യാണ് കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് വാര്‍ത്ത നല്‍കിയത്. കൊറോണ വൈറസിനെപ്പറ്റിയുള്ള അവബോധം പൊതുജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ വേഗത എടുത്ത് പറയേണ്ടതാണ്. അതുകൊണ്ടുതന്നെ രോഗം ബാധിച്ചവരും ജീവഹാനി ഉണ്ടായവരും വളരെ കുറവാണ്. ചാനല്‍ വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടി.

കോവിഡ് പ്രതിരോധത്തില്‍ മെച്ചപ്പെട്ട സംവിധാനങ്ങളുള്ളതും പിന്നോക്കം നില്‍ക്കുന്നതുമായ സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ടെന്ന് ചാനല്‍ വിശദീകരിക്കുന്നു. ജനസംഖ്യയുടെ പകുതിയില്‍ അധികം സ്ത്രീകള്‍ ഉള്ള നാടാണ് കേരളം. വുഹാനില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുതല്‍ സര്‍ക്കാരും ആരോഗ്യമന്ത്രി കെ കെ ശൈലജയും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് തുടങ്ങി.

കമ്യൂണിസ്റ്റ് സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെയോ മറ്റ് സംസ്ഥാനങ്ങളുടെയോ രീതിയല്ല കേരളം സ്വീകരിക്കുന്നത്. ഒരാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത് എന്ന് സര്‍ക്കാര്‍ നിര്‍ബന്ധം പുലര്‍ത്തി. ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശസ്ഥാപനങ്ങളും കമ്യൂണിറ്റി കിച്ചനുകള്‍ ആരംഭിച്ചു.ലോകത്തൊരിടത്തും ഇത്തരമൊരു ചിന്ത ഒരു ഭരണകൂടത്തിനും തോന്നിയിട്ടില്ല എന്നത് എടുത്ത് പറയേണ്ടതാണ്  ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ട്രൈകോണ്ടിനെന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടറായ വിജയ് പ്രസാദുമായുള്ള ഇന്റര്‍വ്യൂവിലാണ് കേരളത്തെ പ്രശംസിച്ച് പരാമര്‍ശങ്ങളുള്ളത്. ഈ ചാനല്‍ വാര്‍ത്ത സിപിഎം നേതാവ് പി രാജീവ് ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com