കേരളത്തിലേക്കുളള വരവ് നാല് ചെക്‌പോസ്റ്റുകള്‍ വഴി മാത്രം, പ്രവേശനം രാവിലെ എട്ടിനും 11 നും ഇടയില്‍, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍; മാര്‍ഗനിര്‍ദേശം ഇങ്ങനെ

അതിര്‍ത്തി കടന്ന് സംസ്ഥാനത്തേയ്ക്ക് വരുന്ന യാത്രക്കാര്‍ക്കായി ഗതാഗത വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

തിരുവനന്തപുരം:  കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് ഗതാഗതവകുപ്പിന്റെ മാര്‍ഗനിര്‍ദേശം. അതിര്‍ത്തി കടന്ന് സംസ്ഥാനത്തേയ്ക്ക് വരുന്ന യാത്രക്കാര്‍ക്കായി ഗതാഗത വകുപ്പാണ് ഒന്‍പതിന മാര്‍ഗനിര്‍ദേശങ്ങള്‍ ശുപാര്‍ശ ചെയ്തത്. ലോക്ക്ഡൗണിന് ശേഷമുളള യാത്രകളെ ലക്ഷ്യമാക്കിയാണ് നിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്.

ഇതര സംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ക്ക് സംസ്ഥാനത്തെ പ്രധാന നാല് ചെക്‌പോസ്റ്റുകള്‍ വഴി മാത്രമേ അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കൂവെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. മഞ്ചേശ്വരം, വാളയാര്‍, മുത്തങ്ങ, അമരവിള, ചെക്‌പോസ്റ്റുകള്‍ വഴി മാത്രമേ ഇതര സംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികളെ കേരളത്തിലേക്ക് കടത്തിവിടുകയുളളൂ. പ്രവേശനം രാവിലെ എട്ടിനും 11 നും ഇടയില്‍ മാത്രമായി നിജപ്പെടുത്തും. സ്വന്തം വാഹനത്തില്‍ വരുന്നവരെ മാത്രമേ ചെക്‌പോസ്റ്റ് വഴി പോകാന്‍ അനുവദിക്കൂ. സംസ്ഥാനത്തേയ്ക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഒരു ദിവസം നിശ്ചിത ആളുകളെ മാത്രമേ ചെക്‌പോസ്റ്റുകള്‍ വഴി യാത്ര ചെയ്യാന്‍ അനുവദിക്കൂ. ഇവരുടെ കൈവശം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അല്ലാത്തപക്ഷം ചെക്‌പോസ്റ്റുകള്‍ വഴി കേരളത്തിലേക്ക് കടത്തിവിടുകയില്ല. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചാല്‍ മാത്രം അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് തുടങ്ങാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com