കോവിഡ് മുക്തമായി മലപ്പുറം ജില്ല; അവസാനയാളും ആശുപത്രിവിട്ടു

ജില്ലയിലെ കോവിഡ് ചികിത്സയിലുള്ള അവസാനത്തെയാളുടെ പരിശോധനാഫലവും നെഗറ്റീവ്
കോവിഡ് മുക്തമായി മലപ്പുറം ജില്ല; അവസാനയാളും ആശുപത്രിവിട്ടു


മലപ്പുറം: കോവിഡ് 19 മഹാവ്യാധിയെ പ്രതിരോധിച്ച് മലപ്പുറം ജില്ല. ജില്ലയിലെ കോവിഡ് ചികിത്സയിലുള്ള അവസാനത്തെയാളുടെ പരിശോധനാഫലവും നെഗറ്റീവ്. ആദ്യരണ്ട് പരിശോധനാഫലങ്ങളാണ് നെഗറ്റീവായത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

ഇന്ന് രാവിലെ അഞ്ച് പേര്‍ കൂടി രോഗവിമുക്തരായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിന്ന് വീടുകളിലേയ്ക്കു മടങ്ങി. അഞ്ച് പേര്‍ ഒരുമിച്ച് പുതു ജീവിതത്തിലേയ്ക്ക് മടങ്ങിയത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കോവിഡിനെതിരെ പോരാടുന്ന മുഴുവന്‍ പേര്‍ക്കും അഭിമാന മുഹൂര്‍ത്തമായി.

വേങ്ങര കൂരിയാട് സ്വദേശി മടപ്പള്ളി അബ്ബാസ് (63), തിരൂര്‍ തെക്കന്‍ പുല്ലൂര്‍ സ്വദേശി ചീനിക്കല്‍ ഷറഫുദ്ദീന്‍ (39), നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി പള്ളിക്കല്‍ സനീം അഹമ്മദ് (30), വേങ്ങര കണ്ണമംഗലം സ്വദേശി കല്ലുപറമ്പന്‍ സുലൈഖ (45), മമ്പുറം വെട്ടം ബസാര്‍ സ്വദേശി നെരിക്കൂല്‍ സാജിദ (42) എന്നിവരാണ് വിദഗ്ധ ചികിത്സയ്ക്കും നിരന്തര പരിശോധനകള്‍ക്കും ശേഷം രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്.

രാവിലെ 10.30 ന് ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്‌റ്റെപ് ഡൗണ്‍ ഐസിയുവില്‍ നിന്ന് അഞ്ച് പേരും പുറത്തിറങ്ങി. കൈവിട്ടു പോകുമെന്നു കരുതിയ ജീവിതം തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലായിരുന്നു ഇവര്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാറും ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും തങ്ങള്‍ക്ക് ലഭ്യമാക്കിയ മികച്ച ചികിത്സക്കും പരിചരണത്തിനും അഞ്ച് പേരും നന്ദി പറഞ്ഞു.

നാല് മാസം പ്രായമുള്ള കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്. രോഗം ഭേദമായ ശേഷം തുടര്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ സ്വദേശിയും മരണത്തിന് കീഴടങ്ങിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com