ലോക്ക്ഡൗണ്‍ മെയ് 15 വരെനീട്ടണം;  അതുവരെ അന്തര്‍ ജില്ല, സംസ്ഥാനയാത്രകള്‍ക്ക് വിലക്ക്

അന്തര്‍ജില്ലാ, അന്തര്‍സംസ്ഥാന യാത്രകള്‍ മെയ് 15 വരെ നിയന്ത്രിക്കുകയും വേണമെന്നും മുഖ്യമന്ത്രി
ലോക്ക്ഡൗണ്‍ മെയ് 15 വരെനീട്ടണം;  അതുവരെ അന്തര്‍ ജില്ല, സംസ്ഥാനയാത്രകള്‍ക്ക് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭാഗികമായ ലോക്ക്ഡൗണ്‍ മെയ് 15വരെ തുടരണമെന്നതാണ് കേരളത്തിന്റെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഗവണ്‍മെന്റിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് ചില ഇളവുകള്‍ ലോക്ക്ഡൗണില്‍ വരുത്തിയിരുന്നു. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍  ശ്രദ്ധാപുര്‍വമായി സമീപനം വേണം എന്നാണ് സംസ്ഥാനത്തിന്റെ അഭിപ്രായം. സംസ്ഥാനങ്ങളുടെ സവിശേഷതകൂടി പരിഗണിക്കുന്ന ദേശീയ നയമാണ് ആവശ്യമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അന്നത്തെ സാഹചര്യം പരിശോധിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളാവുന്നതാണ്. തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ കോവിഡ് 19 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളില്‍ ആള്‍ക്കൂട്ടങ്ങള്‍, പൊതുഗതാഗതം എന്നിവ നിയന്ത്രിച്ചുകൊണ്ടും നിലനിര്‍ത്തിക്കൊണ്ടും ശാരീരിക അകലം പാലിച്ചും ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് പരിഗണിക്കാമെന്ന് കേരളം അറിയിച്ചിട്ടുണ്ട. അന്തര്‍ജില്ലാ, അന്തര്‍സംസ്ഥാന യാത്രകള്‍ മെയ് 15 വരെ നിയന്ത്രിക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

ഇന്ന് മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫ്രന്‍സില്‍ സംസാരിക്കുക ചെറിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി നേരിട്ട് സംസാരിച്ചിരുന്നു. കേരളം ഉന്നയിക്കാനുദ്ദേശിച്ച കാര്യങ്ങള്‍ നേരത്തെ അറിയിക്കുന്നത് നന്നാവുമെന്ന് അമിത് ഷാ പറഞ്ഞു, ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ കാര്യങ്ങള്‍ നരേന്ദ്രമോദിയെയും അമിത്ഷായെയും അറിയിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. കോട്ടയ്ത്ത് 6, ഇടുക്കി 4, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ 1 വീതം എന്നിങ്ങനെയാണ് പോസിറ്റീവ് ആയവരുടെ എണ്ണം. ഇതില്‍ അഞ്ച് തമിഴ്‌നാട്ടില്‍നിന്നുള്ളവരാണ്. ഒരാള്‍ വിദേശത്തുനിന്നും എത്തി. ഒരാള്‍ക്ക് എങ്ങനെയാണ് രോഗം വന്നതെന്ന് പരിശോധിക്കുന്നു. ബാക്കിയുള്ളവര്‍ക്ക് സമ്പര്‍ക്കം വഴിയാണു രോഗം ബാധിച്ചത്. ഇന്ന് 13 പേര്‍ക്ക് രോഗം മാറി. കണ്ണൂര്‍ 6, കോഴിക്കോട് 4, തിരുവനന്തപുരം, എറണാകുളം, മലപ്പുറം 1 വീതം എന്നിങ്ങനെയാണ് നെഗറ്റീവായതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com